elon-musk

വാഷിംഗ്ടൺ: ഇന്ത്യയിൽ ബ്രിട്ടീഷുകാരുടെ കോളനിവൽക്കരണത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്​റ്റിന് പ്രതികരണം രേഖപ്പെടുത്തി ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്‌ക്. അദ്ദേഹം പോസ്​റ്റിന് ചിന്തിക്കുന്ന ഒരു ഇമോജി നൽകി ലൈക്ക് ചെയ്ത് ഷെയർ ചെയ്യുകയായിരുന്നു. ബ്രിട്ടൻ ഒരിക്കലും ഇന്ത്യ ഭരിച്ചിട്ടില്ലെന്നാണ് എക്സിലെ പോസ്​റ്റ്.

ഇന്ത്യക്കാർ ഇംഗ്ലണ്ടിൽ കാലുകുത്തി ഇംഗ്ലീഷുകാരായാൽ, ഇന്ത്യയിൽ കാലുകുത്തുന്ന ഇംഗ്ലീഷുകാരും ഇന്ത്യക്കാരായി മാറുന്നു. അതിനാൽ ഇംഗ്ലീഷുകാർ ഇന്ത്യ ഭരിച്ചിട്ടില്ല. കോളനിവൽക്കരണം എന്നൊന്നില്ല എന്ന പോസ്​റ്റാണ് പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്. ഇലോൺ മസ്‌ക് ഷെയർ ചെയ്ത പോസ്​റ്റുമായി ബന്ധപ്പെട്ട് ചൂടേറിയ ചർച്ചകളാണ് നടക്കുന്നത്. നിരവധി ഇന്ത്യൻ വംശജർ പോസ്​റ്റിന് എതിർപ്പ് പ്രകടിപ്പിക്കുകയും ചരിത്രപരമായ വസ്തുതകൾ ചൂണ്ടിക്കാണിക്കുകയും ചെയ്തു.

പോസ്റ്റിലെ അവകാശവാദം തെറ്റാണെന്നാണ് ഒരാൾ മറുപടി നൽകിയത്. കുടിയേറ്റം കോളനിവൽക്കരണമല്ല. ഇംഗ്ലണ്ടിലെ ഇന്ത്യക്കാർ ഇംഗ്ലണ്ട് ഭരിച്ചില്ല. അവർ അവിടെ ജീവിക്കുകയാണ് ചെയ്തത്. ഇന്ത്യയിലെ ഇംഗ്ലീഷുകാർ ഭൂമി, നിയമങ്ങൾ, സമ്പത്ത് എന്നിവ ബലപ്രയോഗത്തിലൂടെ നിയന്ത്രിച്ചു. കോളനിവൽക്കരണം സ്വത്വത്തെക്കുറിച്ചല്ല, ആധിപത്യത്തെക്കുറിച്ചാണെന്നും ഇദ്ദേഹം വിശദീകരിച്ചു.

മറ്റൊരാൾ പ്രതികരിച്ചത് ഇങ്ങനെ: 'ഇന്ത്യക്കാർ ഇംഗ്ലണ്ടിന്റെ വിഭവങ്ങൾ കൊള്ളയടിക്കുന്നില്ല. ഇന്ത്യക്കാർ ബ്രിട്ടീഷ് പൗരന്മാരെ പീഡിപ്പിക്കുന്നില്ല. ബംഗാളിൽ ഉണ്ടായതുപോലെ ഇന്ത്യക്കാർ ക്ഷാമം സൃഷ്ടിക്കുന്നില്ല. ഇന്ത്യക്കാർ ബ്രിട്ടീഷ് ജനതയെ അടിമകളാക്കുന്നില്ല. ജാലിയൻ വാലാബാഗിൽ സംഭവിച്ചപോലെ ഇന്ത്യക്കാർ ബ്രിട്ടീഷുകാരെ കൂട്ടക്കൊല ചെയ്യുന്നില്ല. ബ്രിട്ടീഷ് ഉപ്പ് നികുതി പോലുള്ള അടിച്ചമർത്തൽ നികുതികൾ ഇന്ത്യക്കാർ ചുമത്തുന്നില്ല."

മറ്റൊരു ഇന്ത്യൻ വംശജൻ മറുപടി നൽകിയത് ഇങ്ങനെ: "ഇന്ത്യൻ തുണി വ്യാപാരം പോലെ ബ്രിട്ടീഷ് വ്യവസായങ്ങളെ ഇന്ത്യക്കാർ നശിപ്പിക്കുന്നില്ല. സെല്ലുലാർ ജയിൽ പോലുള്ള ക്രൂരമായ ജയിലുകളിലേക്ക് ഇന്ത്യക്കാർ ബ്രിട്ടീഷുകാരെ നാടുകടത്തുന്നില്ല. ബ്രിട്ടീഷ് അവകാശങ്ങളെ അടിച്ചമർത്താൻ റൗലറ്റ് ആക്ട് പോലുള്ള നിയമങ്ങൾ ഇന്ത്യക്കാർ നടപ്പിലാക്കുന്നില്ല. 1947ലെ വിഭജനം പോലെ ഇന്ത്യക്കാർ കൂട്ട കുടിയിറക്കമോ അക്രമമോ ഉണ്ടാക്കുന്നില്ല.'