വാഷിംഗ്ടൺ: എച്ച് 1 ബി വിസ അപേക്ഷകൾക്ക് ഒരു ലക്ഷം യുഎസ് ഡോളർ (88 ലക്ഷത്തിലേറെ രൂപ) ഏർപ്പെടുത്തിയതിനെ ചോദ്യം ചെയ്ത് ഹർജി. മതവിഭാഗങ്ങളും സർവകലാശാല പ്രൊഫസർമാരും അടക്കമുള്ളവരാണ് സാൻ ഫ്രാൻസിസ്‌കോയിലെ ഫെഡറൽ കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.
രണ്ടാഴ്ച മുമ്പാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കയിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എച്ച് 1 ബി വിസ അപേക്ഷകൾക്ക് ഒരു ലക്ഷം യുഎസ് ഡോളർ ഏർപ്പെടുത്തിയത്. ട്രംപിന്റെ പ്രഖ്യാപനത്തെ ചോദ്യം ചെയ്തുള്ള ആദ്യ ഹർജിയാണിത്.
വിസ പദ്ധതിയുമായി ബന്ധപ്പെട്ട് മാറ്റം വരുത്താൻ ട്രംപിന് അധികാരമില്ലെന്നും യുഎസ് ഭരണഘടന പ്രകാരം അധികാരം കോൺഗ്രസിൽ നിക്ഷിപ്തമാണെന്നുമാണ് ഹർജിയിൽ പറയുന്നത്. അമേരിക്കയ്ക്ക് വരുമാനം ഉണ്ടാക്കുന്നതിനായി ഏകപക്ഷീയമായി ഫീസ്, നികുതികൾ അടക്കമുള്ളവ കൂട്ടാൻ പ്രസിഡന്റിന് അധികാരമില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാണിക്കുന്നു.
എച്ച് 1 ബി വിസ അപേക്ഷകൾക്ക് ഒരു ലക്ഷം യുഎസ് ഡോളർ ചുമത്തുന്നത് തൊഴിലുടമകളെയും തൊഴിലാളികളെയും ഫെഡറൽ ഏജൻസികളെയും കുഴപ്പത്തിലാക്കുന്നതാണെന്നും ഹർജിയിൽ പറയുന്നു. എച്ച് - 1 ബി വർക്കർ വിസയ്ക്ക് ഒരു ലക്ഷം ഡോളർ ഏർപ്പെടുത്തിയത് വാർഷിക ഫീസ് അല്ലെന്ന് അമേരിക്ക നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയ അപേക്ഷയ്‌ക്ക് ഇടാക്കുന്ന ഒറ്റത്തവണ ഫീസാണിതെന്ന് വൈറ്റ് ഹൗസ് വക്താവ് കാരലൈൻ ലെവിറ്റ് അറിയിച്ചിരുന്നു.
നേരത്തെ എച്ച്- 1 ബി വിസ ഉടമകൾക്കും പുതുക്കുന്നവർക്കും ഇത് ബാധകമല്ലെന്നും വ്യക്തമാക്കിയിരുന്നു. സെപ്‌തംബർ 21ന് മുമ്പ് സമർപ്പിച്ച അപേക്ഷകൾക്കും ഒരു ലക്ഷം ഡോളർ ഈടാക്കിയിരുന്നില്ല. അമേരിക്കൻ കമ്പനികൾക്ക് വിദഗ്ദ്ധ വിദേശ തൊഴിലാളികളെ ജോലിക്കെടുക്കാൻ അനുവാദം നൽകുന്നതാണ് നോൺ ഇമിഗ്രന്റ് വിസയായ എച്ച്- 1 ബി. കമ്പനികളാണ് പുതിയ ഫീസ് സർക്കാരിന് നൽകേണ്ടത്.