s

പുറമേയ്ക്ക് അധികം അറിയുന്നില്ലെങ്കിലും വന്യജീവി കള്ളക്കടത്തിന്റെ നീരാളിക്കൈകൾ സമൂഹത്തിൽ ആഴ്ന്നിറങ്ങിയിട്ടുണ്ട്. ലോകമെമ്പാടും കള്ളക്കടത്തിന് വിധേയമാകുന്നതാണ് വന്യജീവികളും വന ഉത്പന്നങ്ങളും. ആയുധം, മയക്കുമരുന്ന്, മനുഷ്യർ എന്നിവയ്ക്ക് തൊട്ടുപിന്നിലാണ് വന്യജീവികളുടെ കള്ളക്കടത്ത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രണ്ടായിരം കോടിയോളം രൂപയുടെ കച്ചവടം പ്രതിവർഷം വന്യജീവി ഉത്പന്നങ്ങളുടേ പേരിൽ ലോകമെമ്പാടുമായി നടത്തുന്നുവെന്നാണ് കണക്ക്!

കേരളവും വന്യജീവി കള്ളക്കടത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ലെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. വനംവകുപ്പിലെ ഔദ്യോഗിക ജീവിതത്തിൽ നിരവധി വന്യജീവി കള്ളക്കടത്തുകാരെ പിടികൂടാൻ കഴിഞ്ഞതിന്റെ ഓർമ്മകൾ ഒരിക്കലും മറക്കാനാവുന്നതല്ല (സംസ്ഥാന വനം വകുപ്പിൽ ഡെപ്യൂട്ടി കൺസർവേറ്റർ ഒഫ് ഫോറസ്റ്റ്സ് ആയി വിരമിച്ചയാളാണ് ലേഖകൻ)​

സമയം രാവിലെ ഒൻപതു കഴിഞ്ഞിട്ടുണ്ട്. പ്രവൃത്തി ദിവസമായതുകൊണ്ട് ഓഫീസിലേക്കു പോകാൻ ധൃതിപിടിച്ച ഒരുക്കങ്ങളിലായിരുന്നു ഞാൻ. തിരുവനന്തപുരത്ത് വഴുതക്കാട്ടെ വനംവകുപ്പ് ആസ്ഥാനത്തെ കൺട്രോൾ റൂം ഫ്ളൈയിംഗ് സ്ക്വാഡ് റേഞ്ചിലെ ഫോറസ്റ്റർ നജുമുദ്ദീൻ ഫോണിൽ ആവർത്തിച്ച് വിളിക്കുന്നു. കാരണമില്ലാതെ നജുമുദ്ദീൻ അങ്ങനെ വിളിക്കുക പതിവില്ല.

ഫോണെടുത്തപ്പോൾ,​ ‘ടോൾഫ്രീ’ നമ്പരിൽ രാവിലെ വന്ന ഒരു പരാതിയാണ് വിഷയം. വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയുള്ള ആക്ഷേപങ്ങളും വനം,​ വന്യജീവി കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങളും അറിയിക്കാൻ ഏർപ്പെടുത്തിയിരുന്ന സംവിധാനമാണ് ടോൾഫ്രീ. സാധാരണ ഉത്സവ സീസണിലാണ് നാട്ടാനകളെ പീഡിപ്പിക്കുന്നതും അവ ഇടഞ്ഞോടിയതുമായ പരാതികൾ കാരണം ആ ഫോൺ വിശ്രമമില്ലാതെ ശബ്ദിച്ചുകൊണ്ടിരിക്കാറ്.


