നടിയും ഗായികയുമായ മംമ്‌ത മോഹൻദാസിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ലോക സംഗീത ദിനത്തോടനുബന്ധിച്ച് ഫ്രാൻസിലെ ഒരു ബീച്ചിൽ നടന്ന ആഘോഷത്തിൽ പങ്കെടുക്കുന്ന വീഡിയോ ആണ് മംമ്ത ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. സംഗീതത്തിനനുസരിച്ച് ബീച്ച്വെയറിൽ, നൃത്തം ചെയ്യുന്ന മംമ്‌തയെ വിഡിയോയിൽ കാണാം. വീഡിയോക്കൊപ്പം താരം ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്.
'എല്ലായ്പ്പോഴും സ്വയം പ്രചോദിതരാകണം. സ്വന്തം പ്രതിബിംബത്തിന്റെ ഏറ്റവും മികച്ച വേർഷൻ ആകാൻ മറക്കരുത്. അത് നിങ്ങളേക്കാൾ വലുതാണ്. അത് എന്നേക്കാളും വലുതാണ്. എന്താണീ ‘അത്’? അത് സ്വയം ഉണർന്ന് എഴുന്നേൽക്കാനുള്ള നിങ്ങളുടെ ശക്തിയാണ്. സ്വയം പ്രചോദിതരായി നിലകൊള്ളുക. എല്ലായ്പ്പോഴും മാതൃകയാവുക. നിങ്ങളുടെ ഏറ്റവും മികച്ച പതിപ്പായി മാറാൻ ഇനിയും വൈകരുത്. ഇന്ന് ചെയ്യുക. ഇപ്പോൾ തന്നെ ചെയ്യുക'- മംമ്‌ത കുറിച്ചു.
മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളാണ് മംമ്ത മോഹൻദാസ്. ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്കെത്തിയ മംമ്തയുടെ വളർച്ചയും അതിവേഗമായിരുന്നു. ഇതിനിടയിലാണ് ക്യാൻസർ ബാധിതയാണെന്ന് അവർ തിരിച്ചറിയുന്നത്. രോഗബാധിതയായിരുന്ന സമയത്ത് താൻ നേരിട്ട ചില പ്രശ്നങ്ങളെക്കുറിച്ച് മംമ്ത അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിരുന്നു. ഇത് ഏറെ ചർച്ചയായിരുന്നു. പ്രതിസന്ധികൾ തന്നെ കൂടുതൽ ശക്തയാക്കുമെന്ന മനോഭാവമാണ് താരം എപ്പോഴും പ്രകടിപ്പിക്കുന്നത്.