കല്യാണ് സൗഗന്ധികം എന്ന് വിനയൻ ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം നടത്തിയ നടിയാണ് ദിവ്യ ഉണ്ണി. വിനയൻ സംവിധാനം ചെയ്ത ചിത്രത്തിൽ ദിലീപ് ആയിരുന്നു നായകൻ. കലാഭവൻ മണി, ജഗതി ശ്രീകുമാർ, ക്യാപ്ടൻ രാജു , ജഗദീഷ് , ചിപ്പി, കെ.പി.എ.സി ലളിത തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. 1996 ഒക്ടോബറിൽ റിലീസ് ചെയ്ത ചിത്രം 29 വർഷം പൂർത്തിയായതിനെ കുറിച്ച് സംവിധായകൻ കഴിഞ്ഞ ദിവസം കുറിപ്പ് പങ്കുവച്ചിരുന്നു. ഈ കുറിപ്പിന് ഒരു ആരാധകൻ നൽകിയ കമന്റിന് വിനയൻ നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയാകുന്നത്.
കലാഭവൻ മണിയുടെ നായിക ആകാൻ ഇല്ലെന്ന് ഒരു നടി പറഞ്ഞെന്ന് വിനയൻ സാർ പറഞ്ഞത് ഈ സിനിമയെ പറ്റി അല്ലേ എന്നായിരു്നു ആരാധകന്റെ ചോദ്യം. എന്നാൽ 'അത് ഈ സിനിമ അല്ല..വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലാണ് പ്രശസ്തയായ ഒരു നടി അങ്ങനെ പറഞ്ഞതെന്ന് വിനയൻ മറുപടി നൽകി.
ആ നായിക നടിയുടെ പേര് ഞാനിതുവരെ വെളിപ്പെടുത്തിയിട്ടുമില്ല.കല്യാണ സൗഗന്ധികത്തിൽ മണിയുമായി ലൗ സീനുള്ള ഒരു പാട്ടാണ് എടുക്കാൻ പോകുന്നതെന്നു അസിസ്റ്റന്റ് ഡയറക്ടർ പറഞ്ഞപ്പോൾ ഏയ് മണിച്ചേട്ടന്റെ കൂടെ ഞാനല്ല എന്റെ ഹീറോ ദിലീപ് ചേട്ടനാണ് എന്ന് ദിവ്യ പറഞ്ഞതിനെ പറ്റി മണി ഒരു ഇന്റർവ്യൂവിൽ തമാശ രൂപേണ അവതരിപ്പിച്ചിരുന്നു. അത് ശരിയുമായിരുന്നു.
ദിലീപിന്റെ നായിക ആകാൻ ആദ്യമായി സിനിമയിലേക്കു വന്ന ഒരു പതിനാലുകാരിയുടെ സ്വപ്നം നിറഞ്ഞ ആകാംക്ഷയായി മാത്രമേ ഞാനതിനെ കണ്ടുള്ളു.പുതുമുഖം ആയതുകൊണ്ടു തന്നെ സൗമ്യതയോടെ ഞാൻ കാര്യം പറഞ്ഞു മനസ്സിലാക്കിയപ്പോൾ ദിവ്യ അതു ചെയ്യുകയും ചെയ്തു. കലാഭവൻ മണി കല്യാണ സൗഗന്ധികത്തിൽ ഉണ്ടായ കാര്യം പറഞ്ഞതും, വാസന്തിയും ലക്ഷ്മിയും എന്ന സിനിമയിലേക്കു നായികയെ അന്വഷിച്ചപ്പോൾ എനിക്കുണ്ടായ അനുഭവം പറഞ്ഞതും കൂട്ടിച്ചേർത്ത് ചിലരെഴുതിയപ്പോൾ ദിവ്യയിലേക്ക് ആ ആരോപണം മുഴുവൻ വന്നു. വാസന്തിയിൽ അഭിനയിക്കാൻ ബുദ്ധിമുട്ടു പറഞ്ഞ നടി ഒരിക്കലും ദിവ്യ ഉണ്ണി അല്ല. ദിവ്യയോട് ആവശ്യപ്പെട്ടിട്ടുമില്ല. ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമയിൽ മണിയെ നിരാകരിച്ച നടിയുടെ വിഷയം ഞാൻ സൂചിപ്പിച്ചിട്ടുണ്ട്. ഇപ്പോഴും പലരും പറയുന്ന ഒരു കാര്യത്തിന്റെ സത്യം,' വിനയൻ പറഞ്ഞു.
നടി ദിവ്യ ഉണ്ണിയെ വിടാതെ പിന്തുടരുന്ന വിമർശനമായിരുന്നു നടൻ കലാഭവൻ മണിയുടെ നായികയാവാൻ വിസമ്മതിച്ചു എന്നത്. കല്യാണ സൗഗന്ധികത്തിലെ ഗാനരംഗവും, വാസന്തിയും ലക്ഷ്മിയും ഞാനും എന്ന സിനിമയിലെ മണിയുടെ നായികാ വേഷവും ദിവ്യ ഉണ്ണി നിരസിച്ചതിന് പിന്നിലെ കാരണങ്ങൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാണ്. ഇതിനാണ് വിനയൻ ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്.