തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുമായി ബന്ധപ്പെടുത്തി സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ഓൺലൈൻ, മൊബൈൽ ആപ്പ് തട്ടിപ്പുകളിൽ വഞ്ചിതരാകരുതെന്ന് കേരള സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജ് അറിയിച്ചു. കേരള ഭാഗ്യക്കുറിക്ക് കേരള ഭാഗ്യക്കുറി ഡയറക്ടറേറ്റ് മുഖേന കേരളത്തിൽ മാത്രം ഏജന്റുമാരും വില്പനക്കാരും വഴി നേരിട്ടുള്ള വില്പന മാത്രമേയുള്ളൂ.
ഓൺലൈൻ വില്പനയ്ക്ക് ആരെയെങ്കിലും ചുമതലപ്പെടുത്തുകയോ, ഓൺലൈൻ വില്പനയോ ഇല്ല. വ്യാജ ഓൺലൈൻ വില്പനയിൽ വഞ്ചിതരാകാതിരിക്കാൻ ശ്രദ്ധിക്കുക. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക ഓൺലൈൻ പാർട്ണർ എന്ന പേരിൽ ചിലർ ഓൺലൈൻ, മൊബൈൽ ആപ്പ് എന്നിവവഴി വ്യാജപ്രചരണം നടത്തുന്നതായ റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ ഏവരും ജാഗ്രത പുലർത്തണം. ഇത്തരം വ്യാജ പ്രചാരണങ്ങൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കാവുന്നതാണ്.