jurel-and-jadeja

അഹമ്മദാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യയുടെ സമ്പൂർണ ആധിപത്യം. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ 168 പന്തിൽ സെഞ്ച്വറി തികച്ചു. 127 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 444 എന്ന ശക്തമായ നിലയിലാണ് നിലവിൽ ഇന്ത്യ. ധ്രുവ് ജുറേലിന്റെ കന്നി ടെസ്റ്റ് സെഞ്ച്വറിയും ശ്രദ്ധേയമായി. ജഡേജയും ജുറേലും ചേർന്ന് അഞ്ചാം വിക്കറ്റിൽ തകർപ്പൻ സെഞ്ച്വറി കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.

മത്സരത്തിന്റെ ഇതുവരെയുള്ള അഞ്ച് സെഷനുകളും ഇന്ത്യക്ക് അനുകൂലമായിരുന്നു. രണ്ടാം ദിനം രണ്ടാം സെഷന്റെ തുടക്കത്തിൽത്തന്നെ കെ.എൽ. രാഹുൽ സെഞ്ച്വറി നേടിയ ശേഷം പുറത്തായിരുന്നു. രാവിലെ നടന്ന ആദ്യ സെഷനിൽ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ അർദ്ധ സെഞ്ച്വറി നേടിയെങ്കിലും, റിവേഴ്‌സ് സ്വീപ്പിനുള്ള ശ്രമത്തിനിടെ ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ വിൻഡീസ് ബൗളിങ്ങിനെ നിഷ്‌പ്ര‌ഭമാക്കിക്കൊണ്ട് ഇന്ത്യ 128 ഓവറിൽ 448/5 എന്ന നിലയിൽ മുന്നേറുകയാണ്. കെ.എൽ. രാഹുൽ (100), ധ്രുവ് ജൂറേൽ (125), രവീന്ദ്ര ജഡേജ (104) എന്നിവരുടെ സെഞ്ച്വറികളുടെ മികവിൽ ഇന്ത്യ 286 റൺസിന്റെ ലീഡാണ് നേടിയത്.