money

വിലവര്‍ദ്ധനത്തോതില്‍ വെള്ളി ഒന്നാമത്

കൊച്ചി: സ്വര്‍ണത്തെ പിന്നിലാക്കി വിലവര്‍ദ്ധനത്തോതില്‍ വെള്ളി ഒന്നാം സ്ഥാനത്തെത്തി, നടപ്പുവര്‍ഷം ആദ്യ ഒന്‍പത് മാസത്തില്‍ വെള്ളി വിലയില്‍ 61 ശതമാനം വര്‍ദ്ധനയാണുണ്ടായത്. സ്വര്‍ണ വില ഇക്കാലയളവില്‍ 49 ശതമാനം മാത്രമാണ് ഉയര്‍ന്നത്. പതിറ്റാണ്ടുകള്‍ക്കിടെ വെള്ളി വിലയിലുണ്ടാകുന്ന ഏറ്റവും മികച്ച കുതിപ്പാണ് ദൃശ്യമാകുന്നത്. വര്‍ഷത്തിന്റെ തുടക്കത്തില്‍ വെള്ളിയ്ക്ക് രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന്(31.1 ഗ്രാം) 28.92 ഡോളറായിരുന്നു വില. ഇന്നലെ വില ഔണ്‍സിന് 46 ഡോളറിലെത്തി. കേരളത്തിലെ വില നിലവില്‍ കിലോഗ്രാമിന് 1.61 ലക്ഷം രൂപയാണ്.

സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ പ്രിയമേറിയതോടെയാണ് മൂന്ന് വര്‍ഷത്തിനിടെ സ്വര്‍ണ വില റെക്കാഡുകള്‍ പുതുക്കി മുന്നേറിയത്. എന്നാല്‍ മൂല്യമുള്ള ലോഹമെന്ന പദവിയും വ്യാവസായിക ആവശ്യവുമാണ് വെള്ളി വിലയില്‍ കുതിപ്പുണ്ടാക്കുന്നത്. വെള്ളിയുടെ മൊത്തം ഉപഭോഗത്തില്‍ 60 ശതമാനവും വ്യാവസായിക മേഖലയില്‍ നിന്നാണ്. സൗരോര്‍ജ പാനലുകള്‍, ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍, വൈദ്യുത വാഹനങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിന് വെള്ളി വലിയ തോതില്‍ ഉപയോഗിക്കുന്നു. ഉപഭോഗം ഗണ്യമായി കൂടിയതോടെ വെള്ളി ലഭ്യത കുറയുകയാണ്.

അമേരിക്ക പലിശ കുറച്ചത് അനുഗ്രഹമായി

അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് സെപ്തംബറില്‍ മുഖ്യ പലിശ കുറച്ചത് വെള്ളി അടക്കമുള്ള പ്രഷ്യസ് ലോഹങ്ങള്‍ക്ക് ഏറെ നേട്ടമായി. നടപ്പുമാസം വീണ്ടും പലിശ കുറയ്ക്കാനുള്ള സാദ്ധ്യതയും അനുകൂലമാണ്. പലിശ കുറയുന്നതും ഡോളര്‍ ദുര്‍ബലമാകുന്നതും ചരിത്രപരമായി സ്വര്‍ണത്തിനും വെള്ളിയ്ക്കും പ്രിയം വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്.

അനുകൂല സാഹചര്യങ്ങള്‍

1. ഇന്ത്യ 92 ശതമാനം വെള്ളിയും ഇറക്കുമതി നടത്തുന്നതിനാല്‍ രൂപയുടെ മൂല്യയിടിവ് വില കൂടാന്‍ ഇടയാക്കും

2. സ്വര്‍ണം, വെള്ളി വില അനുപാതം നിലവിലെ 85 ശതമാനത്തില്‍ നിന്ന് ഉടനെ 75 ശതമാനമായി താഴ്ന്നേക്കും

3. പാശ്ചാത്യ രാജ്യങ്ങളില്‍ വെള്ളി ലഭ്യത തുടര്‍ച്ചയായി കുറയുന്നതിനാല്‍ വില ഇനിയും ഉയരാനിടയുണ്ട്

4. വെള്ളി എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലും മറ്റ് ഡിജിറ്റല്‍ ഉത്പന്നങ്ങളിലും താത്പര്യം കൂടുന്നതും അനുകൂലമാണ്