raavanan

രാമൻ രാവണനുമേൽ വിജയം നേടിയതിന്റെ ആഘോഷമാണ് ദസറ. രാവണൻ, മേഘനാഥൻ, കുംഭകരൻ എന്നിവരുടെ പ്രതിമകൾ ദസറയ്ക്ക് ചുട്ടെരിക്കാറുണ്ട്. എന്നാൽ ഇന്ത്യയുടെ ചില കോണുകളിൽ രാവണനെ ഇന്നും ആരാധിക്കുന്ന ഇടങ്ങളുണ്ട്. ഒരു മഹാ പണ്ഡിതനായും, ശിവന്റെ കടുത്ത ഭക്തനായും രാവണനെ ആരാധിക്കുന്ന സ്ഥലങ്ങൾ ഇവയെല്ലാമാണ്:

 രാവൺഗ്രാം (മദ്ധ്യപ്രദേശ്)

വിദിഷ ജില്ലയിലുള്ള രാവണഗ്രാം 'തിന്മയുടെ പ്രതീക'മെന്ന് വിശേഷിപ്പിക്കപ്പെടുന്ന രാവണനെ ആരാധിക്കുന്ന ഇടമാണ്. രാവണന്റെ 10 അടി ഉയരമുള്ള ചാരിയിരിക്കുന്ന പ്രതിമ ഇവിടെയുണ്ട്. 'രാവണ ബാബ'യെന്നാണ് നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്നത്. അവരുടെ വംശാവലി രാവണനുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിശ്വസിക്കുന്ന ഇവർ, ദസറയ്ക്ക് കോലം കത്തിച്ച് ആഘോഷിക്കുകയില്ല. കൂടാതെ ഗ്രാമത്തിലെ ഏത് വിവാഹ ചടങ്ങിനും ആദ്യം ക്ഷണിക്കുന്നതും രാവണ ബാബയെയാണ്.

 ബിസ്രാഖ് (ഉത്തർപ്രദേശ്)

ഗ്രേറ്റർ നോയിഡയ്ക്കടുത്തുള്ള ബിസ്രാഖ് ഗ്രാമം രാവണന്റെ ജന്മസ്ഥലമായിട്ടാണ് കരുതപ്പെടുന്നത്. ഇവിടെ രാവണനെ ആദരിക്കുന്നത് 'മഹാബ്രാഹ്മണൻ' എന്ന പേരിലാണ്. ദസറ ദിവസം ഗ്രാമവാസികൾ രാവണന്റെ ഓർമ്മയ്ക്കായി യജ്ഞങ്ങളും പ്രാർത്ഥനകളും നടത്തും. അദ്ദേഹത്തിന്റെ കോലം കത്തിക്കുന്നത് ബ്രഹ്മഹത്യ ചെയ്യുന്നതിന് തുല്യമാണ്. അത് ഞങ്ങൾക്ക് നിർഭാഗ്യമുണ്ടാക്കുമെന്നാണ് ഗ്രാമവാസികൾ വിശ്വസിക്കുന്നത്.

 ദർശനൻ ക്ഷേത്രം (ഉത്തർപ്രദേശ്)

കാൺപൂരിലെ ശിവാല പ്രദേശത്തെ ശിവക്ഷേത്രത്തിലും രാവണന്റെ വിഗ്രഹമുണ്ട്. ദർശൻ മന്ദിർ എന്നറിയപ്പെടുന്ന ഇവിടെ ദസറ ദിവസം മാത്രമേ വാതിലുകൾ തുറക്കുകയുള്ളു.' ജയ് ലങ്കേഷ്' എന്ന പേരിലാണ് ഭക്തർ ഇവിടെ രാവണനെ ആരാധിക്കുന്നത്. വർഷത്തിലെ ശേഷിക്കുന്ന സമയം വിഗ്രഹം മറച്ചിരിക്കും,​

 മന്ദ്സൗർ(മദ്ധ്യപ്രദേശ്)

രാവണന്റെ ഭാര്യയായ മണ്ഡോദരിയുടെ ജന്മസ്ഥലമായിട്ടാണ് മന്ദ്സൗർ കരുതപ്പെടുന്നത്. അതിനാൽ രാവണൻ ഇവിടത്തെ മരുമകനാണ്. 35 അടി ഉയരമുള്ള പ്രതിമയാണ് ഇവിടെയുള്ളത്. ഇവിടുള്ളവർ ദസറ ദിനത്തിൽ രാവണന്റെ മരണത്തിൽ ദുഃഖിക്കുകയാണ് ചെയ്യുന്നത്.