വിളിച്ചയാൾ പറഞ്ഞത്,​ തിരുവനന്തപുരത്ത് കാട്ടാക്കടയ്ക്കു സമീപം ഒരു വീട്ടിൽ വന്യജീവിയെ വിൽക്കാൻ ശ്രമിക്കുന്നു എന്നാണ്. ഏതാണ് വന്യജീവിയെന്ന് വിളിച്ചയാൾ പറയുന്നില്ല. മറിച്ച് അദ്ദേഹത്തിന്റെ പരാതി രജിസ്റ്റർ ചെയ്തോയെന്നും,​ ചെയ്തെങ്കിൽ അതിന്റെ നമ്പർ എത്രയാണ് എന്നുമൊക്കെയായിരുന്നു തുടർചോദ്യങ്ങൾ. ടോൾഫ്രീ നമ്പറിന്റെ ഉപയുക്തതയെക്കുറിച്ച് നല്ല അറിവുള്ള ആളാണ് പരാതിക്കാരനെന്ന് വ്യക്തം. തിരുവനന്തപുരം ഫ്ളൈയിംഗ് സ്ക്വാഡ് ഡി.എഫ്.ഒ ആകുന്നതിനു മുമ്പ് വന്യജീവി കള്ളക്കടത്തിനെതിരെ പ്രവർത്തിക്കുന്ന ഫോറസ്റ്റ് ഇന്റലിജൻസ് സെല്ലിൽ കുറേക്കാലം ജോലി ചെയ്തിരുന്നതുകൊണ്ടാവണം,​ അത്തരമൊരു വിവരം കിട്ടിയപ്പോൾ അടിയന്തരമായി അന്വേഷിക്കണം എന്നൊരു തോന്നൽ. എന്തായാലും അപ്പോൾ ഒപ്പം കൂട്ടാവുന്ന സ്റ്റാഫുമായി ജീപ്പുമെടുത്ത് പോയി അന്വേഷിക്കാൻ നജുമുദ്ദീനെ ഏൽപ്പിച്ചിട്ടാണ് ഓഫീസിലേക്കു പുറപ്പെട്ടത്. മികച്ച സേവനത്തിന് മുഖ്യമന്ത്രിയുടെ അവാർഡ് വാങ്ങിയ വനപാലകനാണ് നജുമുദ്ദീൻ. ഓഫീസിലെത്തി പത്തുമിനിട്ട് കഴിഞ്ഞിരിക്കണം; വീണ്ടും ഫോണെത്തി. ''സാർ... ഏതോ ഒരു ജീവി ഇവിടെയുണ്ട്. ഒരു ചെറിയ പന്തിന്റെ അത്രയും വലിപ്പം കാണും. ദേഹമാസകലം മുള്ളാണ്. മുഖം കാണാനില്ല. ഈനാംപേച്ചിയെപ്പോലെ ചുരുണ്ട് കിടക്കുകയാണ്."" ആ ജീവിയുടെ ഒന്നുരണ്ട് ചിത്രങ്ങളും നജുമുദ്ദീൻ അയച്ചുതന്നു. ചിത്രം കണ്ടപ്പോൾ ഞാനും ലേശം ആശയക്കുഴപ്പത്തിലായി.

ഹെഡ്‌ജ് ഹോഗ്

എന്ന മുള്ളെലി

മൂന്നുവർഷത്തോളം ഇന്റലിജൻസിലും ഫ്ളൈയിംഗ് സ്ക്വാഡിലുമൊക്കെ ജോലി ചെയ്തിട്ടും സംഭവമെന്താണെന്ന് എനിക്കും വലിയ പിടിയില്ല. സാധാരണയായി റെയ്ഡിൽ പിടിച്ചെടുത്തിരുന്നത് പുലിത്തോൽ, കടുവാത്തോൽ, പുലിയുടെയും കടുവയുടെയും നഖങ്ങൾ, ആനക്കൊമ്പും തേറ്റകളും, മണ്ണൂലിപ്പാമ്പെന്ന ഇരുതലമൂരി, മാൻകൊമ്പുകൾ തുടങ്ങിയവയൊക്കെയാണ്. ഇത്തരമൊരു ജീവിയെ കാണുന്നതന്നെ ആദ്യം. ഇന്റലിജൻസിൽ സന്തതസഹചാരികളായി കൂട്ടിനുണ്ടായിരുന്നത് അനിലും അനുകൃഷ്ണനും ഷമീമും ഗോപനും ഷമീറുമൊക്കെയാണ്. അനിലാണ് ഏതാണ്ട് മുക്കാൽപങ്ക് രഹസ്യ വിവരങ്ങൾ ശേഖരിക്കുന്നതും കേസുകൾ കണ്ടെത്തുന്നതും. അതുകൊണ്ട് അനിലിനു തന്നെ ആദ്യം ആ ഫോട്ടോകൾ അയച്ചുകൊടുത്തു. അയാൾക്കും വലിയ പിടിയില്ല. വന്യജീവി കള്ളക്കടത്തുകാരുടെ ശൃംഖലയിൽ 'സുരേഷ്" എന്ന അപരനാമത്തിൽ അംഗമായിരുന്ന ആ ഉദ്യോഗസ്ഥൻ സംസ്ഥാനത്തെ വന്യജീവി കള്ളക്കടത്തുകാർക്കിടയിൽ ഏറെ അറിയപ്പെടുന്ന ഒരു 'കച്ചവടക്കാര"നായിരുന്നു.

