സാൻ ഫ്രാൻസിസ്കോ: തീപിടിച്ച ടെസ്‌ല വാഹനത്തിൽ ഡിസൈൻപിഴവ് മൂലം രക്ഷപെടാനാകാതെ 19വയസുകാരി
മരിച്ചുവെന്ന് ആരോപിച്ച് മാതാപിതാക്കൾ കോടതിയിൽ കേസ് ഫയൽ ചെയ്തു. ക്രിസ്റ്റ സുകഹാരയെന്ന കോളേജ്
വിദ്യാർത്ഥിനിയാണ് മരണപ്പെട്ടത്. തീപിടിത്തം പോലുള്ള സാഹചര്യങ്ങളിൽ വാതിൽ തുറക്കാൻകഴിയാത്ത വാഹനത്തിന്റെ ഡിസൈനാണ് മകളുടെ മരണത്തിന് കാരണമെന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്. തീപിടിത്തത്തിലോ മറ്റ് കാരണങ്ങളാലോ വാതിലിന് പവർ നൽകുന്ന ബാറ്ററി നശിക്കുമ്പോൾ വാതിൽ തുറക്കാൻ കഴിയില്ല എന്നതാണ് ആരോപിക്കപ്പെടുന്ന ഡിസൈൻ തകരാറ്.
കമ്പനിക്ക് വർഷങ്ങളായി ഈ പിഴവിനെക്കുറിച്ച് അറിയാമായിരുന്നുവെന്നും എന്നാൽ അത് പരിഹരിക്കാനുള്ള നടപടി ഇതുവരെസ്വീകരിച്ചില്ലായെന്നും രക്ഷിതാക്കൾ പറയുന്നു. എന്നാൽ ഈ ആരോപണങ്ങളോട് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇലോൺ മസ്‌കിനെ ധനികനായി മാറാൻ സഹായിച്ച കമ്പനിയാണ് ടെസ്‌ല. ഡ്രൈവർ മയക്കുമരുന്ന് ഉപയോഗിച്ച ശേഷം ഓടിച്ച ടെസ്‌ലയുടെ സൈബർട്രക്ക് മരത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്.ക്രിസ്റ്റ കാറിന് പിന്നിലുണ്ടായിരുന്നു. ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർ അപകടത്തിൽ മരിച്ചു.
ഡോർ ലോക്കിൽ പ്രശ്നമുണ്ടെന്ന് ടെസ്‌ല ഡ്രൈവർമാർ പരാതി നൽകിയതിനെ തുടർന്ന് ഫെഡറൽ റെഗുലേറ്റർമാർ അന്വേഷണം ആരംഭിച്ച് ഏതാനും ആഴ്ചകൾക്ക് ശേഷമാണ് ഇത്തരമൊരു സംഭവം. ഡ്രൈവറില്ലാതെ ഓടാൻ കഴിയുന്നത്ര സുരക്ഷിതമാണ് തങ്ങളുടെ കാറുകളെന്ന് അമേരിക്കക്കാരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്ന ടെസ്‌ലക്ക് ഈ കേസ് വൻ തിരിച്ചടിയാകുമെന്ന് കരുതുന്നു.