എരുമേലി: എരുമേലി പഞ്ചായത്ത് പരിധിയിൽ മാലിന്യം വലിച്ചെറിഞ്ഞാൽ പിടിവീഴും. വഴിയരികിലും പൊതുസ്ഥലങ്ങളിലും മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചു തുടങ്ങി. ജനവാസം കുറവുള്ള റോഡുകൾ, സ്ഥിരംമാലിന്യം തള്ളുന്ന സ്ഥലങ്ങൾ, വനമേഖല, ശബരിമല റോഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് ക്യാമറകൾ ദൃശ്യങ്ങൾ ഒപ്പിയെടുക്കുക. ഇതിനോടകം വിവിധ റോഡുകളിലായി 12 ക്യാമറകൾ പ്രവർത്തിച്ചുതുടങ്ങിയിട്ടുണ്ട്. ഈ ആഴ്ച തന്നെ മുഴുവൻ ക്യാമറകളും പ്രവർത്തനസജ്ജമാകും. പഞ്ചായത്ത് ഓഫിസിലെ മോനിട്ടറിൽ ദൃശ്യങ്ങളെത്തും. ക്യാമറ പരിശോധിച്ച് പഞ്ചായത്തിനും ആരോഗ്യ വകുപ്പ് അധികൃതർക്കും നടപടിയെടുക്കാം.
വിവിധയിടങ്ങളിൽ സ്ഥാപിക്കുന്നത്: 17 ക്യാമറകൾ
വനപാതയിൽ എന്തുംതള്ളും
വനമേഖല റോഡുകളായ പ്ലാച്ചേരി-മുക്കട റോഡ്, മുക്കട- കനകപ്പലം റോഡ്, കനകപ്പലം-വെച്ചൂച്ചിറ റോഡ്, പ്ലാച്ചേരി-പൊന്തൻപുഴ റോഡ്, പ്രപ്പോസ്-എം.ഇ.എസ് റോഡ്, എം.ഇ.എസ്-കരിങ്കല്ലുമ്മൂഴി റോഡ്, എരുമേലി -പഴയിടം റോഡ്, ശബരിമല റോഡ് എന്നിവിടങ്ങളിൽ ദിവസവും വൻതോതിൽ മാലിന്യം തള്ളുന്നുണ്ട്. ഈ റോഡുകളിൽ എല്ലാം ക്യാമറ നിരീക്ഷണം ശക്തമാക്കും. ക്യാമറ സ്ഥാപിക്കുന്നതോടെ നിയമലംഘനങ്ങൾ കുറയുമെന്നാണ് പഞ്ചായത്ത് അധികൃതരുടെ പ്രതീക്ഷ.
കടവനാൽക്കടവ് പാലത്തിൽ എഐ ക്യാമറ
സ്ഥരിമായി അറവുശാലകളിലെ മാലിന്യം തള്ളുന്ന കടവനാൽക്കടവ് പാലത്തിൽ സി.സി ടി.വി ക്യാമറ കൂടാതെ വാഹനങ്ങളുടെ നമ്പർ കൂടി പകർത്തുന്ന എ.ഐ ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്.
ഇവിടെ ക്യാമറ വരും
പ്രപ്പോസ്-എം.ഇ.എസ് റോഡിൽ 3 സ്ഥലങ്ങളിൽ
ശബരിമല റോഡിലെ മുട്ടപ്പള്ളി അയ്യനോലി
വെച്ചൂച്ചിറ റോഡിൽ കുട്ടിവനം ഭാഗത്ത്
കനകപ്പലം റോഡിൽ പൈൻ വനമേഖലയിൽ