vijay

ചെന്നൈ: കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ മദ്രാസ് ഹൈക്കോടതി തള്ളി. ദേശീയ മക്കൾ ശക്തി കക്ഷിയും ബിജെപി അഭിഭാഷകനും ടിവികെയും നൽകിയ ഹ‌ർജികളാണ് തള്ളിയത്. ഹർജിക്കാർക്ക് ദുരന്തത്തിൽ നഷ്‌ടം സംഭവിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. തമിഴ്‌നാട് സർക്കാരും സിബിഐ അന്വേഷണത്തെ എതിർത്തു.

നിലവിൽ കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും കോടതി പറഞ്ഞു. പൊതുയോഗങ്ങൾ നടത്തുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ രൂപീകരിക്കുന്നത് (എസ്‌ഒപി) വരെ ഒരു യോഗത്തിനും ഇനി അനുമതി നൽകില്ലെന്ന് തമിഴ്‌നാട് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

യോഗങ്ങൾ നടക്കുമ്പോൾ ശുദ്ധജലം, ശുചിമുറി തുടങ്ങിയവ ഒരുക്കേണ്ടത് അതത് രാഷ്‌ട്രീയ പാർട്ടികളുടെ ഉത്തരവാദിത്തമാണെന്നും കോടതി വ്യക്തമാക്കി. ദേശീയ - സംസ്ഥാന പാതകളുടെ സമീപത്ത് ഒരു പാർട്ടിക്കും യോഗങ്ങൾ നടത്താൻ അനുമതി നൽകരുതെന്നും കോടതി പറഞ്ഞു. സംഭവത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം പോരെന്നും സിബിഐ അന്വേഷണം വേണമെന്നുമായിരുന്നു ടിവികെയുടെ ആവശ്യം.