ലോകമാകെ വിവിധയിനം പക്ഷികൾ ദേശാടനം നടത്താറുണ്ടെന്ന് നമുക്കറിയാം. നമ്മുടെ കൊച്ചുകേരളത്തിലും ഇത്തരത്തിൽ ഓരോ സീസണുകളിലും വന്നുപോകുന്ന പക്ഷികളുണ്ട്. നാകമോഹൻ, ആർട്ടിക് ടേൺ, വിഷുപക്ഷി, ചിലയിനം എരണ്ടകൾ എന്നിങ്ങനെ നിരവധി പക്ഷികളെ അത്തരത്തിൽ നമുക്ക് കാണാം. ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി എങ്ങനെയാണ് പക്ഷികൾ കൃത്യമായി ദേശാടനം നടത്തുന്നതെന്ന് പലപ്പോഴും നാം അത്ഭുതപ്പെടാറുണ്ട്.
ചില പ്രത്യേക കഴിവുകൾ പക്ഷികൾക്കുണ്ട്. ഈ കഴിവുകളുപയോഗിച്ചാണ് അവ സഞ്ചരിക്കേണ്ട വഴി അറിയുന്നത്. ഇവയിൽ ചിലത് നമുക്ക് മനസിലാകും. എന്നാൽ മറ്റ് ചിലതാകട്ടെ നമ്മുടെ അറിവിന്റെ പരിധിക്ക് പുറത്താണ്. ജർമ്മനിയിലെ ഏവിയൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ടർ മിറിയം ലിയെഡ്‌വോഗെൽ നൽകുന്ന വിവരമനുസരിച്ച് കാഴ്‌ചയും കേൾവിയുമാണ് വഴി കണ്ടെത്താൻ പക്ഷികൾ പ്രധാനമായും ഉപയോഗിക്കുന്ന മാർഗങ്ങൾ. ചില സ്ഥലങ്ങളിലെ അടയാളങ്ങൾ പക്ഷികൾ പ്രത്യേകം ഓർത്തുവയ്‌ക്കും. കരയിലൂടെ പറക്കുന്നവയാണ് ഇത്തരത്തിൽ ചെയ്യുന്നത്. ഈ പക്ഷികൾ പുഴകളും മലകളുമാണ് ഇത്തരത്തിൽ ഓർത്തുവയ്‌ക്കുന്നത്. എന്നാൽ പുഴകളും കുളങ്ങളും നോക്കി പറക്കുന്ന പക്ഷികൾക്ക് ഇത്തരത്തിലല്ല കഴിവ്. അവ ഗന്ധം ആശ്രയിച്ചാണ് വഴി കണ്ടെത്തുക. ഒരിക്കൽ ഇക്കാര്യം പരീക്ഷിക്കാൻ ഗവേഷകർ ചില കടൽ പക്ഷികളുടെ ഗന്ധമറിയുന്ന വഴി തടസപ്പെടുത്തി. അവ അതിനുമുകളിലൂടെ പറന്നെങ്കിലും വഴിതെറ്റിപ്പോയെന്ന് കണ്ടെത്തി.
സൂര്യനെയും നക്ഷത്രങ്ങളെയും തങ്ങളുടെ വഴികാട്ടിയായി പക്ഷികൾ കാണുന്നുണ്ട്. പകൽ ദേശാടനം നടത്തുന്ന പക്ഷികൾ സൂര്യന്റെ സ്ഥാനം നിർണയിച്ച് അത് ഏത് സമയമെന്ന് സ്വയം മനസിലാക്കിയാണ് പറക്കുന്നത്. ഒരുതരത്തിൽ മനുഷ്യർ വടക്കുനോക്കി യന്ത്രം ഉപയോഗിക്കും പോലെ. കൃത്രിമ വിളക്കുകൾ കൊണ്ട് ഇവയുടെ വഴി തെറ്റിക്കാൻ ശ്രമിച്ചപ്പോൾ ഇവയ്‌ക്ക് ശരിയായ വഴി നഷ്‌ടമായതായി കണ്ടു. പക്ഷെ മിക്ക പക്ഷികളും രാത്രിയാണ് ദേശാടനം നടത്തുന്നത് എന്ന് ഗവേഷകർ മനസിലാക്കി.
രാത്രിയിൽ നക്ഷത്രങ്ങളുടെ സ്ഥാനമെല്ലാം മനസിലാക്കിയാണ് പക്ഷികൾ പറക്കുന്നത്. ഇവ കൃത്യമായിരിക്കും. എന്നാൽ ചിലദിവസങ്ങളിൽ അന്തരീക്ഷം മേഘാവൃതമായാൽ ഇത്തരത്തിൽ നക്ഷത്രങ്ങളെ പക്ഷികൾക്ക് കാണാനാകില്ല. അപ്പോൾ മാഗ്നറ്റോറിസപ്‌ഷൻ എന്ന തങ്ങളുടെ കഴിവുപയോഗിച്ച് പക്ഷികൾ ദിശ മനസിലാക്കും. ഭൂമിയുടെ കാന്തികക്ഷേത്രം എവിടെയെന്ന് അറിയാൻ ഇതുവഴി പക്ഷികൾക്ക് കഴിയുന്നതാണ് കാരണം. ഒരുതരം രാസപ്രവർത്തനങ്ങളുടെ പ്രതിപ്രവർത്തനം വഴിയാണ് ഭൂമിയുടെ കാന്തികക്ഷേത്രം എവിടെയെന്ന് പക്ഷികൾ അറിയുന്നത്. പക്ഷികളുടെ കൊക്കുകളിൽ ഇരുമ്പ് അടങ്ങിയ ധാതുക്കളുണ്ട്. ഇവ തലച്ചോറുമായി പക്ഷികളെ ബന്ധിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ ഭൂമിയുടെ കാന്തികക്ഷേത്രം എവിടെയെന്ന് കൃത്യമായി അറിയാനാകും.
ഇവയ്‌ക്ക് പുറമേ ധ്രുവദീപ്‌തികൾ വഴിയും പക്ഷികൾ ദിശമനസിലാക്കും. എന്നാൽ സൗരോർജ്ജകാറ്റുകൾ പോലെയുള്ള പ്രതിഭാസങ്ങൾ നടക്കുമ്പോഴോ ഇടിയും മഴയും ശക്തമാകുമ്പോഴോ ഈ കഴിവ് നേരാം വണ്ണം പക്ഷികളിൽ പ്രവർത്തിക്കില്ല എന്നും ഗവേഷകർ മനസിലാക്കിയിട്ടുണ്ട്. മാതാപിതാക്കളിൽ നിന്നാണ് പക്ഷികൾ ദേശാടനം നടത്തേണ്ടതെങ്ങനെ എന്ന് മനസിലാക്കുന്നത്. എന്നാൽ കൃത്യമായി അതെങ്ങനെ എന്ന കാര്യത്തിൽ ഇപ്പോഴും പഠനങ്ങൾ നടക്കുകയാണ്.