ants

ഉറുമ്പ് ശല്യമില്ലാത്ത വീടുകൾ കുറവായിരിക്കും. അടുക്കളയിലും കിടപ്പുമുറിയിലും ഡൈനിംഗ് റൂമിലും തുടങ്ങി വീടിന്റെ മുക്കിലും മൂലയിലും വരെ ഉറുമ്പുകൾ എത്താറുണ്ട്. ഇതിനെ തുരത്താൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നില്ലെന്ന് പറയുന്ന നിരവധി പേരുണ്ട്. എന്നാൽ പഞ്ചസാര ഉപയോഗിച്ച് ഉറുമ്പിനെ തുറത്താനാകുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?

വെറുതെ പറയുന്നതല്ല, സംഭവം സത്യമാണ്. പഞ്ചസാര ഉപയോഗിച്ച് നമുക്ക് ഉറുമ്പിനെ തുരത്താൻ സാധിക്കും. കുറച്ച് പഞ്ചസാര പേപ്പറിൽ ഇടുക. ഇതിലേക്ക് ബോറിക് ആസിഡ് വിതറുക. നന്നായി യോജിപ്പിച്ച ശേഷം ഉറുമ്പിന്റെ ശല്യമുള്ളയിടങ്ങളിൽ വിതറിക്കൊടുക്കാം. അവ കഴിച്ചുകഴിഞ്ഞാൽ കുറച്ചുകൂടി ഇടട്ടുകൊടുക്കാം. കുറച്ച് കഴിഞ്ഞാൽ അവ ചത്തോളും.

ഉറുമ്പുകൾ പതിവായി വരുന്നയിടങ്ങളിൽ നാരങ്ങ നീര് ഒഴിക്കുകയോ അല്ലെങ്കിൽ ചെറുനാരങ്ങയുടെ തോട് വയ്ക്കുകയോ ചെയ്യാം. വൃത്തിയാക്കുന്ന സമയത്ത് വെള്ളത്തിനൊപ്പം നാരങ്ങനീര് കൂടെ ചേർത്ത് തുടയ്ക്കാം. നാരങ്ങയിലെ ആസിഡും പുളിയും ഉറുമ്പുകൾക്ക് അസ്വസ്ഥത ഉണ്ടാക്കും.

വേറൊരു സൂത്രം കൂടിയുണ്ട്. കുറച്ച് വെള്ളമെടുത്ത് അതേയളവിൽ വിനാഗിരി ചേർക്കുക. ഇത് ഒരു സ്‌പ്രേ ബോട്ടിലിലാക്കിയതിന് ശേഷം ഉറുമ്പുള്ള സ്ഥലങ്ങളിൽ തളിച്ചുകൊടുക്കാം. ഇതുവഴിയും ഉറുമ്പുകളെ തുരത്താൻ സാധിക്കും. വീട് വൃത്തിയായി സൂക്ഷിക്കേണ്ടതും പ്രധാനമാണ്. ആഹാരത്തിന്റെ അവശിഷ്ടങ്ങളും മറ്റും നിലത്തോ മറ്റോ വീണുകിടക്കുന്നത് ഉറുമ്പുകളെ ആകർഷിക്കും. അതിനാൽത്തന്നെ വീട് എപ്പോഴും വൃത്തിയാക്കുക. ഇതുവഴിതന്നെ ഒരു പരിധിവരെ ഉറുമ്പിനെ അകറ്റാൻ സാധിക്കും.