സംവിധായകൻ തരുൺ മൂർത്തിയുടെ ആദ്യ ചിത്രം ഓപ്പറേഷൻ ജാവയുടെ രണ്ടാംഭാഗം വരുന്നു. ഓപ്പറേഷൻ കംബോഡിയ എന്ന പേരിലെത്തുന്ന ചിത്രത്തിൽ പൃഥ്വിരാജ് പ്രധാന വേഷത്തിൽ എത്തും. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നു. ഓപ്പറേഷൻ ജാവയിലെ പ്രധാന താരങ്ങളായ ലുക്മാൻ, ബാലു വർഗീസ്, ബിനു പപ്പു, അലക്സാണ്ടർ പ്രശാന്ത്, ഇർഷാദ് അലി എന്നിവർ രണ്ടാംഭാഗത്തിലും ഉണ്ടാകും. തരുൺ മൂർത്തി തന്നെയാണ് ചിത്രം തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്നത്.
വി സിനിമാസ് ഇന്റനാഷണൽ, ദി മാനിഫെസ്റ്റേഷൻ സ്റ്റുഡിയോ എന്നിവയുടെ സഹകരണത്തോടെ വേൾഡ് വൈഡ് സിനിമാസ് ആണ് ചിത്രത്തിന്റെ നിർമ്മാണം. ഫായിസ് സിദ്ദിഖ് ക്യാമറയും ജേക്സ് ബിജോയ് സംഗീത സംവിധാനവും നിർവഹിക്കും. ഷെഫീറ് വി.ബി ആണ് എഡിറ്റിംഗ്. ബിനു പപ്പു കോ ഡയറക്ടറാണ്.
ഫഹദ് ഫാസിൽ നസ്ലെൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ടോർപ്പിഡോയാണ് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രം. തരുൺ മൂർത്തിയുടെ ഒടുവിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം തുടരും ബോക്സോഫീസിൽ വൻ വിജയമായിരുന്നു.