സൗന്ദര്യ സംരക്ഷണത്തിനായി വിപണിയിൽ ലഭ്യമായ പല തരത്തിലുള്ള വസ്‌തുക്കൾ പരീക്ഷിച്ച് നോക്കുന്നവരാണ് ഭൂരിഭാഗവും. മുതിർന്നവരുടെ ചർമ സംരക്ഷണ വസ്‌തുക്കളിൽ കെമിക്കലുകൾ കൂടുതലാണെന്ന പേരിൽ ചിലർ കുട്ടികളുടെ ചർമ സംരക്ഷണ വസ്‌തുക്കൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത്തരം ഉൽപ്പന്നങ്ങൾ മുതിർന്ന വ്യക്തികളുടെ ചർമത്തിന് യോജിച്ചതല്ല എന്നാണ് വിദ്ഗ്ദ്ധർ പറയുന്നത്.
കുട്ടികളുടെ ചർമം വളരെ മൃദുവും നേർത്തതുമായിരിക്കും. അതിനാൽ കെമിക്കലുകൾ കുറഞ്ഞ ചർമ സംരക്ഷണ ഉൽപ്പന്നങ്ങളാണ് കുട്ടികൾക്ക് അനുയോജ്യം. എന്നാൽ, ചർമത്തിൽ അലർജി ഉണ്ടാക്കുന്ന സുഗന്ധ വസ്‌തുക്കൾ ഇത്തരം ഉൽപ്പന്നങ്ങളിൽ കുറവായിരിക്കും. പക്ഷേ, ഇവ മുതിർന്നവരുടെ ചർമത്തിന് വേണ്ട സംരക്ഷണം നൽകില്ല.
മുതിർന്നവരുടെ ചർമവും കുട്ടികളുടെ ചർമവും തമ്മിൽ വളരെയധികം വ്യത്യാസമുണ്ട്. അതിനാൽ, മുതിർന്നവരുടെ ചർമത്തിന് വേണ്ട സംരക്ഷണം ഇവ തരില്ല. അതിനാൽ, ഇത്തരം വസ്‌തുക്കൾ പുരട്ടിയ ശേഷം വെയിലേറ്റാൽ നിങ്ങളുടെ ചർമത്തിൽ വളരെ പെട്ടെന്ന് തന്നെ കരിവാളിപ്പ് ഉണ്ടാകാനും ചർമത്തിന്റെ യുവത്വം നഷ്‌ടപ്പെടാനും സാദ്ധ്യതയുണ്ട്. മാത്രമല്ല, ചർമ പ്രശ്‌നം ഉള്ളവർക്ക് അത് മാറില്ല എന്ന് മാത്രമല്ല, കൂടുതൽ ഗുരുതരമാകാനും സാദ്ധ്യതയുണ്ട്. മുഖക്കുരു പോലുള്ള പ്രശ്‌നങ്ങളും ഉണ്ടായേക്കാം.