പലപ്പോഴും ഞങ്ങളോടൊപ്പം സ്ഥലത്തെത്തുമായിരുന്ന അനിൽ നേരിട്ട് പ്രത്യക്ഷനാകാതെ എവിടെയെങ്കിലും മറഞ്ഞുനിന്ന് മൊബൈൽ ഫോണിലൂടെ സംസാരിച്ച് കച്ചവടം ഉറപ്പിക്കുന്നതായി ഭാവിച്ച്,​ കുറ്റവാളികളെ അറസ്റ്റു ചെയ്യാൻ സാഹചര്യമൊരുക്കി സഹായിക്കും! ഒരിക്കൽ ഇടപാടുകൾക്കിടയിൽ വനംവകുപ്പിന്റെ പിടിയിലായിട്ടും അയാളെ അവിശ്വസിക്കാൻ തയ്യാറാകാത്ത അത്യാർത്തിക്കാരനായ ഒരു കള്ളക്കടത്തുകാരൻ വീണ്ടും വന്ന് കെണിയിൽച്ചാടുന്നതും അമ്പരപ്പോടെ നോക്കിനിന്നിട്ടുണ്ട്.
അനിൽ കള്ളക്കടത്തുകാരുടെ വാട്ട്സാപ്പ് കൂട്ടായ്മയിലേയ്ക്ക് ആ ചിത്രം പോസ്റ്റു ചെയ്തു. ഒട്ടും താമസമില്ലാതെ മറുപടിയെത്തി. 'മുള്ളെലി" എന്നാണ് അവർ പേരു പറഞ്ഞത്. ശരിക്കും 'Hedge Hog" എന്നാണ് ഇംഗ്ളീഷിലെ പേര്. അരുമ ജീവിയായി വളർത്താൻ പറ്റിയ സാധനം. അഞ്ചോ ആറോ കൊല്ലം ജീവിക്കുന്ന ഒരു മുള്ളെലിക്കു പോലും മുന്നൂറ് ഡോളറും അതിനു മുകളിലും കിട്ടുമെന്ന് ഇന്റർനെറ്റ് പറയുന്നു. ഒപ്പം നെറ്റിൽ നിന്നെടുത്ത ചില ചിത്രങ്ങളും! എന്നാൽ അത് 1972- ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷണം അർഹിക്കുന്ന ജീവിയാണെന്നും,​ മനുഷ്യരിലേയ്ക്ക് പകരാൻ സാദ്ധ്യതയുള്ള അനേകം മൃഗജന്യ രോഗങ്ങളുടെ ഉറവിടം കൂടിയാണെന്നും അവർ പറയുന്നുമില്ല!

ഈനാംപേച്ചിയിൽ

ഉത്തേജകം!

