ഒറ്റയിരുപ്പിൽ പത്ത് കിലോഗ്രാം വറ്റൽമുളക് കഴിച്ച യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മേഘാലയിലെ ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിലെ ബറ്റാവ് ഗ്രാമത്തിലെ കർഷകനായ റാം പിർതുവിന്റെ വീഡിയോയാണ് നിമിഷനേരം കൊണ്ട് മില്യൺകണക്കിനാളുകൾ കണ്ടത്. യാതൊരു പ്രയാസവുമില്ലാതെ യുവാവ് വറ്റൽമുളക് കഴിക്കുന്നതാണ് വീഡിയോ. ഒരു തുളളി കണ്ണുനീർ പൊഴിക്കുകയോ വിയർക്കുകയോ ചെയ്യാത്തതും ശ്രദ്ധേയമാണ്.
വീഡിയോയിൽ കഴിച്ചതിനുശേഷം അവശേഷിക്കുന്ന മുളക് മുഖത്ത് അരച്ചു പുരട്ടുന്നതും കാണാം. ചില അവകാശവാദങ്ങളും യുവാവ് വീഡിയോയിൽ ഉന്നയിക്കുന്നുണ്ട്. സോപ്പിനുപകരം മുളകുപൊടി ഉപയോഗിച്ച് സ്വകാര്യഭാഗങ്ങൾ വൃത്തിയാക്കുമെന്നും പറയുന്നു. എന്നാൽ ഇത്തരം വാദങ്ങളുമായി ബന്ധപ്പെട്ട് യാതൊരു തെളിവുകളും വീഡിയോയിൽ നൽകിയിട്ടില്ല.
മുളക് തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നാണ് കർഷകൻ പറയുന്നത്. കുട്ടിക്കാലം മുതൽ ഞാൻ മുളക് കഴിക്കുന്നുണ്ടെന്നും പലരും ഇത് അനുകരിക്കാൻ ശ്രമിച്ചെങ്കിലും നടന്നിട്ടില്ലെന്നും റാം പിർതു പറയുന്നു.
യുവാവിന്റെ ജീവിതശൈലിയും മറ്റുളളവരെ ഞെട്ടിപ്പിക്കുന്ന തരത്തിലുളളതാണ്. രാവിലെ മുളകുചായ കുടിച്ചുകൊണ്ടാണ് റാം പിർതു തന്റെ ഒരു ദിവസം ആരംഭിക്കുന്നത്. ഉച്ചയ്ക്ക് മുളക് മട്ടൺ കറി കഴിക്കും. വൈകുന്നേരം പച്ചമുളക് കഴിക്കും. തന്റെ മരുന്ന് മുളകാണെന്നാണ് ഇയാൾ പറയുന്നത്.