kg-george

മലയാളത്തിൽ ക്ലാസിക് സിനിമകൾ സമ്മാനിച്ച പ്രമുഖ സംവിധായകനാണ് കെജി ജോർജ്. രണ്ടുവർഷം മുൻപാണ് അദ്ദേഹം അന്തരിച്ചത്. കാക്കനാട്ടെ വൃദ്ധസദനത്തിലായിരുന്നു കെജി ജോർജിന്റെ അന്ത്യം. അദ്ദേഹത്തിന്റെ മരണാവർത്ത പുറത്തുവന്നതിനുപിന്നാലെ ഭാര്യയ്ക്കും മക്കൾക്കുംനേരെ വ്യാപകവിമർശനങ്ങൾ ഉയർന്നിരുന്നു. അച്ഛന്റെ പണവും സ്വത്തും കൈവശപ്പെടുത്തി വൃദ്ധസദനത്തിൽ തള്ളിയെന്നായിരുന്നു വിമർശനം. ഇപ്പോഴിതാ അക്കാര്യത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് മകൾ താരാ ജോർജ്.

'മക്കളെ ആശ്രയിച്ച് ജീവിക്കുന്നത് ഡാഡിക്ക് പുച്ഛമായിരുന്നു. 60 വയസ് കഴിഞ്ഞാൽ ഏതെങ്കിലും വൃദ്ധസദനത്തിൽ മാത്രമേ ജീവിക്കുകയുളളൂവെന്ന് ഡാഡി പണ്ടേ പറയുമായിരുന്നു. അങ്ങനെയാണ് ഞങ്ങൾ സിഗ്‌നേച്ചർ എന്ന വൃദ്ധസദനം കണ്ടെത്തിയത്. ഇടയ്ക്കിടയ്ക്ക് ഡാഡി വീട്ടിൽ വരുമായിരുന്നു. അദ്ദേഹം മരിക്കുന്നതിന് ഒരു വർഷം മുൻപുവരെ വീട്ടിലുണ്ടായിരുന്നു. സിനിമയിൽ നിന്നുവിട്ടുനിന്നതോടെ ഡാഡിയെ ആരും അന്വേഷിച്ചുവരാത്ത അവസ്ഥയായി. അത് അദ്ദേഹത്തിന് നല്ല വിഷമമുണ്ടാക്കിയിരുന്നു.

എന്റെ ഡാഡി മരിച്ചപ്പോൾ വൃദ്ധസദനത്തിലുളളവർ ആദ്യം അറിയിച്ചത് മാദ്ധ്യമങ്ങളെയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് അവിടെയുളളവർ ആരും ഞങ്ങളെ അറിയിച്ചിരുന്നില്ല. ആ സമയത്തുതന്നെ ഞങ്ങൾക്കെതിരെ മാദ്ധ്യമങ്ങളിലൂടെ പല ആരോപണങ്ങളും വന്നു. സ്വന്തം അച്ഛനെ അവസാനകാലത്ത് തിരിഞ്ഞുനോക്കിയില്ല. ആ ആരോപണങ്ങളെക്കുറിച്ച് ഞങ്ങൾക്ക് പ്രതികരിക്കാൻ അന്ന് സാധിച്ചില്ല. കരയാൻ പോലും കഴിഞ്ഞില്ല. ഡാഡിക്ക് വലിയ സമ്പാദ്യമൊന്നുമില്ലായിരുന്നു. വർഷങ്ങളോളം അദ്ദേഹം സിഗ്‌നേച്ചറിലാണ് താമസിച്ചിരുന്നത്. മാസം 50,000 രൂപയായിരുന്നു അവിടെ അടച്ചുകൊണ്ടിരുന്നത്.

19 സിനിമകളാണ് ഡാഡി സംവിധാനം ചെയ്തത്. മോഹൻലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യണമെന്ന് ഡാഡിക്ക് ആഗ്രഹമുണ്ടായിരുന്നു. മോഹൻലാലിനും അതേ ആഗ്രഹമുണ്ടായിരുന്നു. മോഹൻലാൽ ഗംഭീര നടനായിരുന്നുവെന്ന് അച്ഛൻ പറയുമായിരുന്നു. അദ്ദേഹം ചെയ്ത 19 സിനിമകളിലെ കഥാപാത്രങ്ങളൊന്നും മോഹൻലാലിന് ചേരുന്നതല്ലായിരുന്നുവെന്നാണ് ഞങ്ങൾക്ക് തോന്നിയിട്ടുളളത്. അദ്ദേഹം അവസാനമായി ഒരു സിനിമയ്ക്കായി തിരക്കഥ എഴുതിയിരുന്നു. അതിലെ പ്രധാന വേഷം മോഹൻലാൽ ചെയ്താൽ മാത്രമേ ശരിയാകൂകയുളളൂവെന്ന് ഡാഡി പറഞ്ഞിരുന്നു'- താരാ ജോർജ് പറഞ്ഞു.