ന്യൂഡൽഹി: രാജ്യത്ത് എൽപിജി സിലിണ്ടറിന്റെ വില വർദ്ധിച്ചു. നവരാത്രി ആഘോഷങ്ങൾക്കിടെയാണ് പൊതുമേഖലാ എണ്ണവിതരണ കമ്പനികളുടെ കനത്ത പ്രഹരം. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് (19 കിലോഗ്രാം) 15 മുതൽ 15.50 രൂപവരെയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 1,602.5 രൂപയായി ഉയർന്നു. തിരുവനന്തപുരത്ത് 1,623.5 രൂപയാണ് വില. കോഴിക്കോട്ട് 1,634.5 രൂപയും. കഴിഞ്ഞ ആറുമാസമായി തുടർച്ചയായി വില കുറച്ചതിനുശേഷമാണ് പുതിയ മാസാരംഭത്തിൽ വീണ്ടും വില കൂട്ടിയത്. വാണിജ്യ സിലിണ്ടർ വില വർദ്ധനവ് ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, തട്ടുകടൾ എന്നിവർക്ക് കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.
അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ (14.2 കിലോഗ്രാം) വിലയിൽ മാറ്റമുണ്ടായില്ല. തിരുവനന്തപുരത്ത് 862 രൂപയാണ് ഗാർഹിക എൽപിജി വില. കൊച്ചിയിൽ 860 രൂപയും കോഴിക്കോട്ട് 861.5 രൂപയും. ഗാർഹിക സിലിണ്ടറിന്റെ വില ഏറ്റവുമൊടുവിൽ പരിഷ്‌കരിച്ചത് കഴിഞ്ഞവർഷം മാർച്ച് എട്ടിനായിരുന്നു. വനിതാദിനത്തോടനുബന്ധിച്ച് 100 രൂപ കുറയ്ക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അന്ന് പ്രഖ്യാപിച്ചത്.
പാചക വാതക വിലകള്‍ എല്ലാ മാസവും ഒന്നാം തീയതിയും 15-ാം തീയതിയുമാണ് പരിഷ്‌കരിക്കാറുള്ളത്. അന്താരാഷ്ട്ര എണ്ണവിലയിലെ മാറ്റങ്ങള്‍, നികുതി മാനദണ്ഡങ്ങള്‍, സപ്ലൈ ഡിമാന്‍ഡ് ഘടകങ്ങള്‍ എന്നിവ കണക്കിലെടുത്താണ് എണ്ണ വിപണന കമ്പനികൾ എല്ലാ മാസവും വില പരിഷ്‌കരിക്കുന്നത്.