egg

അടുക്കളയിൽ സംഭവിക്കുന്ന ഒരു ചെറിയ പിഴവുപോലും വലിയ അപകടത്തിന് കാരണമായേക്കാം. അത്തരത്തിലുളള നിരവധി സംഭവങ്ങൾ അടുത്തിടെ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു യുവാവ് പങ്കുവച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. ഒരു സ്ത്രീ,​ പുഴുങ്ങിയ മുട്ട മുറിക്കാൻ ശ്രമിക്കുമ്പോൾ അത് ഒരു ചെറിയ ബോംബുപോലെ പൊട്ടിത്തെറിക്കുന്നതാണ് വീഡിയോ. ഇതുകണ്ട പലരും എന്താണ് കാരണമെന്ന് അന്വേഷിക്കാൻ ആരംഭിച്ചു.

വീഡിയോയിൽ സ്ത്രീ മുട്ട ചൂടുവെളളത്തിലിട്ട് പുഴുങ്ങുന്നു. സമയപരിധി കഴിയുന്നതോടെ പുഴുങ്ങിയ മുട്ടയുടെ പുറന്തോട് നീക്കം ചെയ്ത് മൈക്രോവേവിൽ വച്ച് താപനിലയും സമയവും ക്രമീകരിച്ച് വീണ്ടും ചൂടാക്കുന്നത് കാണാം. ശേഷം മുട്ടയെ ഒരു കത്തിയുപയോഗിച്ച് മുറിക്കാൻ ശ്രമിക്കുമ്പോൾ അത് പൊട്ടിത്തെറിക്കുന്നതാണ് കാണാൻ സാധിച്ചത്. വ്യാജവീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതെന്നായിരുന്നു ചിലരുടെ കമന്റ്. എന്നാൽ ചിലർ ഇതിനുപിന്നിലെ ശാസ്ത്രീയ വശങ്ങളും വിശദീകരിക്കുകയുണ്ടായി.

പുഴുങ്ങിയ മുട്ട വീണ്ടും ചൂടാക്കുമ്പോൾ അതിനുളളിലെ ജലം നീരാവിയാകുന്നു. ഇത് മൈക്രോവേവ് ഉപയോഗിച്ചതുകൊണ്ടാകുമ്പോൾ ഈ പ്രവൃത്തി വേഗത്തിലാകുന്നു. പക്ഷെ മുട്ടയുടെ ബാഹ്യപാളിക്ക് ഈ നീരാവിയെ തടയാൻ സാധിക്കും. എന്നാൽ അതിനുളളിലെ മർദ്ദം വർദ്ധിച്ചുകൊണ്ടിരിക്കും. ഇതിലൂടെ മുട്ടയുടെ ബാഹ്യപാളി ദുർബലമാകുന്നു. മുട്ട മുറിക്കുന്നതോടെ മർദ്ദം ശക്തിയായി പുറത്തുവരികയും പൊട്ടിത്തെറിക്കുകയും ചെയ്യുന്നു.


അമേരിക്കൻ അക്കാഡമി ഒഫ് ഒഫ്‌താൽമോളജി പുറത്തുവിട്ട റിപ്പോർട്ടനുസരിച്ച്, ഇത്തരം സ്‌ഫോടനങ്ങൾ സമീപത്തുളള ഒരു വ്യക്തിയുടെ കോർണിയയിൽ പൊള്ളലേൽപ്പിക്കാൻ കഴിവുളളതാണ്. ഇത് കാഴ്ചയെ തന്നെ ബാധിച്ചേക്കാം.