നിയന്ത്രണങ്ങള്‍ കടുപ്പിച്ച് റിസര്‍വ് ബാങ്ക്
കൊച്ചി: സുതാര്യതയും ഉപഭോക്താക്കളുടെ സുരക്ഷിതത്വവും ഉറപ്പുവരുത്താന്‍ റിസര്‍വ് ബാങ്ക് സ്വര്‍ണ പണയ രംഗത്ത് നിയന്ത്രണം കടുപ്പിക്കുന്നു. പുതിയ നയമനുസരിച്ച് പ്രതിമാസ തിരിച്ചടവ് സംവിധാനമില്ലാത്ത(ഇ.എം.ഐ) സ്വര്‍ണ വായ്പകള്‍ പുതുക്കുന്നതിന് മുതലും പലിശയും പൂര്‍ണമായും അടച്ചുതീര്‍ക്കണം. ഇത്തരം വായ്പകള്‍ ഒരു വര്‍ഷത്തിനകം തിരിച്ചടക്കണം. വായ്പ അടച്ചുതീര്‍ത്താലുടന്‍ പണയ സ്വര്‍ണം തിരിച്ചുനല്‍കുന്നതിനുള്ള വ്യവസ്ഥകളും ശക്തമാക്കി.
പണമടച്ച് ഏഴ് ദിവസത്തിനകം സ്വര്‍ണം നല്‍കിയില്ലെങ്കില്‍ ഓരോ ദിവസവും അയ്യായിരം രൂപ ഫൈന്‍ ഉപഭോക്താവിന് നല്‍കണം. സ്വര്‍ണത്തിന്റെ മൂല്യനിര്‍ണയം, വായ്പാ കരാര്‍, ലേലം എന്നിവ സുതാര്യമാക്കണം. ലേലം ചെയ്ത സ്വര്‍ണത്തില്‍ നിന്ന് ലഭിക്കുന്ന പണത്തില്‍ വായ്പാ തുകയുടെ ബാക്കി ഉപഭോക്താവിന് മടക്കി നല്‍കണം. നിബന്ധനകള്‍ ഒക്ടോബര്‍ ഒന്നിന് പ്രാബല്യത്തിലായി.
സ്വര്‍ണം വാങ്ങാന്‍ വായ്പയില്ല
സ്വര്‍ണാഭരണങ്ങള്‍, സ്വര്‍ണ നാണയങ്ങള്‍, ഗോള്‍ഡ് ഇ.പി.എഫുകള്‍, സ്വര്‍ണ നിക്ഷേപ പദ്ധതികള്‍ എന്നിവ വാങ്ങാന്‍ വായ്പ നല്‍കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. സ്വര്‍ണമോ വെള്ളിയോ അസംസ്‌കൃത വസ്തുവായി ഉപയോഗിക്കുന്ന മാനുഫാക്ചറിംഗ് സ്ഥാപനങ്ങള്‍ക്ക് മൂലധന വായ്പകള്‍ നല്‍കുന്നതിനും അനുമതി നല്‍കി.
അടുത്ത ഏപ്രില്‍ മുതല്‍ അധിക വായ്പ
അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ 2.5 ലക്ഷം രൂപ വരെയുള്ള വായ്പകളില്‍ സ്വര്‍ണത്തിന്റെ മൂല്യത്തിന്റെ 85 ശതമാനം തുക ഉപഭോക്താവിന് ലഭിക്കും.
വായ്പ തുക വായ്പാ-മൂല്യ അനുപാതം
2.5 ലക്ഷം രൂപ 85%
2.5-5 ലക്ഷം രൂപ 80%
5 ലക്ഷം രൂപയ്ക്ക് മുകളില്‍ 75%