സ്ഥലം തിരുവനന്തപുരം സിറ്റിക്കകത്ത് ശ്രീകാര്യം ജംഗ്ഷൻ. ഞങ്ങൾ മഫ്ടിയിൽ വനംവകുപ്പിന്റെ രണ്ട് ജീപ്പുകളിലായി ഒരു ഇടനിലക്കാരന്റെ ഫോണിനായി കാത്തിരിക്കുകയാണ്. വാഹനം തിരിച്ചറിയാതിരിക്കാൻ നമ്പർ പ്ളേറ്റുകൾ മാറ്റിയിട്ടുണ്ട്. ഇത്തവണ ഈനാംപേച്ചിയെ ആണ് വില്പനയ്ക്ക് വച്ചിരിക്കുന്നത്. ആദ്യം അത് വിശ്വസിക്കാനേ തോന്നിയില്ല. കാരണം തിരുവനന്തപുരം സിറ്റിക്കകത്ത് 'ജീവനുള്ള ഉറമ്പുതീനി"യെത്തന്നെ എങ്ങനെ എത്തിക്കും? കടുവാത്തോലോ പുലിത്തോലോ ആനക്കൊമ്പോ ഒക്കെയാണ് 'സാധാരണ" വന്യജീവി ഉത്പന്നങ്ങൾ. കൊല്ലുന്ന വിലയാണ് ഇതിനൊക്കെ ചോദിക്കുന്നത്. ഇടനിലക്കാരൻ വഴി സംഗതി നേരിട്ടുകണ്ട് ബോദ്ധ്യപ്പെടണമെന്ന് കച്ചവടക്കാരനോട് ചട്ടംകെട്ടി. ഞങ്ങളുടെ പക്കലെ തുക കണ്ട് ബോദ്ധ്യപ്പെട്ടതിനു ശേഷമേ വീടിന്റെ അടുക്കളയോടു ചേർന്ന സ്റ്റോറിൽ,​ ദ്വാരങ്ങളിട്ട ഒരു പ്ളാസ്റ്റിക്ക് ചാക്കിൽ പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന ഈനാംപേച്ചിയുമായി വീട്ടുടമസ്ഥൻ വന്നുള്ളൂ. പ്രച്ഛന്ന വേഷധാരികളായി നിന്നിരുന്ന തിരുവനന്തപുരം ഫ്ളൈയിംഗ് സ്ക്വാഡിലെ ഉദ്യോഗസ്ഥരുടെ മുന്നിലേയ്ക്കാണ് എത്തിയതെന്ന് അപ്പോഴേ ആ പാവം അറിഞ്ഞുള്ളൂ.
ലോകത്ത് ഏറ്റവും കൂടുതൽ കള്ളക്കടത്തിന് വിധേയമാകുന്ന ജീവികളിലൊന്നാണ് ഉറമ്പുതീനികൾ. അപൂർവമായ ഔഷധഗുണമുള്ളതും ലൈംഗിക ഉത്തേജകവുമായ ഇറച്ചിയാണ് ഇതിനെന്നും ശല്ക്കങ്ങൾ ചൈനയുടെ പരമ്പരാഗത ഔഷധങ്ങളിൽ അവിഭാജ്യ ഘടകമാണെന്നും ഒക്കെയാണ് അവകാശവാദങ്ങൾ. ഇറിഡിയം എന്ന റേഡിയോ ആക്ടീവ് മൂലകത്തിന്റെ സാന്നിദ്ധ്യമുള്ളതു കാരണം മാന്ത്രിക ശക്തിയുണ്ടെന്ന വാദഗതികളുമുണ്ട്. വംശനാശ ഭീഷണിയോളം എത്തിനിൽക്കുന്ന എട്ടോളം ഉപവിഭാഗങ്ങളിൽപ്പെടുന്ന ഉറുമ്പുതീനികളെ അതീവ സംരക്ഷണ പ്രാധാന്യം അർഹിക്കുന്ന വന്യജീവികളുടെ ഗണത്തിലാണ് (കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ ഒന്ന്) ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാ വർഷവും ഫെബ്രുവരി മാസത്തിലെ മൂന്നാം ശനിയാഴ്ച ഉറുമ്പുതീനികളുടെ സംരക്ഷണ പ്രാധാന്യത്തെക്കുറിച്ച് അറിവു നൽകുന്നതിനായി പ്രത്യേക ദിനം ആചരിച്ചുവരുന്നുമുണ്ട്.

