ഗാസ സിറ്റി: ഗാസയിൽ രണ്ട് വർഷമായി തുടരുന്ന യുദ്ധം കാരണം ഒട്ടേറെ ഗുരുതരമായ പ്രതിസദ്ധികളിലൂടെയാണ് അവിടുത്തെ ജനത അനുദിനം കടന്നു പോകുന്നത്. രോഗങ്ങൾ, പലായനം, ചികിത്സാ സൗകര്യങ്ങളുടെ അഭാവം, പോഷകാഹാരക്കുറവ് എന്നിവയുടെ മാരകമായ മിശ്രിതമാണ് ഓരോ കുടുംബവും നേരിടുന്നത്. യുദ്ധമെന്ന ദുരിതക്കയത്തിനുള്ളൽപ്പെട്ട് ഇതിനോടകം മൂന്ന് മക്കളെ നഷ്ടപ്പെട്ട ഒരു പലസ്തീൻ അമ്മ തന്റെ കാൻസർ രോഗിയായ രണ്ടുവയസുകാരിയെ രക്ഷിക്കാനുള്ള പോരാട്ടമാണ് ഇപ്പോൾ ചർച്ചയാകുന്നത്. നാൻസി അബു മത്രൂദ് എന്ന 22കാരിയായ പലസ്തീൻ യുവതിയാണ് ഈ ദുരന്തം പേറുന്നത്. യുദ്ധത്തിനിടെ മൂന്ന് മക്കളെയാണ് മത്രൂദിന് നഷ്ടപ്പെട്ടത്.
കഴിഞ്ഞ മാസം ഗാസ സിറ്റിയിലെ ഇസ്രായേലി ഷെല്ലാക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ഭർത്താവിനും മകൾ എത്രയ്ക്കും (2) ഒപ്പം മത്രൂദ് മൂന്ന് ദിവസം നടന്ന് മദ്ധ്യ ഗാസ മുനമ്പിലെത്തി. അന്നേരം ആറ് മാസം ഗർഭിണിയായിരുന്നു മത്രൂദ്. അൽ നുവൈരി പ്രദേശത്ത് എത്തിയപ്പോൾ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മത്രൂദ് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകുകയായിരുന്നു.
ഇതിൽ ഒരു കുട്ടി നുസൈറാത്തുള്ള അൽ ഔദ ആശുപത്രിയിലും രണ്ടാമത്തെ കുട്ടി അൽ-അഖ്സ മറ്റൊരു ആശുപത്രിയിലും വച്ച് ദിവസങ്ങൾക്കുള്ളിൽ മരിച്ചു. ഇതിന് പുറമെ, യുദ്ധം ആരംഭിക്കുന്ന വേളയിൽ മുൻ വിവാഹബന്ധത്തിലുണ്ടായ നാല് വയസുകാരനെ കാണാതായിരുന്നു. ആ കുട്ടിയെക്കുറിച്ച് ഇതുവരെ ഒരു അറിവുമില്ല. "ഞങ്ങൾക്കൊരു അഭയം മാത്രമാണ് വേണ്ടത്, എനിക്കിനി അവശേഷിക്കുന്ന മകളെക്കൂടി നഷ്ടപ്പെടാൻ വയ്യ. അബു മത്രൂദ് പറയുന്നു.
മത്രൂദിന്റെ രണ്ടുവയസുകാരി മകൾ കാൻസർ രോഗിയാണ്. മകളെ ചികിത്സിച്ചിരുന്ന ഗാസ സിറ്റിയിലുള്ള കുട്ടികളുടെ ആശുപത്രി കഴിഞ്ഞ മാസം ഇസ്രായേൽ നടത്തിയ ആക്രമണത്തെത്തുടർന്ന് അടച്ചുപൂട്ടി. ഇതോടെ മകൾ എത്രയുടെ ജീവൻ രക്ഷിക്കാൻ ആവശ്യമായ ചികിത്സ മുടങ്ങി. 'ഞങ്ങളെന്ത് തെറ്റ് ചെയ്തിട്ടാണ്? ഇതിൽ ഒന്നും ഞങ്ങൾക്ക് പങ്കില്ല. ഞങ്ങളുടെ കുഞ്ഞുങ്ങൾ എന്ത് തെറ്റ് ചെയ്തു?'- തെരുവിൽ തീ കൂട്ടിവച്ച് മകൾക്ക് വേണ്ടി കടല വേവിക്കുന്നതിനിടെ എത്രയുടെ പിതാവ് ഫറാജ് അൽ ഗാലയിനി (53) വേദനയോടെ ചോദിച്ചു.
നിലവിൽ ഗാസയിൽ പിറക്കുന്ന കുഞ്ഞുങ്ങൾ യുദ്ധത്തിന്റെ സമ്മർദത്താൽ അതീവ ദുർബലരാണെന്ന് യൂണിസെഫ് പലസ്തീൻ വക്താവ് ജോനാഥൻ ക്രിക്ക്സ് പറയുന്നു. കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിന് ആവശ്യമായ ഇൻകുബേറ്ററുകളും വെന്റിലേറ്ററുകളും ആവശ്യത്തിന് ലഭ്യമല്ല. ഗാസയിലുള്ള 35 ആശുപത്രികളിൽ 14 എണ്ണം മാത്രമാണ് ഭാഗികമായി പ്രവർത്തിക്കുന്നത്. തുടർച്ചയായ ഷെല്ലാക്രമണത്തിൽ വിഭവങ്ങൾ ഇല്ലാതായതോടെ പല ആശുപത്രികളും അടച്ചുപൂട്ടാൻ നിർബന്ധിതരായി.
ഗാസയിലെ 22 ലക്ഷത്തോളം വരുന്ന ജനസംഖ്യയിൽ ഭൂരിഭാഗവും യുദ്ധത്തിനിടെ പലതവണ പലായനം ചെയ്തവരാണ്. ശരിയായ പരിചരണം ലഭിക്കാതെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറുന്ന സ്ത്രീകൾക്ക് അകാല പ്രസവത്തിനുള്ള സാദ്ധ്യത കൂടുതലാണ്. പോഷകാഹാരക്കുറവ് സ്ഥിതി കൂടുതൽ വഷളാക്കുന്നു. അഞ്ച് വയസിന് താഴെയുള്ള 13,000 കുട്ടികൾക്ക് ഓഗസ്റ്റ് മാസത്തിൽ ഗുരുതരമായ പോഷകാഹാരക്കുറവിന് ചികിത്സ നൽകിയതായി യൂണിസെഫ് അറിയിച്ചു.
മക്കളെ നഷ്ടപ്പെട്ടതിന്റെ വേദനയിൽ നീറുന്ന മത്രൂദും ഭർത്താവും തങ്ങളുടെ മകളുടെ ഭാവിയെ ഓർത്ത് നിസഹായരാണ്. 'എന്ത് ചെയ്യണമെന്ന് ഞങ്ങൾക്കറിയില്ല, ഞങ്ങളെക്കുറിച്ച് ആരും അന്വേഷിക്കുന്നില്ല. ഒരു രാജ്യവും, ഞങ്ങളുടെ സ്വന്തം ആളുകൾ പോലും തിരിഞ്ഞു നോക്കുന്നില്ല.'- അൽ ഗാലയിനി കൂട്ടിച്ചേർത്തു.