പാലാ: ഹരഹരോ മന്ത്രധ്വനികൾ നിറഞ്ഞുനിന്ന പുണ്യമുഹൂർത്തത്തിൽ ശ്രീനാരായണ ഗുരുദേവ തൃക്കൈകളാൽ പ്രതിഷ്ഠിതമായ ഇടപ്പാടി ആനന്ദഷണ്മുഖ സ്വാമി ക്ഷേത്രത്തിൽ വിശേഷാൽ സ്‌കന്ദഷഷ്ഠി ദർശനപുണ്യം. കോരിച്ചൊരിഞ്ഞ മഴയെ അവഗണിച്ച് ആയിരങ്ങളാണ് ക്ഷേത്രത്തിലെത്തിയത്.
ഷഷ്ഠി ദിനത്തിൽ കാര്യസിദ്ധി പൂജ നടക്കുന്ന ഏക ക്ഷേത്രമാണിത്. മേൽശാന്തി വൈക്കം സനീഷ് ശാന്തി മുഖ്യ കാർമ്മികത്വം വഹിച്ചു. എത്തിച്ചേർന്ന മുഴുവൻ പേർക്കും വെള്ളിനിവേദ്യവും പാൽപായസവും പഞ്ചാമൃതവും വിതരണം ചെയ്തു. പരിപാടികൾക്ക് ക്ഷേത്രം ഭാരവാഹികളായ എം.എൻ. ഷാജി മുകളേൽ, സുരേഷ് ഇട്ടിക്കുന്നേൽ, സതീഷ് മണി, കണ്ണൻ ഇടപ്പാടി എന്നിവർ നേതൃത്വം നൽകി.
കിടങ്ങൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലും ഷഷ്ഠിപൂജയിൽ പങ്കെടുക്കുവാൻ ഭക്തജനത്തിരക്കായിരുന്നു. വ്രതം നോറ്റെത്തിയവർ ദർശനത്തിനുശേഷം ക്ഷേത്രത്തിൽ നിന്നുള്ള നിവേദ്യം സ്വീകരിച്ചാണു മടങ്ങിയത്.
അരീക്കര ശ്രീനാരായണ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ സ്‌കന്ദഷഷ്ഠി വ്രതാനുഷ്ഠാനങ്ങളോടെ നൂറുകണക്കിന് ഭക്തർ വേൽമുരുകനെ തൊഴുതു. ക്ഷേത്രം മേൽശാന്തി പീതാംബരൻ ശാന്തി,ക്ഷേത്രം ശാന്തി അജയ് ശാന്തി എന്നിവർ കാർമ്മികത്വം വഹിച്ചു. ശാഖാ ചെയർമാൻ അനീഷ് പുല്ലുവേലിൽ, വൈസ് ചെയർമാൻ സി.റ്റി. രാജൻ, കൺവീനർ സജീവ് വയലാ, ബിജു അമ്മായിക്കുന്നേൽ, രാജൻ വട്ടപ്പാറ, ഹരിദാസ് കാരക്കാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.
കാളികാവിൽ ആയിരങ്ങൾ സ്‌കന്ദഷഷ്ഠി പുണ്യം നുകർന്നു. മേൽശാന്തി ടി കെ സന്ദീപ് ശാന്തിയുടെ നേതൃത്വത്തിൽ ഗണപതി ഹോമം, കലശപൂജ എന്നിവ നടന്നു. എസ്.എൻ.ഡി.പി യോഗംകടുത്തുരുത്തി യൂണിയൻ കൗൺസിലർ എം.ഡി ശശിധരൻ, ദേവസ്വം പ്രസിഡന്റ് ശ്യാമള ലക്ഷ്മണൻ, സെക്രട്ടറി കെ.പി. വിജയൻ, വൈസ് പ്രസിഡന്റ് ഇൻ ചാർജ് പി.എൻ തമ്പി, ദേവസ്വം എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങൾ, കളത്തൂർ, കാളികാവ്, കുറവിലങ്ങാട്, ഇലക്കാട് ശാഖ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.
എസ്.എൻ.ഡി.പി യോഗം 1131ാം വയല ശാഖ ശ്രീബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ സ്‌കന്ദഷഷ്ടി മഹോത്സവത്തിൽ നൂറുകണക്കിന് ഭക്തർ പങ്കെടുത്തു. മേൽശാന്തി ബാബു കളത്തൂർ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു.
പെരുവ കുന്നപ്പള്ളി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ചടങ്ങുകൾക്ക് മേൽശാന്തി അഖിൽ അരിക്കത്തിൽ മുഖ്യകാർമികത്വം വഹിച്ചു. നൂറുകണക്കിന് ഭക്തർ പങ്കാളികളായി.