ലക്‌നൗ: പ്രതിരോധ രംഗത്ത് ഇന്ത്യ സ്വയംപര്യാപ്‌തത കൈവരിക്കാനുള്ള നടപടികൾ കഴിഞ്ഞ കുറച്ചുനാളായി കേന്ദ്രസർക്കാർ സ്വീകരിച്ചുവരികയാണ്. ഇന്ത്യൻ സൈന്യത്തിന് വേണ്ടി ആറ് വർഷം മുൻപ് റഷ്യയുമായി ഇന്ത്യ ഒപ്പുവച്ച ഒരു കരാർ ഇപ്പോൾ യാഥാർത്ഥ്യമാകുകയാണ്. ഇക്കാര്യം കഴിഞ്ഞയാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്ഥിരീകരിച്ച് പ്രസ്‌താവനയിറക്കിയിരുന്നു. റഷ്യയുമായി ചേർന്ന് എകെ-203 റൈഫിളുകൾ നിർമ്മിക്കുന്നത് ഇന്ത്യയിൽ തുടക്കം കുറിക്കുകയാണ്.
'നമ്മുടെ പ്രതിരോധ സേനകൾക്ക് രാജ്യത്ത് നിർമ്മിച്ച ആയുധങ്ങൾ ആവശ്യമാണ്. മറ്റുരാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്‌ക്കണം എന്നവർ ആഗ്രഹിക്കുന്നു. ഊർജ്ജസ്വലതയേറിയ ഒരു പ്രതിരോധ മേഖല നമ്മൾ വികസിപ്പിക്കുകയാണ്. ആയുധങ്ങളുടെ ഓരോ ഭാഗങ്ങളിലും ഇന്ത്യയിൽ നിർമ്മിച്ചത് എന്ന് ആലേഖനം ചെയ്യുന്ന ഒരു വ്യവസ്ഥ നമ്മളുണ്ടാക്കുകയാണ്. യു.പി ഇതിൽ പ്രധാന പങ്കുവഹിക്കുകയാണ്.' പ്രധാനമന്ത്രി ദിവസങ്ങൾക്ക് മുൻപ് പ്രതികരിച്ചത് ഇങ്ങനെയാണ്.
'എകെ-203 റൈഫിളുകളുടെ നിർമ്മാണം റഷ്യയുടെ സഹായത്തോടെ താമസിയാതെ ആരംഭിക്കും. യുപിയിൽ ഒരു പ്രതിരോധ ഇടനാഴി സൃഷ്‌ടിക്കും. ബ്രഹ്‌മോസ് മിസൈലടക്കം നിരവധി ആയുധങ്ങൾ ഇവിടെ നിർമ്മാണം ആരംഭിച്ചുകഴിഞ്ഞു.' പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഒരു ലക്ഷം തോക്കുകൾ റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്യാനും ബാക്കി ഇന്ത്യയിൽ നിർമ്മിക്കാനുമായിരുന്നു 2019ൽ കരാറുണ്ടാക്കിയത്. ഇത് പ്രകാരം തോക്ക് നിർമ്മിക്കുന്നതിനായുളള ഫാക്ടറി നിർമ്മാണം യു പിയിലെ അമേഠിയിൽ പൂർത്തിയായി.
ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്ന ഇൻസാസ് റൈഫിളിന് പകരമായാണ് എ കെ 203 സ്ഥാനം പിടിക്കുക. ഭാരം കുറഞ്ഞ ഈ തോക്കിന്റെ ദൂരപരിധി 800 മീറ്ററാണ്. സൈനികർക്ക് വളരെ വേഗത്തിലും എളുപ്പത്തിലും കൈകാര്യം ചെയ്യാൻ സാധിക്കുമെന്നതും മേന്മയാണ്. ഇന്ത്യയുടെ ഓർഡിനൻസ് ഫാക്ടറിയും കലാഷ്‌നിക്കോവ് കൺസോണും റോസോബോൺ എക്സ്‌പോർട്ട്സും ചേർന്നാണ് ഇന്ത്യയിൽ തോക്കുകൾ നിർമ്മിക്കുന്നത്. ഒരു മിനുട്ടിൽ 700 റൗണ്ട് തിരയുതിർക്കാൻ എ കെ-203 കൊണ്ട് കഴിയും.