കൂപ്പിയ കൈകളും

ഉടുമ്പിൻ ലിംഗവും

പിന്നെയും വൈകിയാണ് 'ഹത്താ ജോഡി" (Hatha Jodi) എന്ന പേര് കേൾക്കുന്നതു തന്നെ. ഹിന്ദു ആചാരങ്ങളിൽ ധനവും ഐശ്വര്യവും ആയുരാരോഗ്യ സൗഖ്യങ്ങളും കൊണ്ടുവരാൻ തക്ക കഴിവുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന മാർട്ടിയ ആനുവ (Martynia annua) എന്ന ചെടിയുടെ വേരാണ് കഥാനായകൻ! രണ്ട് കൈപ്പത്തികൾ പ്രാർത്ഥനയിലെന്നോണം ചേർത്തുപിടിച്ചിരിക്കുന്നതു പോലെയുള്ള അപൂർവമായ ഈ വേരുകൾ കള്ളക്കടത്തുകാർ,​ ഉടുമ്പുകളുടെ ലിംഗം ഉണക്കിയെടുത്തതാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് വൻതുകയ്ക്ക് വില്ക്കുന്നത്! കേരളത്തിൽ അത്രമേൽ പ്രചാരത്തിലില്ലാത്തതുകൊണ്ടാകാം വനപാലകർ പോലും 'ഹത്താ ജോഡി"യെക്കുറിച്ച് കേൾക്കാൻ വൈകിയത്. അതുപോലെ തന്നെയാണ് കടൽക്കുതിരകളുടെ കാര്യവും. പ്രതിവർഷം ഇരുപത് ലക്ഷത്തോളം കടൽക്കുതിരകളെയെങ്കിലും രഹസ്യമായി വിദേശങ്ങളിലേക്ക് കടത്തുന്നുണ്ടെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്. ചൈനീസ് പരമ്പരാഗത ഔഷധങ്ങളിൽ മുഖ്യസ്ഥാനം വഹിക്കുന്നുവെന്ന് അവകാശപ്പെടുന്ന കടൽക്കുതിരകളെ ലൈംഗിക ഉത്തേജനത്തിനും ആസ്ത്മ, ഉറക്കത്തിൽ അറിയാതെ മൂത്രം പോകൽ എന്നിങ്ങനെയുള്ള അസുഖങ്ങൾക്കുള്ള മരുന്നായും വാഴ്‌ത്തപ്പെടുന്നു.

വില്പനയ്ക്ക് എത്തിക്കുന്ന പല തരം ശംഖുകളുടെ കാര്യമാണെങ്കിൽ,​ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് തലവേദനയുണ്ടാക്കുന്നതാണ്. അവയിൽ ഓരോന്നിനെയും തിരിച്ചറിയാൻ വനം ഉദ്യോഗസ്ഥന്മാർക്കു പോലും പ്രയാസമാണ്. തന്നെയുമല്ല,​ അത്തരം വിപണന ശാലകളിലെ തൊഴിലാളികൾക്ക്,​ നിരോധിത ഉത്പന്നങ്ങളാണ് തങ്ങൾ വില്പനയ്ക്കു വച്ചിരിക്കുന്നതെന്ന് അറിവുമില്ലായിരിക്കും. അതുകൊണ്ടു തന്നെ വിവിധ തരത്തിൽപ്പെട്ട സംരക്ഷിത ശംഖുകൾ, ആമ ഉൾപ്പടെയുള്ള കടൽജീവികൾ എന്നിവയുടെയൊക്കെ വിപണനക്കാരെ തടയാനെത്തുമ്പോൾ പൊതുജനങ്ങളിൽ നിന്ന് കടുത്ത എതിർപ്പ് ഉദ്യോഗസ്ഥർ നേരിടേണ്ടിയും വരും. എന്നാൽ ഈ മേഖലകളിൽ പ്രവർത്തിക്കുന്ന ചില സന്നദ്ധ സംഘടനകളുടെ ശ്രമഫലമായി സ്ഥിതിഗതികൾ ഇപ്പോൾ കുറെയൊക്കെ മാറിയിട്ടുണ്ട്. എന്നിരുന്നാലും വന്യജീവി കള്ളക്കടത്ത് തീരെ പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിൽപ്പോലും നിർബാധം നടക്കുന്നുമുണ്ട്.

(ലേഖകന്റെ ഫോൺ: 94977 85882)