rss

ചെന്നൈ: സർക്കാർ സ്കൂളിൽ മുൻകൂർ അനുമതിയില്ലാതെ ഗുരുപൂജയും പ്രത്യേക പരിശീലനവും നടത്തിയതിന് 39 ആർഎസ്എസ് പ്രവർത്തകരെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. പോരൂരിനടുത്ത് അയ്യപ്പൻതങ്കൽ സർക്കാർ ഹയർസെക്കന്ററി സ്കൂളിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ബിജെപി പ്രവർത്തകനായ തമിഴിസൈ സൗന്ദരരാജൻ പൊലീസ് നടപടിയിൽ അപലപിച്ചു. അറസ്റ്റ് ചെയ്ത പ്രവർത്തകരെ വിട്ടയക്കാൻ ആർഎസ്എസിന്റെ ശതാബ്ദി ആഘോഷത്തിനിടെ അദ്ദേഹം ആവശ്യപ്പെട്ടു.


''60 ഓളം പ്രവർത്തകർ മൈതാനത്ത് പൂജ നടത്തുന്നതിന് ഇടയിലേക്കാണ് പെട്ടെന്ന് പൊലീസെത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. മറുവശത്ത് മാഫിയകൾ പൂർണസ്വാതന്ത്ര്യത്തിൽ തെരുവിൽ ചുറ്റുന്നു. തമിഴ്നാടിന്റെ പല ഭാഗങ്ങളിലും പിടിച്ചുപറിയും കൊലപാതകങ്ങളും നടക്കുന്നു. പക്ഷേ പൊലീസ് ആർഎസ്എസ് പ്രവർത്തകരുടെ പേരിൽ മാത്രം നടപടികൾ സ്വീകരിക്കുന്നു'-സൗന്ദര രാജൻ പറഞ്ഞു. സാമൂഹിക വിരുദ്ധതയും വിഘടനവാദവും പ്രോത്സാപിപ്പിക്കുന്നത് ഡിഎംകെ സർക്കാരാണെന്നും അദ്ദേഹം ആരോപിച്ചു. സർക്കാർ അവരെ തടയുന്നതിന് പകരം ആർഎസ്എസ് പ്രവർത്തകരെ മാത്രം അറസ്റ്റ് ചെയ്യുന്നുവെന്നും സൗന്ദരരാജൻ കുറ്റപ്പെടുത്തി.


100 വർഷം തികച്ച് ആർഎസ്എസ്

ആർഎസ്എസിന്റെ 100ാം വാർഷികത്തോടനുബന്ധിച്ച് ഒക്ടോബർ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദി നൂറുരൂപയുടെ സ്മാരക നാണയം പുറത്തിറക്കി. നാണയത്തിൽ ആർഎസ്എസ് പ്രവർത്തകർ യൂണിഫോം ധരിച്ച് ഭാരതമാതാവിന് മുൻപിൽ നമിക്കുന്നതാണുള്ളത്. ഡൽഹിയിലെ അംബേദ്കർ ഇന്‍റർനാഷണൽ സെന്ററിൽ നടന്ന ആർഎസ്എസിന്റെ നൂറാം വാർഷികാഘോഷ പരിപാടിയിൽ വച്ചായിരുന്നു പ്രകാശനം. ആർഎസ്‌എസ്‌ സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ, ദൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത എന്നിവർ പരിപാടിയിൽ പങ്കെടുത്തു.