ലക്നൗ: ഭാര്യയുമായി വഴക്കിട്ടതിനെത്തുടർന്ന് ഭാര്യവീട്ടുകാർ ഹൈവേയിൽ ഓടിച്ചിട്ട് മർദിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. ഉത്തർപ്രദേശിലെ ഹാപ്പൂരിലാണ് സംഭവം. സോനു എന്ന യുവാവാണ് മരണപ്പെട്ടത്. ഇയാളെ മർദിച്ചശേഷം നിർബന്ധിച്ച് വിഷം കുടിപ്പിച്ചതായും ആരോപണമുണ്ട്. സംഭവത്തിൽ സോനുവിന്റെ ഭാര്യ ഉൾപ്പെടെ ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തു.
ബുധനാഴ്ച രാവിലെയോടെയാണ് ഹാപ്പൂരിൽ താമസിക്കുന്ന സോനുവും ഭാര്യയും തമ്മിൽ വഴക്കുണ്ടായത്. ഇതിനുപിന്നാലെ യുവതി ബുലന്ദ്ഷഹറിലുള്ള തന്റെ വീട്ടുകാരെ വിവരം അറിയിക്കുകയും അവരെ വിളിച്ചുവരുത്തുകയും ചെയ്തു. തുടർന്ന് സ്ഥലത്തെത്തിയ യുവതിയുടെ വീട്ടുകാർ സോനുവിനെ മർദിക്കുകയായിരുന്നു. സോനു രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ഇവർ ഹൈവേയിൽ ഓടിച്ചിട്ട് ആക്രമിച്ചു. സോനുവിനെ സഹായിക്കാൻ ശ്രമിച്ച നാട്ടുകാരോടും ഇവർ മോശമായി പെരുമാറിയശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഗുരുതരാവസ്ഥയിലായ സോനുവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
തന്റെ മകനെ ഭാര്യവീട്ടുകാർ നിർബന്ധിച്ച് എന്തോ കുടിപ്പിച്ചാണ് കൊന്നതെന്ന് സോനുവിന്റെ അമ്മ സുഖ്‌വിരി ആരോപിച്ചു. ദമ്പതികൾ തമ്മിൽ വഴക്കുണ്ടാകുന്നത് സ്വാഭാവികമാണെന്നും വഴക്കിന്റെ കാരണം തനിക്കറിയില്ലെന്നും അവർ പറഞ്ഞു. "എന്റെ മകൻ ഭാര്യക്ക് ആവശ്യമുള്ളതെല്ലാം നൽകിയിരുന്നു. അവൾക്കുവേണ്ടി ഉണ്ടായിരുന്ന സ്ഥലം പോലും വിറ്റു. അവൾ എന്റെ സ്വർണാഭരണങ്ങൾ എടുത്തു കൊണ്ടുപോവുകയും ചെയ്തു" -സുഖ്‌വിരി കൂട്ടിച്ചേർത്തു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ കുറച്ച് പേർ വടിയുമായി ഹൈവേയിലൂടെ സോനുവിനെ ഓടിച്ചിട്ട് പിടിക്കാൻ ശ്രമിക്കുന്നത് കാണാം. സോനുവിന്റെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഭാര്യ ഉൾപ്പെടെ ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികൾക്കുവേണ്ടി തിരച്ചിൽ തുടരുകയാണ്. പ്രാഥമിക അന്വേഷണത്തിൽ സോനു വിഷാംശമുള്ള പദാർത്ഥം ഉള്ളിൽച്ചെന്നാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും അതനുസരിച്ച് നിയമനടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.