ആഫ്രിക്കയിലെ നമീബ് മരുഭൂമിയെക്കുറിച്ച് കേൾക്കാത്തവർ വളരെ കുറവാണ്. നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ഇവിടെ കൗതുകവും ദുരൂഹവുമായ ഒരുപാട് കാര്യങ്ങളുണ്ട്. ഈ മരുഭൂമിയിൽ നിന്നാണ് സ്വർണം നിറച്ച കപ്പൽ കണ്ടെത്തിയത്. ഏകദേശം 500 വർഷം മുൻപ് കടലിൽ മുങ്ങിപ്പോയ പോർച്ചുഗീസ് 'ബോം ജീസസ്' എന്ന കപ്പലാണിത്. 2008ൽ വജ്ര ഖനിത്തൊഴിലാളികളാണ് ആദ്യമായി ഈ കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുന്നത്. 1533 മാർച്ച് ഏഴിന് പോർച്ചുഗലിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടതായിരുന്നു ഈ കപ്പൽ.
'ബോം ജീസസ്'
കടലിൽ വച്ച് കാണാതായ ബോം ജീസസ് വെറും ഒരു കപ്പൽ മാത്രം ആയിരുന്നില്ല. അതൊരു നിധിശേഖരം കൂടിയായിരുന്നു. കപ്പലിനുള്ളിൽ ഏകദേശം 2,000 സ്വർണ നാണയങ്ങൾ, വെള്ളി, ആനക്കൊമ്പ്, ചെമ്പ് കഷ്ണങ്ങൾ എന്നിവയുണ്ടായിരുന്നുവെന്നാണ് വിവരം. പതിനാറാം നൂറ്റാണ്ടിൽ ആഫ്രിക്ക, യുറോപ്പ്, ഇന്ത്യ എന്നിവിടങ്ങളുമായി പോർച്ചുഗൽ നടത്തിയ വ്യാപാരത്തിന്റെ വലിയ ഒരു തെളിവാണ് ഈ കപ്പൽ. ശക്തമായ ഒരു കൊടുങ്കാറ്റ് മൂലമാകാം കപ്പൽ തകർന്നത്. പിന്നാലെ കപ്പൽ തീരത്തോട് അടിഞ്ഞെന്നും നൂറ്റാണ്ടുകളായി മരുഭൂമിയിലെ മണ്ണലിന് അടിയിൽ പുതഞ്ഞിരുന്നതായുമാണ് റിപ്പോർട്ട്. മരുഭൂമിയിലെ വരണ്ട കാലാവസ്ഥയും മണലും നൂറ്റാണ്ടുകളോളം കപ്പലിനുള്ളിലെ സാധനങ്ങളെ നശിക്കാതെ സംരക്ഷിച്ചു.
നിധിശേഖരം മാത്രമല്ല ചരിത്രം
കപ്പൽ വെറുമൊരു നിധിശേഖരം മാത്രമല്ല. ചരിത്രപരമായ നിരവധി വിരങ്ങളും ഇത് നൽകുന്നു. യുറോപ്പും ആഫ്രിക്കയും തമ്മിലുള്ള വ്യാപാര ബന്ധങ്ങളെയാണ് ഈ കപ്പൽ സൂചിപ്പിക്കുന്നത്. പോർച്ചുഗീസ് രാജാവായ ജോവോ മൂന്നാമന്റെ കാലഘട്ടത്തിലെ നാണയങ്ങളാണ് കപ്പലിൽ നിന്ന് കണ്ടെത്തിയത്. കപ്പലിൽ പോർച്ചുഗീസിന്റേതാണെങ്കിലും അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ച് കപ്പൽ അപകടം നടന്നത് നമീബിയയുടെ അതിർത്തിയിലായതിനാൽ അതിന്റെ ഉടമസ്ഥാവകാശം നമീബിയയ്ക്കാണ്. ഇതിലെ നിധിയിൽ ഒരുവിധത്തിലുള്ള അവകാശവാദവും പോർച്ചുഗലിന് ഉന്നയിക്കാൻ കഴിയില്ല.
നമീബ് മരുഭൂമി
തെക്കുപടിഞ്ഞാറൻ ആപ്രിക്കയിലെ അറ്റ്‌ലാന്റിക് തീരത്തോട് ചേർന്നാണ് നമീബ് മരുഭൂമി സ്ഥിതി ചെയ്യുന്നത്. ഭൂമിയിലെ ഏറ്റവും പഴക്കമുള്ള മരുഭൂമിയെന്നാണ് നമീബ് മരുഭൂമിയെ കണക്കാക്കുന്നത്. 5.5 കോടിവർഷം പഴക്കമുണ്ടെന്നാണ് വിവരം. ഇവിടെ നിന്ന് കപ്പലിന്റെ അവശിഷ്ടങ്ങൾ മുൻപും കണ്ടെത്തിയിട്ടുണ്ട്.
മൂന്ന് രാജ്യങ്ങളിലായി 81000 ചതുരശ്ര കിലോമീറ്റർ വിസ്തീർണത്തിൽ സ്ഥിതി ചെയ്യുന്ന ലോകത്തെ ഏറ്റവും ഊഷരമായ മേഖലകളിലൊന്നാണ് ഇത്. തദ്ദേശീയമായ നാമ ഭാഷയിൽ നമീബ് എന്ന വാക്കിന്റെ അർത്ഥം ഒന്നുമില്ല എന്നതാണ്. വേനൽക്കാലത്ത് 45 ഡിഗ്രി വളരെ ചൂട് ഉയരുന്ന ഇവിടെ രാത്രി വെള്ളം ഐസാകുന്ന തണുപ്പാണ്. ജീവയോഗ്യമല്ലാത്ത സാഹചര്യങ്ങളാണ് ഇവിടെയുള്ളതെങ്കിലും ഓറിക്സ്, ചീറ്റ, കഴുതപ്പുലി, സീബ്ര, ഒട്ടകപ്പക്ഷി തുടങ്ങിയ ചില ജീവികൾ ഇവിടെ അധിവസിക്കുന്നുണ്ട്.