taylor-a-humphrey

ഡോക്‌ടർ, എഞ്ചിനീയർ, ടീച്ചർ തുടങ്ങി പരമ്പരാഗത തൊഴിൽ മാർഗങ്ങളിൽ നിന്ന് വ്യത്യസ്തമായി ചിന്തിച്ച് പണം സമ്പാദിക്കുന്നവരാണ് ഇന്നത്തെ ചെറുപ്പക്കാർ. സമൂഹമാദ്ധ്യമ ഇൻഫ്ളുവൻസർമാർ, ഓൺലൈൻ ഷോപ്പിംഗ് ബിസിനസ് തുടങ്ങിയവ ഇതിന് ഉദാഹരണമാണ്. ഇപ്പോഴിതാ ലോകത്ത് മറ്റൊരിടത്തും പരീക്ഷിക്കാത്ത ഉപജീവനമാർഗത്തിലൂടെ പണം സമ്പാദിക്കുകയാണ് ഒരു യുവതി. കുഞ്ഞുങ്ങൾക്ക് പേരിടുന്നത് കരിയറാക്കി മാറ്റിയിരിക്കുകയാണ് സാൻ ഫ്രാൻസിസ്കോയിലെ കൺസൾട്ടന്റായ ടെയ്‌ലർ എ ഹംഫ്രി. മാതാപിതാക്കളെ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് പേരിടാൻ സഹായിക്കുന്നതിന് 30,000 ഡോളർ (26,64,889 രൂപ) വരെയാണ് ടെയ്‌ലർ ഈടാക്കുന്നത്.

മുൻപ് മാർക്കറ്റിംഗ്, ബ്രാൻഡിംഗ് രംഗത്ത് പ്രവർത്തിച്ചിട്ടുള്ളയാളാണ് ടെയ്‌ലർ. കുഞ്ഞുങ്ങൾക്ക് പേരിടുന്നതിന് മുൻപ് മാതാപിതാക്കളുടെ മുൻഗണനകൾ മനസിലാക്കാൻ വിശദമായ ചോദ്യാവലികളാണ് ടെയ്‌ലർ ഉപയോഗിക്കുന്നത്. പേരുകളുടെ ലിസ്റ്റ് അടങ്ങിയ ഇമെയിലിന് 200 ഡോളർ മുതലാണ് ചാർജ്. വംശാവലി ഗവേഷണം, കുഞ്ഞിന്റെ നാമ ബ്രാൻഡിംഗ് എന്നിവ ഉൾപ്പെടുന്ന എക്സ്ക്ലൂസീവ് പാക്കേജുകൾക്ക് 30,000 ഡോളർ (രൂപ 26,64,889) വരെ ഈടാക്കും.

പേരുകൾ നിർദേശിക്കുന്നത് മാത്രമല്ല ജോലിയിൽ ഉൾപ്പെടുന്നതെന്ന് ടെയ്‌ലർ പറയുന്നു, പലപ്പോഴും കൺസൾട്ടേഷനുകളിൽ ഒരു തെറാപ്പിസ്റ്റായും മദ്ധ്യസ്ഥയായും പ്രവർത്തിക്കാറുണ്ട്. സമ്പന്നർ മുതൽ സെലിബ്രിറ്റികൾ വരെ ക്ലയന്റുകൾ തനിക്കുണ്ടെന്നും യുവതി പറഞ്ഞു. എന്നാൽ തന്റെ തൊഴിലിന്റെ പേരിൽ നിരവധി വിമർശനങ്ങളും നേരിടാറുണ്ടെന്ന് യുവതി പറയുന്നു. പേരിടുന്നതിന് കാശുവാങ്ങുന്നതിൽ സമൂഹമാദ്ധ്യമങ്ങളിൽ നിന്നടക്കം വിമർശനങ്ങൾ നേരിടാറുണ്ട്. എന്നാൽ ഇത് തന്റെ ഉപജീവനമാർഗമാണെന്നാണ് യുവതിയുടെ പ്രതികരണം.