heated-food

അധികം വരുന്ന ഭക്ഷണം ചൂടാക്കി കഴിക്കുന്നത് പുതുമയുള്ള കാര്യമല്ല. ആഘോഷങ്ങൾക്കും വിശേഷങ്ങൾക്കും ശേഷം ബാക്കി വരുന്ന ചോറും കറിയുമൊക്കെ ഫ്രിഡ്ജിൽ വച്ചശേഷം മിക്കവരും ഒന്നിൽക്കൂടുതൽ ദിവസങ്ങളിൽ ചൂടാക്കി ഉപയോഗിക്കാറുണ്ട്. പലതവണ പാചകം ചെയ്യുമ്പോഴുണ്ടാകുന്ന സമയനഷ്ടം ഇല്ലാതാക്കാനായി കൂടിയ അളവിൽ പാകം ചെയ്തശേഷം അവ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതും പിന്നീട് ആവശ്യത്തിനനുസരിച്ച് ചൂടാക്കി കഴിക്കുന്നതും പതിവാണ്. ഇങ്ങനെ പലതവണ ചൂടാക്കുമ്പോൾ ഭക്ഷണങ്ങളിൽ പലതും വിഷമായി മാറാറുണ്ടെന്നതാണ് സത്യം. ഇതറിയാതെയാണ് പല ഭക്ഷണവും ദിവസങ്ങളോളം നാം ചൂടാക്കിക്കഴിക്കുന്നത്. തുടർച്ചയായി ചൂടാക്കുമ്പോൾ വിഷമയമാകുന്ന ഭക്ഷണപദാർത്ഥങ്ങൾ ഏതൊക്കെയെന്ന് നോക്കാം. ഇതിൽ പലതും നാം നിത്യവും കഴിക്കുന്നതാണ്.

ഇലക്കറികൾ
തുടർച്ചയായി ചൂടാക്കുമ്പോൾ ചീര, മുരിങ്ങയില തുടങ്ങിയവയിൽ രാസവ്യത്യാസം ഉണ്ടാകുന്നു. ഇവയിൽ നിന്നും നൈട്രേ​റ്റ് എന്ന ഘടകം ഉൽപ്പാദിപ്പിക്കപ്പെടുന്നു. വീണ്ടും ചൂടാക്കുമ്പോൾ ഇവ നൈട്രോ സാമിനസ് എന്ന കോമ്പൗണ്ട് ആയി മാറുന്നു. കാൻസറിന് വരെ കാരണമായേക്കാവുന്നതാണ് ഇത്തരം രാസ മാ​റ്റങ്ങൾ.

ചായ
ചായയിൽ ടാനിൻ എന്ന ഘടകം അടങ്ങിയിരിക്കുന്നു. ചായ വീണ്ടും വീണ്ടും ചൂടാക്കുമ്പോൾ ടാനിന്റെ അളവ് കൂടുകയും അതൊരു പോയിസൺ ആയി മാറുകയും ചെയ്യുന്നു. ഛർദ്ദി, അനീമിയ, വയറുവേദന, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾക്ക് വരെ ഇത് കാരണമായേക്കും.

ചിക്കൻ

ചിക്കൻ കറിയും ചിക്കൻ പൊരിച്ചതുമെല്ലാം നമ്മൾ പാഴാക്കി കളയാത്ത ഭക്ഷണ വിഭവങ്ങളാണ്. അധികമുണ്ടെങ്കിൽ ഒന്നിൽ കൂടുതൽ ദിവസങ്ങളിൽ ഇത് ചൂടാക്കി ഉപയോഗിക്കും. എന്നാൽ വീണ്ടും വീണ്ടും ഉയർന്ന ഫ്ലെയിമിൽ ചിക്കൻ വേവിക്കുന്നത് നല്ലതല്ല. ആവശ്യമെങ്കിൽ മീഡിയം ഫ്ലെയിമിലോ ലോ ഫ്ളെയിമിലോ വേവിക്കാം. അപ്പോഴും പല തവണയായി ഇത്തരത്തിൽ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം.


മുട്ട
ഏത് രീതിയിൽ പാചകം ചെയ്തതാണെങ്കിലും തുടർച്ചയായി വേവിക്കുമ്പോൾ മുട്ടയുടെ പ്രോട്ടീൻ ഘടനയിൽ മാ​റ്റം വരും. അത് ശരീരത്തെ മോശമായി ബാധിക്കുന്നു.

ചോറ്
തുടർച്ചയായി ചൂടാക്കി ഉപയോഗിക്കുമ്പോൾ ചോറിൽ നിന്നും ബാസിലസ് സെറീസ് എന്ന ബാക്ടീരിയ ഉൽപ്പാദിക്കപ്പെടുന്നു. ഇവ അമിതമായി ഉണ്ടാകുമ്പോൾ ഗ്യാസ് ട്രബിൾ, ഓക്കാനം, ഭക്ഷ്യ വിഷബാധ എന്നിവയ്ക്ക് കാരണമാകുന്നു


ഉരുളക്കിഴങ്ങ്

പാചകം എളുപ്പമാക്കുന്നതിന് വേണ്ടി നേരത്തേകൂട്ടി വേവിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ഭക്ഷണ ഇനങ്ങളിൽ ഒന്നാണ് ഉരുളക്കിഴങ്ങ്. എന്നാൽ ഇത്തരത്തിൽ ചെയ്യുന്നത് ഗുണത്തെക്കാൾ അധികമായി ദോഷം ചെയ്യും.


കൂണുകൾ
കൂണുകൾ തുടർച്ചയായി ചൂടാക്കുമ്പോൾ അവയിൽ നിന്നും വിഷപദാർത്ഥങ്ങൾ ഉൽപാദിപ്പിക്കപ്പെടുന്നു . ഇത് ഛർദ്ദി, വയറിളക്കം തുടങ്ങിയവയ്ക്ക് കാരണമാകുന്നു.

വെളിച്ചെണ്ണ


പപ്പടം വറുക്കുമ്പോഴും പൂരി ഉണ്ടാക്കുമ്പോഴും അധികം വരുന്ന വെളിച്ചെണ്ണ മറ്റ് വിഭവങ്ങളുടെ പാചകത്തിന് സാധരണയായി ഉപയോഗിക്കാറുണ്ട്. എന്നാൽ വീണ്ടും വീണ്ടും ചൂടാക്കുമ്പോൾ വെളിച്ചണ്ണയിൽ നിന്നും ട്രാൻസ് ഫാ​റ്റ് ഉണ്ടാകുന്നു. ഇത് അമിതവണ്ണം, കരൾവീക്കം, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു.