കോട്ടയം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെയും ശമ്പള പരിഷ്‌കാരത്തിലെ അനീതികളുടെയും പശ്ചാത്തലത്തിൽ കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ഒ.പി.യും ക്ലാസുകളും ബഹിഷ്‌കരിച്ചു. കേരള ഗവ.മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ)യുടെ നേതൃത്വത്തിലായിരുന്നു സമരം. അദ്ധ്യാപക തസ്തികകളിലെ കുറവും, അടിസ്ഥാന സൗകര്യങ്ങളില്ലാതെ പുതിയ കോളേജുകൾ തുടങ്ങുന്നതും, നാല് വർഷമായി ശമ്പള പരിഷ്‌കാര കുടിശിക ലഭിക്കാത്ത സാഹചര്യം എന്നിവയ്‌ക്കെതിരെയായിരുന്നു ബഹിഷ്‌കരണം. സമരത്തിന്റെ ഭാഗമായി നവംബർ 5, 13, 21, 29 തീയതികളിലും ബഹിഷ്‌കരണം തുടരും. അത്യാഹിത, ശസ്ത്രക്രിയ, തീർവ്രപരിചരണ വിഭാഗങ്ങളെ സമരത്തിൽ നിന്ന് ഒഴിവാക്കിയതിനാൽ രോഗികൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടായില്ല. എൻ.എം.സി മാനദണ്ഡങ്ങൾ അനുസരിച്ച് അദ്ധ്യാപക തസ്തികകൾ സൃഷ്ടിക്കുക, അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുക, ശമ്പള പരിഷ്‌കാര കുടിശിക നൽകുക, ക്ഷാമബത്ത അനുവദിക്കുക എന്നിവയാണ് സംഘടന ഉന്നയിക്കുന്ന ആവശ്യങ്ങളെന്ന് കെ.ജി.എം.സി.ടി.എ ഭാരവാഹികളായ ഡോ.ഫെഡറിക്, ഡോ.സൗമ്യ പ്രകാശ് എന്നിവർ അറിയിച്ചു.