ന്യൂയോർക്ക്: ശരീരഭാരം കൂടിയതിന്റെ പേരിൽ ടാക്സി ഡ്രൈവർ യാത്ര നിഷേധിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഒത്തു തീർപ്പ്. യുഎസിലെ ഡെട്രോയിറ്റ് ആസ്ഥാനമായുള്ള റാപ്പർ ഡാങ്ക് ഡിമോസ് പ്രശസ്ത ടാക്സി സർവീസ് കമ്പനിയായ ലിഫ്റ്റിനെതിരെ നൽകിയ കേസിലാണ് ഒത്തുതീർപ്പ് ഉണ്ടായത്. ദജുവ ബ്ലാൻഡിംഗ് എന്നാണ് ഡാങ്ക് ഡിമോസിന്റെ യഥാർത്ഥ പേര്.
ജനുവരിയിൽ ബ്ലാൻഡിംഗ് ഫയൽ ചെയ്ത കേസിലാണ് ഒത്തുതീർപ്പുണ്ടായിരിക്കുന്നതെന്നാണ് വിവരം. കേസ് ഔദ്യോഗികമായി പരിഹരിച്ചുവെന്നാണ് കോടതി രേഖകൾ വ്യക്തമാക്കുന്നത്. എന്നാൽ, നിയമപരമായി പുറത്തുവിടാൻ പാടില്ലാത്ത കാര്യങ്ങൾ ഉള്ളതുകൊണ്ട്, ഒത്തുതീർപ്പിന്റെ കൂടുതൽ വിവരങ്ങൾ പറയാൻ ബ്ലാൻഡിംഗിന്റെ വക്കീൽ തയ്യാറായില്ല.
കഴിഞ്ഞ ജനുവരിയിലാണ് സംഭവങ്ങളുടെ തുടക്കം. ഡെട്രോയിറ്റ് ലയൺസിന്റെ വാച്ച് പാർട്ടിക്കായി പോകാൻ ബ്ലാൻഡിംഗ് ടാക്സി സർവീസി ബുക്ക് ചെയ്യുകയായിരുന്നു. വാഹനം എത്തിയപ്പോൾ, കാറിൽ കയറാൻ തക്കവണ്ണം ബ്ലാൻഡിംഗിന് ഭാരം കൂടുതലായിരിക്കും. അതിനാൽ യാത്ര പൂർത്തിയാക്കാൻ കഴിയില്ലെന്നും ഡ്രൈവർ പറയുകയായിരുന്നു. കാറിൽ കയറാൻ തനിക്ക് സാധിക്കുമെന്ന് ബ്ലാൻഡിംഗ് ആവർത്തിച്ച് പറഞ്ഞെങ്കിലും വാഹനത്തിൽ കയറാൻ കഴിയില്ലെന്ന് ഡ്രൈവർ ഉറപ്പിച്ച് പറയുകയായിരുന്നു.
തുടർന്ന്, ബ്ലാൻഡിംഗ് പകർത്തിയ വീഡിയോയിൽ, 'കാറിന്റെ ടയറുകൾക്ക് നിങ്ങളുടെ ഭാരം താങ്ങാൻ കഴിയില്ലെന്ന്' ഡ്രൈവർ വിശദീകരിക്കുന്നത് കേൾക്കാം. അദ്ദേഹം ക്ഷമ ചോദിക്കുകയും പകരം ഊബർ ബുക്ക് ചെയ്യാൻ നിർദ്ദേശിക്കുകയും, യാത്രയ്ക്ക് പണം ഈടാക്കാതിരിക്കാൻ യാത്ര ക്യാൻസൽ ചെയ്യണമെന്ന് പറയുകയും ചെയ്തിരുന്നു.
'ഞാൻ ഇതിലും ചെറിയ കാറുകളിൽ മുമ്പ് യാത്ര ചെയ്തിട്ടുണ്ട്, ഇത് എന്നെ വിഷമിപ്പിച്ചുവെന്ന് അവർ അറിയണം' ബ്ലാൻഡിംഗ് ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ നേരെത്തെ പറഞ്ഞിരുന്നു. 'ശരീരഭാരത്തിന്റെ പേരിൽ ഒരാളുടെ യാത്ര നിഷേധിക്കുന്നത് അവരുടെ വംശത്തിന്റെയോ മതത്തിന്റെയോ പേരിൽ അധിക്ഷേപിക്കുന്നതിന് തുല്യമാണ്.
ഇത്തരം കാര്യങ്ങൾ നിയമവിരുദ്ധമാണെന്നും ജനുവരിയിൽ കേസ് ഫയൽ ചെയ്തതിന് ശേഷം ബ്ലാൻഡിംഗിന്റെ മറ്റൊരു അഭിഭാഷകനായ ജോനാഥൻ മാർക്കോ പ്രതികരിച്ചു. ഇതിനെ തുടർന്നാണ് ലിഫ്റ്റിനെതിരെ വിവേചനം ആരോപിച്ച് ബ്ലാൻഡിംഗ് നിയമനടപടി സ്വീകരിച്ചത്.