പാലാ: ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ സവിശേഷമായ തിരുവാതിരകളി വഴിപാടിനും മത്സരത്തിനുമുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി കാവിൻപുറം ദേവസ്വം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പങ്കെടുക്കാൻ താത്പര്യമുള്ള ടീമുകൾ നവംബർ 10ന് മുമ്പായി 9388797496, 9447309361 ഫോൺ നമ്പരുകളിൽ പേര് രജിസ്റ്റർ ചെയ്യണം.
കോട്ടയം ജില്ലയിൽ തിരുവാതിരകളി വഴിപാടായി സമർപ്പിക്കുന്ന ഏക ക്ഷേത്രമാണിത്. ഉദ്ദിഷ്ടകാര്യസിദ്ധിക്കായി സ്ത്രീകൾ സമർപ്പിക്കുന്ന തിരുവാതിരകളി വഴിപാടിൽ പങ്കെടുക്കാൻ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നായി ടീമുകൾ എത്തിച്ചേരും.
ജാതിമത ഭേദമന്യെ പാരമ്പര്യരീതിയിൽ തിരുവാതിരകളി അഭ്യസിച്ചിട്ടുള്ള ആർക്കും തിരുവാതിരകളി വഴിപാടിൽ പങ്കെടുക്കാം. മണ്ഡലസമാപന ഉത്സവഭാഗമായി ഡിസംബർ 27 നാണ് തിരുവാതിരകളി വഴിപാട് നടത്തുന്നത്. ഇത്തവണ പകലാണ് വഴിപാട് നടക്കുന്നത്.
കാവിൻപുറം ക്ഷേത്രത്തിൽ ഉമാമഹേശ്വരൻമാരുടെ ഇഷ്ടവഴിപാടാണ് തിരുവാതിരകളി. വഴിപാടായാണ് തിരുവാതിരകളി സമർപ്പിക്കുന്നതെങ്കിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ആദ്യത്തെ മൂന്ന് ടീമുകൾക്ക് യഥാക്രമം 12222, 6666, 4444 എന്നീ ക്രമത്തിൽ ക്യാഷ് പ്രൈസും ട്രോഫിയും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ദേവസ്വം ഭാരവാഹികളായ റ്റി.എൻ.സുകുമാരൻ നായർ, സി.ജി. വിജയകുമാർ, ആർ.ജയചന്ദ്രൻ നായർ വരകപ്പള്ളിൽ, സുരേഷ് ലക്ഷ്മിനിവാസ്, ആർ.സുനിൽകുമാർ എന്നിവർ പറഞ്ഞു. എട്ട് മുതൽ പത്തുവരെ അംഗങ്ങളുള്ള ടീമുകൾക്ക് പങ്കെടുക്കാം.
തിരുവാതിരകളി വഴിപാടിനുള്ള സ്റ്റേജ് ക്രമീകരണങ്ങളൊക്കെ ദേവസ്വം ഏർപ്പാടാക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 ടീമുകൾക്കാണ് വഴിപാടിൽ പങ്കെടുക്കാനുള്ള അനുമതി നൽകുന്നത്.
ഉത്സവത്തോടനുബന്ധിച്ച് താലപ്പൊലി, നാടകം, ബാലെ, നാരായണീയസദസ്, സോപാനസംഗീതം, പ്രസാദമൂട്ട്, താലപ്രസാദ ഉണ്ണിയപ്പ വിതരണം എന്നിവയുമുണ്ട്.