കൊല്ലം: മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍. കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ആണ് സംഭവം. കൊല്ലം നെടുമ്പന സ്വദേശി ഹുസൈന്‍ (25) ആണ് ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. 20 ഗ്രാം എംഡിഎംഎയാണ് പ്രതിയില്‍ നിന്ന് കണ്ടെത്തിയത്.
ബംഗളൂരുവില്‍ നിന്ന് കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയതായിരുന്നു ഹുസൈന്‍. ഈ സമയത്ത് റെയില്‍വേ സ്റ്റേഷനില്‍ ഡാന്‍സാഫ് സംഘത്തിന്റെ പരിശോധന നടക്കുന്നുണ്ടായിരുന്നു. ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത് കണ്ട് ഹുസൈന്‍ ഇവിടെ നിന്ന് രക്ഷപ്പെട്ട് ഓടാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെയാണ് സംഘത്തിന് സംശയം തോന്നിയത്.
പരിശോധനാ സംഘത്തെ കണ്ട് കടക്കാന്‍ ശ്രമിച്ച ഇയാളെ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് ഇയാള്‍ ധരിച്ചിരുന്ന പാന്റിന്റെ പോക്കറ്റില്‍ നിന്നും എംഡിഎംഎ കണ്ടെത്തിയത്. 20 ഗ്രാം എംഡിഎംഎയാണ് പ്രതിയില്‍ നിന്ന് പരിശോധന നടത്തുകയായിരുന്ന സംഘം കണ്ടെടുത്തത്. ബംഗളൂരുവില്‍ നിന്നാണ് എംഡിഎംഎ എത്തിച്ചതെന്നാണ് നിഗമനം. പ്രതിയെ വിശദമായി ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് ഡാന്‍സാഫ് ടീം.