nimish-ravi

മലയാളി പ്രേക്ഷക‌ർ ഏറ്റെടുത്ത് വൻ വിജയമാക്കി മാറ്റിയ ചിത്രമാണ് 'ലോക'. സിനിമ കണ്ട ഓരോരുത്തരും എടുത്തുപറഞ്ഞത് ഛായാഗ്രഹണത്തിന്റെ മികവിനെക്കുറിച്ചാണ്. ഇപ്പോഴിതാ ഛായാഗ്രാഹകൻ നിമിഷ് രവിക്ക് സ്‌നേഹ സമ്മാനം നൽകിയിരിക്കുകയാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയ നടി കല്യാണി പ്രിയദർശൻ. കല്യാണിക്ക് നന്ദി അറിയിച്ച് നിമിഷ് തന്റെ ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവച്ചിട്ടുണ്ട്. ഈ പോസ്റ്റ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.

'പ്രിയപ്പെട്ട കല്യാണി, നിങ്ങൾ വളരെ വലിയ മനസിനുടമയാണ്. വളരെ നന്ദി. ഈ വാച്ചിന്റെ നിറം എന്നെ ലോകയുമായും ചന്ദ്രയുമായും നേരിട്ട് ബന്ധിപ്പിക്കുന്നു. മറ്റെന്തിനെക്കാളുമുപരി, തുടർച്ചയായ കഠിനാദ്ധ്വാനം നല്ല കാര്യങ്ങളിലേക്ക് നയിക്കുമെന്ന് ഇതെന്നെ ഓർമപ്പെടുത്തും. ഈ സിനിമയും അതുമായി ബന്ധപ്പെട്ടിരിക്കുന്ന ആളുകളും അക്കാര്യം എന്നെ ഓർമപ്പെടുത്തിക്കൊണ്ടിരിക്കും. ഇത് കഠിനാദ്ധ്വാനത്തിനുള്ള സമ്മാനമാണ്. ഒരുപാട് സ്‌നേഹം' - എന്നാണ് നിമിഷ് രവി കുറിച്ചത്.

സ്വിസ് കമ്പനിയായ ഒമേഗയുടെ 9.8 ലക്ഷം രൂപ വിലവരുന്ന സ്‌പീഡ്‌മാസ്‌റ്റർ 57 എന്ന മോഡൽ അത്യാഡംബര വാച്ചാണ് കല്യാണി നിമിഷിന് സമ്മാനമായി നൽകിയത്. 40.5 എംഎം ഡയലും ലെതർ സ്‌ട്രാപ്പുമാണ് ഇതിന്റെ പ്രത്യേകത. വാച്ച് കെട്ടി നിൽക്കുന്ന നിമിഷിന്റെ കൈയും അതിന്റെ പശ്ചാത്തലത്തിൽ പുഞ്ചിരിച്ച് നിൽക്കുന്ന കല്യാണിയുടെ ചിത്രവുമാണ് പോസ്റ്റ് ചെയ്‌തിരിക്കുന്നത്. 'നിങ്ങളാണ് ഏറ്റവും മികച്ചത് ' എന്നാണ് കല്യാണി പോസ്റ്റിന് കമന്റിട്ടിരിക്കുന്നത്. ടൊവിനോ, അഹാന കൃഷ്‌ണ തുടങ്ങിയവരും കമന്റ് ചെയ്‌തിട്ടുണ്ട്. നേരത്തേ 'ലക്കി ഭാസ്‌കറി'ന്റെ വിജയത്തിൽ ദുൽഖർ സൽമാനും നിമിഷിന് ഒരു ആഡംബര വാച്ച് സമ്മാനിച്ചിരുന്നു.