ai

ഇത് എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) യുടെ കാലമാണ്. ഭാവിയില്‍ നാം പ്രതീക്ഷിക്കുന്നതിലും വലിയ സാദ്ധ്യതയുടെ ലോകമായിരിക്കും എഐ തുറന്നിടുകയെന്ന് വിദഗ്ദ്ധര്‍ നേരത്തെ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇന്ന് മനുഷ്യന്‍ ചെയ്യുന്ന പല ജോലികളും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ എഐ ഏറ്റെടുക്കും. അതുകൊണ്ട് തന്നെ തൊഴില്‍ മേഖലയില്‍ വലിയ മാറ്റമാണ് ആഗോളതലത്തില്‍ ഉണ്ടാകാന്‍ വേണ്ടി പോകുന്നത്. ഇപ്പോഴിതാ ഇതിന്റെ ചുവട് പിടിച്ച് ഗെയ്മിംഗ് ലോകത്തെ എഐയുടെ സാദ്ധ്യതകളെ കൂടുതല്‍ വിപുലപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ഇലോണ്‍ മസ്‌ക്.

മസ്‌കിന്റെ തീരുമാന പ്രകാരം വലിയ തൊഴില്‍ സാദ്ധ്യതയാണ് എഐ വിദഗ്ദ്ധരെ തേടിയെത്തുന്നത്. ഇലോണ്‍ മസ്‌കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ എക്‌സ് എഐ (xAI), അവരുടെ ചാറ്റ്ബോട്ടായ 'ഗ്രോക്കി'നെ (Grok) വീഡിയോ ഗെയിമുകള്‍ നിര്‍മിക്കാനും കളിക്കാനും പഠിപ്പിക്കാന്‍ വിദഗ്ധരെ തേടുകയാണ്. 'വീഡിയോ ഗെയിംസ് ട്യൂട്ടര്‍മാര്‍' എന്ന തസ്തികയിലേക്കാണ് നിയമനം. ഇതൊരു സാധാരണ ജോലിയല്ല, മറിച്ച് ഒരു എഐയെ വിനോദത്തിന്റെ പുതിയ ലോകം പഠിപ്പിക്കാനുള്ള അവസരം കൂടിയാണ്.

സ്വന്തമായി വീഡിയോ ഗെയിം നിര്‍മിക്കുന്നതിന് ഗ്രോക്കിനെ തയ്യാറെടുപ്പിക്കുകയെന്നതാണ് എഐ ഗെയ്മിംഗ് വിദഗ്ദ്ധര്‍ ഏറ്റെടുക്കേണ്ട കര്‍ത്തവ്യം. ഒരു ഗെയ്മിംഗ് എക്‌സ്‌പേര്‍ട്ടിന്റെ സഹായത്തോടെ മാത്രമേ ഗ്രോക്കിനെ ഇതിന് പൂര്‍ണമായി സജ്ജമാക്കാന്‍ കഴിയുകയുള്ളൂവെന്നതുകൊണ്ടാണ് ഗെയ്മിംഗ് ഡെവലപ്പര്‍മാര്‍ക്ക് മണിക്കൂറില്‍ 8300 രൂപ വരെയുള്ള ഉയര്‍ന്ന ശമ്പളം നല്‍കി എക്‌സ് എഐ കമ്പനി ജോലിക്കായി എടുക്കുന്നത്.

ജോലിക്കായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഈ പ്രോജക്റ്റിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കും. ഗെയിമിന്റെ കഥ മുതല്‍ ഡിസൈന്‍ ഘടകങ്ങള്‍ വരെയുള്ള കാര്യങ്ങളില്‍ ക്വാളിറ്റിയുള്ള ഡാറ്റ, വിശദമായ ഫീഡ്ബാക്ക്, നോട്ട്‌സ് എന്നിവ നല്‍കുക എന്നതാണ് ഇവരുടെ പ്രധാന ചുമതല.