alex

''എല്ലാവരും തുല്യരാകുന്നിടമൊന്നു കണ്ടാലോ ! കാണാവുന്ന അകലത്തിൽ നിന്നു വെറുതെയൊന്നു കണ്ട് മനസിലാക്കിയാൽ മതി, ഇപ്പോൾ അങ്ങോട്ടു പോകണ്ട. പക്ഷെ, മറന്നുപോകരുത്! സത്യത്തിൽ നമ്മളെല്ലാവരും തുല്യരാണോ? ശരിയായി ആലോചിച്ചു മാത്രം മറുപടി പിന്നീട് മനസിൽ പറഞ്ഞാൽ മതി ! ഒരു അമ്പതുകൊല്ലങ്ങൾക്ക് മുമ്പ് ജനിച്ചവർ, ജനിച്ചപ്പോൾ വേണമെങ്കിൽ തുല്യരായിരുന്നു എന്നുപറയാം. കാരണം, അന്ന് മിക്ക പ്രസവങ്ങളും സർക്കാർ ആശുപത്രികളിലായിരുന്നു നടന്നിരുന്നത്. അതിനുമുമ്പുള്ള കാലങ്ങളിൽ മിക്ക പ്രസവങ്ങളും വീടുകളിലായിരുന്നു. അതിന് കാരണങ്ങൾ രണ്ടായിരുന്നു: അന്ന്, ഇന്നത്തെ പോലെ ആശുപത്രികളുണ്ടായിരുന്നില്ല. പിന്നെയൊരു കാരണം, അന്നൊക്കെ ഗർഭധാരണം ഇന്നത്തെപോലെ ഒരു അസുഖമായി, അല്ലെങ്കിൽ, അസുഖം പോലെ ആരും കണക്കാക്കിയിരുന്നില്ല ! അതിനാൽ, അന്ന് മനുഷ്യരുടെ ജനനത്തിലും സാങ്കേതികമായി അത്തരത്തിലൊരു തുല്യതയുണ്ടായിരുന്നു എന്നു പറയാം.

എന്നാൽ, ഇന്നോ? അതിസമ്പന്ന കുടുംബങ്ങളിൽ പിറക്കാൻ യോഗമുള്ള കുഞ്ഞുങ്ങൾ 'ഫൈവ്സ്റ്റാർ" പോലെ നിലവാരമുള്ള ആശുപത്രികളിൽ ജനിക്കുന്നു! എന്നാൽ, ദരിദ്ര കുടുംബങ്ങളിലെ കുഞ്ഞുങ്ങൾ എങ്ങനെയെങ്കിലും ജനിക്കുന്നു! അപ്പോൾ അവർ തമ്മിൽ ജനനസമയം തുല്യരെന്നു പറയാൻ കഴിയുമോ? പക്ഷെ, എന്തു തന്നെയായാലും ജനിക്കുമ്പോൾ എല്ലാ കുഞ്ഞുങ്ങളും നിർത്താതെ കരയുന്നുണ്ട്! അപ്പോൾ, പ്രകൃതി അക്കാര്യത്തിലൊരു തുല്യത അടിവരയിട്ടിട്ടുണ്ട്. പക്ഷെ, അതുകൊണ്ട് പ്രശ്നം തീരുമോ, ചിലർക്ക് പിന്നീട് ജീവിതത്തിൽ എത്ര പ്രാവശ്യമാണ് കരയേണ്ടി വരുന്നത്! അപ്പോൾ, എവിടെയാണ് തുല്യത? ശൈശവ ബാല്യകാലങ്ങളിലെന്തു തുല്യത, അത് ജന്മം തന്ന മാതാപിതാക്കളെ ആശ്രയിച്ചിരിക്കുമല്ലോ! പള്ളിക്കൂടങ്ങളും, പാഠ്യപദ്ധതികളും വ്യത്യസ്തങ്ങളല്ലേ? അപ്പോളെങ്ങനെ തുല്യരാകും! കൗമാരത്തിലെ നിങ്ങളുടെ ഓർമ്മയുള്ള ഓരോരോ അനുഭവങ്ങളെ ഒന്നോർത്തിട്ടു പറഞ്ഞാൽ മതി. അപ്പോൾ കുതിരയുടെ ശക്തിയിൽ ചിലർ കുതിക്കുമ്പോൾ, മറ്റു ചിലർ കിതപ്പോടെ വീണുപോകുന്ന യൗവനത്തിലെന്തു തുല്യത! അപ്പോൾ നമ്മൾ ജീവിതത്തിൽ തുല്യരാണോ, അതോ, വ്യത്യസ്തരാണോ? അങ്ങനെയെങ്കിൽ എപ്പോഴെങ്കിലും തുല്യരാകുമോ?"" ഇപ്രകാരം പറഞ്ഞുകൊണ്ട്, പ്രഭാഷകൻ, സദസ്യരെ നോക്കിയപ്പോൾ, എല്ലാവരും പുതിയൊരു വിജ്ഞാനത്തിന്റെ വെളിച്ചമുദിച്ചതായി തോന്നിപ്പിച്ച പ്രഭാഷകനെ നോക്കിയിരിക്കുന്ന ഒരു കാഴ്ചയാണ് കണ്ടത്. എല്ലാവരേയും വാത്സല്യപൂർവം നോക്കിപുഞ്ചിരിച്ചുകൊണ്ട് പ്രഭാഷകൻ ഇപ്രകാരം തുടർന്നു:

