pic

വാഷിംഗ്ടൺ: ഗാസ യുദ്ധം അവസാനിപ്പിക്കാൻ യു.എസ് ആവിഷ്കരിച്ച സമാധാന പദ്ധതിയോട് ഹമാസിന്റെ പ്രതികരണം വൈകുന്നതിനിടെ, ഭയനാകമായ കാര്യങ്ങൾ സംഭവിക്കുമെന്ന ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 3ന് മുമ്പ് (വാഷിംഗ്ടൺ സമയം ഞായറാഴ്ച വൈകിട്ട് 6) പദ്ധതി അംഗീകരിക്കണമെന്ന് ട്രംപ് ഹമാസിന് മുന്നറിയിപ്പ് നൽകി. ഹമാസിനുള്ള അവസാന അവസരമാണിതെന്നും പദ്ധതി തള്ളിയാൽ ആരും കാണാത്ത തരത്തിലെ പ്രത്യാഘാതമാകും ഹമാസ് നേരിടാൻ പോവുകയെന്നും ട്രംപ് അറിയിച്ചു. പദ്ധതി അംഗീകരിക്കാൻ അറബ് രാജ്യങ്ങളും തുർക്കിയും ഹമാസിന് മേൽ സമ്മർദ്ദം ശക്തമാക്കി.

ഗാസയിലെ ഹമാസിന്റെ സൈനിക വിഭാഗം മേധാവി പദ്ധതിയെ എതിർത്തെന്ന് കേൾക്കുന്നു. എന്നാൽ മുതിർന്ന ഹമാസ് നേതാക്കളിൽ ചിലർ ഭേദഗതികളോടെ പദ്ധതി അംഗീകരിക്കാൻ തയ്യാറാണെന്നാണ് സൂചന. വെടിനിറുത്തലും ബന്ദികളുടെ കൈമാറ്റവും അടക്കം 20 നിർദ്ദേശങ്ങൾ അടങ്ങിയ ട്രംപിന്റെ പദ്ധതി ഇസ്രയേൽ അംഗീകരിച്ചിരുന്നു.

 ഇന്നലെ 49 മരണം

ഇന്നലെ ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 49 പേർ കൊല്ലപ്പെട്ടു. 31 പേർ കരയാക്രമണം രൂക്ഷമായ ഗാസ സിറ്റിയിൽ മാത്രം മരിച്ചവരാണ്. ആകെ മരണം 66,280 കടന്നു. 152 കുട്ടികൾ അടക്കം 457 പേർ പട്ടിണി മൂലം മരിച്ചു.