ന്യൂഡല്‍ഹി: പാകിസ്ഥാനിലെ ജനകീയ പ്രക്ഷോഭം അഞ്ച് ദിവസം പിന്നിട്ടതോടെ വിഷയത്തില്‍ പ്രതികരിച്ച് ഇന്ത്യ. പാക് അധിനിവേശ കാശ്മീരില്‍ അവാമി ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജനകീയ പ്രക്ഷോഭം അശാന്തിയിലേക്ക് എത്തിയതിന് കാരണം പാകിസ്ഥാന്റെ നിലപാടുകളാണെന്ന് ഇന്ത്യ വിമര്‍ശിച്ചു. പാകിസ്ഥാന്റെ അടിച്ചമര്‍ത്തല്‍ സമീപനവും വിഭവങ്ങള്‍ കൊള്ളയടിക്കുന്ന ശൈലിയുമാണ് പ്രധാന കാരണങ്ങളെന്നാണ് ഇന്ത്യ ആരോപിക്കുന്നത്.
ജനകീയ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള പാക് ശ്രമങ്ങള്‍ അപലപനീയമാണ്. വെടിവയ്പ്പില്‍ ഇതുവരെ 15 പേര്‍ കൊല്ലപ്പെടുകയും 150ല്‍ അധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അടിച്ചമര്‍ത്തലിന്റെ പേരില്‍ നടക്കുന്നത് കൊടുംക്രൂരതയാണെന്നും ഇന്ത്യ പ്രതികരിച്ചു. നിയമവിരുദ്ധമായ അധിനിവേശം നടന്ന സ്ഥലത്താണ് പ്രക്ഷോഭം നടക്കുന്നത്. അതിന് നേരെയുള്ള പാക് സൈനിക നടപടി ക്രൂരതയാണ്.
അധിനിവേശ കാശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് പാക്കിസ്ഥാനെ ഉത്തരവാദിയാക്കണമെന്നും രാജ്യാന്തര സമൂഹത്തിനോട് ഇന്ത്യ ആവശ്യപ്പെട്ടു. പ്രതിഷേധങ്ങള്‍ ആരംഭിച്ചതു മുതല്‍ കടകളും മറ്റു വ്യാപാരസ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. മൊബൈല്‍, ഇന്റര്‍നെറ്റ്, ലാന്‍ഡ് ലൈന്‍ തുടങ്ങിയ സേവനങ്ങളുടെ നിരോധനവും പാക്ക് അധിനിവേശ കാശ്മീരില്‍ തുടരുകയാണ്. പാക് സൈന്യവും ഐഎസ്‌ഐയുടെ പിന്തുണയുള്ള മുസ്ലീം കോണ്‍ഫറന്‍സുമാണ് പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. പ്രക്ഷോഭത്തെ നേരിടാന്‍ സ്ഥലത്ത് കൂടുതല്‍ സൈന്യത്തേയും പാകിസ്ഥാന്‍ അയച്ചിരുന്നു.