 കോലാർ, മാണ്ഡ്യ (കർണാടക)

ഇവിടെയുള്ള ഉൾഗ്രാമങ്ങളിൽ രാവണന്റെ പരമമായ ശിവഭക്തിയാണ് അദ്ദേഹത്തെ ആരാധിക്കാൻ കാരണം. ദസറ സമയത്ത് രാവണന്റെ പ്രതിമ കത്തിച്ചാൽ അത് തങ്ങളുടെ വിളവെടുപ്പിന് ദോഷം ചെയ്യും എന്നാണ് ഇവരുടെ വിശ്വാസം. വയലുകൾക്ക് ഐശ്വര്യം നൽകുന്ന ഒരു ശക്തിയായാണ് അവർ രാവണനെ കാണുന്നത്.അതുകൊണ്ട്, ദസറ സമയത്ത് ഇവിടെ ശിവനോടൊപ്പം രാവണനെയും ഗ്രാമവാസികൾ ആചാരപരമായി ആരാധിക്കുന്നു.

 കാക്കിനാഡ (ആന്ധ്രാപ്രദേശ്)

രാവണന്റെ ശിവഭക്തിയുടെ പേരിലാണ് ഇവിടെ രാവണനെ ആരാധിക്കുന്നത്. രാവണൻ തന്നെ തിരഞ്ഞെടുത്ത സ്ഥലത്ത് സ്ഥാപിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്ന കുംഭാഭിഷേക ക്ഷേത്രം അദ്ദേഹത്തിനായി സമർപ്പിച്ചിരിക്കുകയാണ്.

 ജോധ്പൂർ (രാജസ്ഥാൻ)

ദവേ-ഗോധ ശ്രീമാലി ബ്രാഹ്മണ സമൂഹം ഇവിടെ രാവണനെ തങ്ങളുടെ പൂർവ്വികനായാണ് കണക്കാക്കുന്നത്. ഈ കുടുംബങ്ങളിൽ പലരും രാവണദഹനം കാണുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും പകരം മരണത്തിൽ ദുഃഖിക്കുകയും ചെയ്യുന്നു.

 ബൈജ്നാഥ് (ഹിമാചൽ പ്രദേശ്)

രാവണന്റെ പ്രതിരൂപം കത്തിക്കുന്നത് ശിവനെ കോപിപ്പിക്കുമെന്നാണ് ഇവിടുള്ളവർ വിശ്വസിക്കുന്നത്. അതുകൊണ്ട് രാവണ ദഹനം ഇവിടെ നടത്തില്ല.

 കുളു (ഹിമാചൽ പ്രദേശ്)

ഒരാഴ്ച നീണ്ടുനിൽക്കുന്ന ദസറ ആഘോഷത്തിൽ രാവണന്റെ കോലം കത്തിക്കുന്ന ചടങ്ങ് നടത്താറില്ല. പകരം മൃഗങ്ങളെ ബലിയർപ്പിക്കുകയും ദേവതകൾക്ക് വഴിപാട് അർപ്പിച്ചുമാണ് ഉത്സവം അവസാനിപ്പിക്കുന്നത്.

 മണ്ടോർ (രാജസ്ഥാൻ)

രാവണൻ മണ്ഡോദരിയെ വിവാഹം ചെയ്തത് ഇവിടെയാണെന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് തന്നെ രാവണനെ മരുമകനായി ബഹുമാനിക്കുകയും കോലം കത്തിക്കുന്നത് ഒഴിവാക്കുകയും ചെയ്യുന്നു.

 പരസ്വദി (മഹാരാഷ്ട്ര)

ഇവിടെയുള്ള ഗോണ്ട് ഗോത്ര സമൂഹത്തിന്റെ രാജാവാണ് രാവണൻ. സ്വയം രാവണവംശങ്ങൾ എന്ന് വിളിക്കുകയും ഈ സമൂഹം രാവണനെ ആരാധിക്കുകയും ചെയ്യുന്നു.