vijay

ചെന്നൈ: കരൂർ ദുരന്തത്തിൽ തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ്‌‌യെ പ്രതിയാക്കി കേസെടുക്കാത്തത് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നിർദേശപ്രകാരമെന്ന് സൂചന. വിജയ്‌ക്കെതിരെ കേസെടുക്കുന്നത് തെറ്റായ കീഴ്‌വഴക്കമാണെന്നും ഇത് അവസരം മുതലാക്കാൻ ബിജെപിയെ സഹായിക്കുമെന്നുമാണ് സ്റ്റാലിന്റെ നിലപാട്.

അതേസമയം, എം.കെ. സ്റ്റാലിനെ വെല്ലുവിളിച്ചുകൊണ്ട് കഴിഞ്ഞദിവസം വിജയ് വീഡിയോയിൽ എത്തിയിരുന്നു. കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ടിവികെ പ്രവർത്തകരെ തൊടരുതെന്നും, താൻ വീട്ടിലോ ഓഫീസിലോ ഉണ്ടാകുമെന്നുമാണ് വിജയ് വീഡിയോയിൽ പറഞ്ഞത്.

'നടക്കാൻ പാടില്ലാത്തതാണ് നടന്നത്. ഇത്രയും ആളുകൾക്ക് ദുരിതമുണ്ടായപ്പോൾ എങ്ങനെയാണ് എനിക്ക് നാടുവിട്ട് വരാനാവുക. ചില പ്രത്യേക സാഹചര്യങ്ങൾ ഒഴിവാക്കാനാണ് അവിടേക്ക് വരാതിരുന്നത്. പരിക്കേറ്റവരെ ഉടൻ കാണും. വേദനയിൽ കൂടെ നിന്നവർക്കും നേതാക്കൾക്കും രാഷ്ട്രീയ പ്രവർത്തകർക്കും നന്ദി. കരൂരിൽ നിന്നുള്ള ജനങ്ങൾ സത്യം വിളിച്ചു പറയുമ്പോൾ ദൈവം ഇറങ്ങി വന്ന് സത്യം വിളിച്ചു പറയുന്നതുപോലെ തോന്നി. മുഖ്യമന്ത്രി സാർ, നിങ്ങൾ ആഗ്രഹിക്കുന്നതെന്തും ചെയ്യൂ... എന്റെ പാർട്ടി പ്രവർത്തകരെ തൊടരുത്. ഞാൻ വീട്ടിലുണ്ടാകും. അല്ലെങ്കിൽ ഓഫീസിലുണ്ടാകും. രാഷ്ട്രീയ യാത്ര തുടരും'- എന്നാണ് വിജയ് പറഞ്ഞത്. വിജയ്‌യുടെ വെല്ലുവിളിയിൽ സ്റ്റാലിൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

വിജയ്‌യുടെ വീഡിയോ സന്ദേശം പുറത്തുവന്നതിന് പിന്നാലെ വിജയ്‌ക്കെതിരെ ഡിഎംകെ വക്താവ് എ ശരവണൻ രംഗത്തെത്തിയിരുന്നു. ഇത് വിജയ്‌യുടെ പുതിയ തിരക്കഥയാണെന്നും വീഡിയോ പുറത്തിറക്കാൻ നാല് ദിവസമെടുത്തു എന്നുമാണ് ശരവണൻ വിമർശിച്ചത്. കരൂർ ദുരന്തത്തിൽ വിജയ് ഉത്തരവാദിത്തം ഏറ്റെടുക്കണം. വിജയ് നിയമം ലംഘിച്ചതിനാലാണ് ദുരന്തമുണ്ടായതെന്നും ശരവണൻ ആരോപിച്ചു.

41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിൽ ടിവികെ ക​രൂ​ർ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​മ​തി​യ​ഴ​ക​ൻ​ അറസ്റ്റിലായിരുന്നു. പാർട്ടി സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ബു​സി​ ​ആ​ന​ന്ദ്,​ ​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​ ​സി.​ടി​ ​നി​ർ​മ​ൽ​ ​കു​മാ​ർ​ എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ടിവികെ നേതാവും കരൂർ സ്വദേശിയായ പൗൻ രാജിനെയും കസ്റ്റഡിയിലെടുത്തു. ടിവികെയുടെ പരിപാടിക്ക് അനുമതി തേടിയ അപേക്ഷയിൽ ഒപ്പിട്ടത് പൗൻ രാജ് ആണ്.