god

ഇന്ദ്രിയങ്ങൾക്കൊണ്ട് അറിയാനും യുക്തികൊണ്ട് തെളിയിക്കാനും കഴിയാത്ത ഒന്നിനെയും വിശ്വസിക്കില്ല എന്നാണ് ചിലരുടെ നിലപാട്. അതിനാൽ അവർ ഈശ്വരന്റെ അസ്തിത്വം അംഗീകരിക്കുന്നില്ല.
വാസ്തവത്തിൽ ഈശ്വരവിശ്വാസം അന്ധവിശ്വാസമല്ല, എല്ലാ അന്ധതയേയും നീക്കുന്ന വിശ്വാസമാണത്. വൈദ്യുത കമ്പിയിൽ കറന്റു കാണാനില്ല. അതുകൊണ്ടു കറന്റില്ലെന്നു പറയാനാവുമോ? തൊട്ടാൽ ഷോക്കടിക്കും. അതനുഭവമാണ്. മനുഷ്യന്റെ മനസിനും ബുദ്ധിക്കും ഇന്ദ്രിയങ്ങൾക്കും എല്ലാം ഒരു പരിധിയുണ്ട്. ആ പരിധിക്ക് അപ്പുറമുള്ളതിനെ നമുക്ക് നിഷേധിക്കാനാവില്ല. ഒരു പറവയെ പറത്തിവിട്ടു. അതു പറന്നുയർന്നു. കാണാൻ കഴിയാത്തത്ര ഉയരത്തിൽ പറന്നുപോയി. അതിനെ കാണാൻ കഴിയുന്നില്ല എന്നു കരുതി പറവ ഇല്ലെന്നു പറയുവാൻ പറ്റുമോ? എന്റെ ദൃഷ്ടിയുടെ പരിധിയിൽപ്പെടുന്നതു മാത്രമേ ഞാൻ വിശ്വസിക്കൂ എന്നുപറയുന്നതിൽ എന്തു യുക്തിയാണുള്ളത്? ഒരാളെ കൊല്ലുന്നത് ആയിരം പേർ കണ്ടില്ല എന്ന് പറയുന്നതല്ല ജഡ്ജിക്കു തെളിവ്, ഒരാൾ കണ്ടു എന്നു പറയുന്നതാണ്. അതുപോലെ ആരൊക്കെ ഈശ്വരനില്ലെന്നു പറഞ്ഞാലും ഈശ്വരനെ നേരിൽ അനുഭവിച്ച ഋഷീശ്വരന്മാരുടെ വാക്കുകൾക്കു വിലയുണ്ട്. ഈശ്വരൻ എന്നത് വെറും വിശ്വാസമല്ല, അത് അറിവാണ്, അനുഭവമാണ്.

ഒരു വിത്ത് നട്ടു നോക്കുക. വേണ്ട ശ്രമം ചെയ്യുക. അപ്പോൾ അതിൽനിന്നും തൈ കിളിർത്തു വരും. അതിൽനിന്നു മനസിലാക്കാം വിത്തിൽ വൃക്ഷമുണ്ടെന്ന്. പക്ഷെ, വിത്തെടുത്തു നോക്കിയാലോ കടിച്ചു നോക്കിയാലോ വൃക്ഷം കാണാൻ കഴിയില്ല. വെറുതെ ഉണ്ടെന്നോ ഇല്ലെന്നോ പറഞ്ഞതുകൊണ്ടു കാര്യമില്ല. ശരിയായ രീതിയിൽ പരിശ്രമം ചെയ്യണം. അപ്പോൾ അനുഭവമാകും. ഭൗതികവാദിയായ ഒരു ശാസ്ത്രജ്ഞനാണെങ്കിലും താൻ ചെയ്യാൻ പോകുന്ന പരീക്ഷണത്തിൽ വിശ്വാസമർപ്പിച്ചു കൊണ്ടാണ് നീങ്ങുന്നത്. പലതും പരാജയപ്പെട്ടെന്നു വരാം. എന്നാലും പ്രയത്നം നിറുത്തുന്നില്ല. അടുത്തതിൽ വിജയിക്കുമെന്ന വിശ്വാസത്തോടെയാണു പരീക്ഷണം തുടരുന്നത്.

ഈശ്വരൻ എല്ലാറ്റിന്റെയും മൂലകാരണമാണ്. സർവ്വതും അവിടുന്നുതന്നെ. അവിടുത്തെ അറിയാനുള്ള മാർഗം തുറന്ന മനസോടെ അന്വേഷിക്കുക എന്നതാണ്. കമ്പിയില്ലാതെ കെട്ടിടം വാർത്താൽ ഉടനെ ഉടഞ്ഞുവീഴും. കെട്ടിടത്തിന് ഉറപ്പുനല്കുന്ന ആ കമ്പിപോലെയാണ് ഈശ്വരവിശ്വാസം. അതു നമ്മുടെ ദുർബ്ബലമായ മനസിനെ ശക്തമാക്കുന്നു, ബലം പകരുന്നു. ഈശ്വരവിശ്വാസമുണ്ടെങ്കിൽ മിഥ്യാകാര്യങ്ങ ൾക്കുവേണ്ടി കരഞ്ഞു തളർന്ന് ഭ്രാന്തരാകേണ്ടി വരുന്നില്ല. പത്രങ്ങളിൽ നോക്കിയാൽ കാണാം ദിവസവും എത്രയെത്ര ആളുകളാണ് ആത്മഹത്യ ചെയ്യുന്നതെന്ന്. പലരുടെയും മരണത്തിനു കാരണം ആരോഗ്യത്തന്റെയോ സമ്പത്തിന്റെയോ കുറവല്ല, മനസിന്റെ ദുർബ്ബലത ഒന്നു മാത്രമാണ്. ശരിയായ ഈശ്വരവിശ്വാസത്തിലൂടെ മനസിന്റെ ദുർബ്ബലത നീങ്ങിക്കിട്ടുന്നു.

ഈശ്വര തത്വജ്ഞാനത്തിലൂടെ, ധ്യാനത്തിലൂടെ ഏത് സാഹചര്യത്തിലും തളരാതെ മുന്നോട്ടുപോകുവാൻ വേണ്ട കരുത്തുനേടാൻ കഴിയുന്നു; അതിനാൽ ഈശ്വരനെ മുറുകെപ്പിടിക്കുക. നിസ്വാർത്ഥമായി നിഷ്‌കാമമായി കർമ്മങ്ങൾ അനുഷ്ഠിക്കുക. ഈശ്വരസമർപ്പിതമായ ജീവിതമാണ് ശാന്തിയുടെയും സമാധാനത്തിന്റെയും ലോകത്തലേയ്ക്കു നമ്മെ ആനയിക്കുന്നത്.