online-game-

ഓൺലൈൻ വഴി നടക്കുന്ന തട്ടിപ്പുകളും സൈബർ അതിക്രമങ്ങളും ഇന്ന് വ്യാപകമാണ്. ഓൺലൈൻ ഗെയിമിനിടെ തന്റെ മകൾക്കും ദുരനുഭവമുണ്ടായെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ. ഗെയിമിനിടെ അജ്ഞാതനായ വ്യക്തി മകളോട് നഗ്ന ചിത്രം ആവശ്യപ്പെട്ടെന്നാണ് അക്ഷയ്‌കുമാർ വെളിപ്പെടുത്തിയത്.

മുംബയിൽ സംസ്ഥാന പൊലീസ് ആസ്ഥാനത്ത് സൈബർ ബോധവത്കരണ മാസാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏഴു മുതൽ പത്തു വരെ ക്ലാസുകളിലെ കുട്ടികളുടെ പാഠ്യപദ്ധതിയിൽ സൈബർ പീരീഡ് ഉൾപ്പെടുത്തണമെന്ന് അക്ഷയ് കുമാർ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. തുടർന്നാണ് അദ്ദേഹം മകൾക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് പറഞ്ഞത്.

ഏതാനും മാസങ്ങൾക്ക് മുമ്പായിരുന്നു സംഭവം. ഓൺലൈൻ വീഡിയോ ഗെയിം കളിച്ചു കൊണ്ടിരിക്കെയാണ് മകൾക്ക് ഒരു മെസേജ് ലഭിച്ചത്. ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്നായിരുന്നു ചോദ്യം. പെൺകുട്ടിയാണെന്ന് പറഞ്ഞതോടെയാണ് നഗ്നചിത്രങ്ങൾ അയയ്ക്കാൻ ആവശ്യപ്പെട്ടത്. ഉടൻ തന്നെ മകൾ ഗെയിം ഓഫ് ചെയ്ത ശേഷം അമ്മയെ കാര്യമറിയിക്കുകയായിരുന്നുവെന്ന് അക്ഷയ് കുമാർ പറഞ്ഞു. ഇതും സൈബർ കുറ്റകൃത്യമാണെന്നും ഇതിനെതിരെ വിദ്യാർത്ഥികൾക്ക് ബോധവത്കരണം നൽകണമെന്നും താരം കൂട്ടിച്ചേർത്തു.