bsnl

ന്യൂഡല്‍ഹി: സ്വകാര്യ മൊബൈല്‍ കമ്പനികളുമായുള്ള വിപണിയിലെ മത്സരം കടുപ്പിക്കാന്‍ ഉറച്ച് ബിഎസ്എന്‍എല്‍. ടാറ്റ കമ്മ്യൂണിക്കേഷന്‍സുമായി ചേര്‍ന്ന് വമ്പന്‍ നീക്കത്തിനാണ് ബിഎസ്എന്‍എല്‍ തയ്യാറെടുക്കുന്നത്. ടാറ്റയുമായി ചേര്‍ന്ന് ഇന്ത്യയില്‍ ഉടനീളം ഇ-സിം സേവനങ്ങള്‍ ആരംഭിക്കാനാണ് നീക്കം. ഈ അടുത്താണ് ഇ-സിം പദ്ധതി പരീക്ഷണ അടിസ്ഥാനത്തില്‍ ബിഎസ്എന്‍എല്‍ തമിഴ്‌നാട്ടില്‍ നടപ്പിലാക്കിയിരുന്നു.

ടാറ്റ കമ്മ്യൂണിക്കേഷന്‍സിന്റെ അത്യാധുനിക ജിഎസ്എംഎ അംഗീകൃത ഇസിം സബ്സ്‌ക്രിപ്ഷന്‍ മാനേജ്മെന്റ് പ്ലാറ്റ്ഫോമായ കമ്മ്യൂണിക്കേഷന്‍സ് മൂവ് വഴിയാണ് ബിഎസ്എന്‍എലിന്റെ ഇസിം സേവനം കൈകാര്യം ചെയ്യുന്നതെന്ന് കമ്പനി പറഞ്ഞു. 2ജി, 3ജി, 4ജി സര്‍വീസുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇ-സിം സൗകര്യം ഉപയോഗിക്കാന്‍ കഴിയും. ഇ-സിം സ്ലോട്ട് സൗകര്യം മാത്രമുള്ള ഡിവൈസുകളിലും ഒപ്പം ഒരു സാധാരണ സിമ്മും ഇ- സിം സ്ലോട്ടും ഉള്ള ഡിവൈസുകളിലും ഇ- സിം സൗകര്യം ഉപയോഗിക്കാന്‍ കഴിയും.

ഇ-സിം സ്ലോട്ട് സൗകര്യം മാത്രമുള്ള ഡിവൈസ് ഉപയോഗിക്കുന്നവരും ഇന്ത്യയില്‍ ഉണ്ട്. ഇത്തരക്കാരെ ലക്ഷ്യമിട്ടാണ് ബിഎസ്എന്‍എല്ലിന്റെ നീക്കം. കഴിഞ്ഞ മാസമാണ് രാജ്യത്ത് 4ജി സംവിധാനങ്ങള്‍ ബിഎസ്എന്‍എല്‍ ആരംഭിച്ചത്. അധികം വൈകാതെ തന്നെ 5ജി സൗകര്യങ്ങളും ലഭ്യമാക്കുന്നതിന്റെ പണിപ്പുരയിലാണ് കമ്പനി ഇപ്പോള്‍.