''മഹാനായ അലക്സാണ്ടർ ചക്രവർത്തിയുടെ മൂന്ന് കല്പനകളിലൂടെ നോക്കിയാൽ മാത്രമേ നമുക്ക് എല്ലാവരും തുല്യരാകുന്നിടം നന്നായി കാണാൻ കഴിയു! ആ കല്പനകൾ ജീവിതത്തിൽ പകരുന്നത് അത്രയേറെ അർത്ഥവത്തായ പ്രകാശമാണ്. ലോകം സ്വന്തം കാൽക്കീഴിലാക്കിയ ആ മഹാൻ തന്റെ മരണക്കിടക്കയിൽ കിടന്നാണ് ആ മൂന്നുശാശ്വത സത്യങ്ങൾ ലോകത്തോട് എത്രയോ നൂറ്റാണ്ടുകൾക്കു മുൻപു പറഞ്ഞത്: തന്റെ ശവമഞ്ചം ചുമക്കേണ്ടത് ലോകത്തിലെ ഏറ്റവും വലിയ ഭിഷഗ്വരന്മാരായിരിക്കണം, കാരണം ഒരു വൈദ്യശാസ്ത്രത്തിനും തന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലയെന്ന് ലോകം മനസിലാക്കണം! തന്റെ ശവമഞ്ചം കൊണ്ടുപോകുന്ന വഴിയിലൊക്കെ തന്റെ ചിത്രം പതിച്ച സ്വർണ നാണയങ്ങൾ വിതറണം, കാരണം താൻ യുദ്ധം ചെയ്ത്, കൊള്ളയടിച്ചു വാരിക്കൂട്ടിയ സ്വർണത്തിനും, പൊന്നിനുമൊന്നും തന്നെ രക്ഷിക്കാനായില്ലയെന്ന് ലോകം അറിയണം! ശവപ്പെട്ടിയിൽ നിന്നും തന്റെ രണ്ടുകൈകളും പുറത്തിട്ടിരിക്കണം, കാരണം, താനീ ഭൂമിയിൽ നിന്നും മടങ്ങുന്നത്, ഇവിടെ വന്നതുപോലെ, വെറും കൈകളുമായിട്ടാണെന്ന് ലോകം കാണണം! ഇപ്പോൾ നമുക്കെല്ലാവർക്കും, എല്ലാവരും തുല്യരാകുന്നിടം നന്നായി കാണാമല്ലോ! ഭൂമിയിൽ പിറന്നപ്പോൾ ഇരുകൈകളും മുറുക്കെപ്പിടിച്ച് ആകുന്നത്ര ഉച്ചത്തിൽ കരഞ്ഞ് എല്ലാവരും തുല്യരായോരിടം! നമുക്കവിടെ സമയമാകുമ്പോൾ പോകാം. ഇപ്പോൾ, സ്‌മൈൽ പ്ലീസ് "" പ്രഭാഷകൻ കൊളുത്തിയ ചിരിയുടെ മാലപ്പടക്കം, സദസ്യരിലാകെ പടർന്നു പിടിച്ചു.