elon

ടെസ്‌ല, സ്‌പേസ്എക്‌സ്, എക്സ് എന്നിവയുടെ ഓഹരിക്കുതിപ്പ് നേട്ടമായി

കൊച്ചി: അര ലക്ഷം കോടി ഡോളർ ആസ്തി കൈവരിക്കുന്ന ലോകത്തിലെ ആദ്യ സംരംഭകനെന്ന പദവി സ്വന്തമാക്കി ടെസ്‌ലയുടെ സ്ഥാപകനും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ ഇലോൺ മസ്‌ക് ചരിത്രം സൃഷ്‌ടിച്ചു. മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ല, സ്‌പേസ്എക്‌സ്, എക്‌സ്എ.ഐ തുടങ്ങിയവയുടെ ഓഹരി വിലയിലുണ്ടായ കുതിപ്പാണ് നേട്ടമൊരുക്കിയത്. ഫോർബ്‌സിന്റെ കോടീശ്വര പട്ടികയനുസരിച്ച് മസ്‌കിന്റെ ആസ്തി നിലവിൽ 49,950 കോടി ഡോളറാണ്. ടെസ്‌ലയുടെ ഓഹരി വിലയിൽ ബുധനാഴ്‌ച നാല് ശതമാനം വർദ്ധനയാണുണ്ടായത്. ഒരു ലക്ഷം കോടി ഡോളർ ആസ്തി നേടാനുള്ള വലിയ ഓഫർ കഴിഞ്ഞ മാസം ടെസ്‌ലയുടെ ഡയറക്‌ടർ ബോർഡ് ഇലോൺ മസ്‌കിന് വാഗ്ദാനം ചെയ്തിരുന്നു.

ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിലെ അതീവ സ്വാധീനമുള്ള പദവി ഒഴിഞ്ഞ് മസ്‌ക് ഇപ്പോൾ ടെസ്‌ലയുടെ ബിസിനസിൽ കൂടുതൽ സജീവമായി. മസ്കിന്റെ മൊത്തം ആസ്തിയിൽ 50 ശതമാനവും ടെസ്‌ലയിലെ ഓഹരി പങ്കാളിത്തമാണ്. അദ്ദേഹത്തിന് 42 ശതമാനം ഓഹരി പങ്കാളിത്തമുള്ള സ്‌പേസ്‌എക്‌സിന്റെ വിപണി മൂല്യം 40,000 കോടി ഡോളറാണ്. എക്സ്എ.എക്സിന്റെ മൊത്തം വിപണി മൂല്യം 11,300 കോടി ഡോളമാണ്. കമ്പനിയിൽ 52 ഓഹരി പങ്കാളിത്തമാണ് മസ്‌കിനുള്ളത്.