gold-plating

ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് കുറച്ചുദിവസങ്ങളായി വാർത്തകളിൽ നിറയുന്നത്. സ്വർണം നഷ്ടമായിട്ടുണ്ടോ, എങ്കിൽ അതിന് ആരാണ് കാരണക്കാർ എന്നൊക്കെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്. ഈ വാർത്തകൾക്കിടെ ശ്രദ്ധയിൽപ്പെട്ട ഒരുവാക്കാണ് 'ഇലക്ട്രോപ്ലേറ്റിംഗ്'. എന്നാൽ ഇത് എന്താണെന്നോ എങ്ങനെയാണ് ചെയ്യുന്നതെന്നോ പലർക്കും അറിയില്ല. ഇലക്ട്രോപ്ലേറ്റിംഗ് ചെയ്യുമ്പോൾ സ്വർണം നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ടോ എന്നതും പലർക്കും സംശയമുള്ള കാര്യമാണ്. അക്കാര്യങ്ങളെക്കുറിച്ച് പരിശോധിക്കാം.

ഇതാണ് സ്വർണം പൂശൽ

ഒരു ലോഹത്തിന്റെ ഉപരിതലത്തിൽ സ്വർണത്തിന്റെ നേർത്ത പാളി പിടിപ്പിക്കുന്നതിനെയാണ് സ്വർണം പൂശൽ എന്ന് പറയുന്നത്. ചെമ്പിന്റെയും വെള്ളിയുടെയും പുറത്താണ് സാധാരണ സ്വർണം പൂശുന്നത്. എല്ലാഭാഗത്തും ഒരേ അളവിൽ സ്വർണം എത്തുന്നതിനാൽ ഉള്ളിലുള്ള ലോഹം ഏതാണെന്ന് ആർക്കും മനസിലാകില്ല. പറഞ്ഞപ്പോൾ എളുപ്പത്തിൽ തീർന്നെങ്കിലും സങ്കീർണമായ നിരവധികാര്യങ്ങൾ ഇതിനുപിന്നിലുണ്ട്.

ആദ്യം വൃത്തിയാക്കൽ

സ്വർണംപൂശേണ്ട ലോഹത്തിന്റെ ഉപരിതലം നന്നായി വൃത്തിയാക്കുകയാണ് ആദ്യം വേണ്ടത്. രാസപദാർത്ഥങ്ങൾ ഇതിനായി ഉപയോഗിക്കുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള അഴുക്കോ, പൊടിയോ, എണ്ണയോ ലോഹ ഉപരിതലത്തിൽ ഉണ്ടെങ്കിൽ സ്വർണംപൂശൽ കറക്ടാവില്ല. അതിനുവേണ്ടിയാണ് വൃത്തിയാക്കുന്നത്.വൃത്തിയാക്കുന്നതിനൊപ്പം മിനുസപ്പെടുത്തിയെടുക്കുകയും ചെയ്യും.

വൃത്തിയാക്കൽ കഴിഞ്ഞ ലോഹപാളികളെ വെള്ളത്തിൽ കഴുകിയെടുക്കുകയാണ് അടുത്ത പണി. നേരത്തേ വൃത്തിയാക്കാൻ ഉപയോഗിച്ച രാസവസ്തുക്കൾ എന്തെങ്കിലും ലോഹ ഉപരിതലത്തിൽ ശേഷിക്കുന്നുണ്ടെങ്കിൽ അവ നീക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇതുകൂടി കഴിയുന്നതോടെ സ്വർണംപൂശേണ്ട ലോഹം എല്ലാത്തരത്തിലും ക്ലീൻ ആവും.

ഇനിയാണ് കൂടുതൽ പ്രധാനമായ ഘട്ടങ്ങളിലേക്ക് തിരിയുന്നത്. വൃത്തിയാക്കിയ ലോഹ പാളികളിലേക്ക് നിക്കൽ എന്ന മറ്റൊരു ലോഹത്തിന്റെ നേർത്ത പാളി പൂശിയെടുക്കുന്നു. സ്വർണത്തിനുള്ള ഒരു സംരക്ഷണപാളി എന്നനിലയിലാണ് ഇത് പ്രവർത്തിക്കുന്നത്. ഒപ്പം സ്വർണവും ലോഹവുമായുളള പിടിത്തവും കൂടുന്നു. പൂശിയ സ്വർണത്തിന് വർഷങ്ങൾ കഴിഞ്ഞാലും മങ്ങലോ മറ്റുകേടുപാടുകളാേ ഉണ്ടാകുന്നത് കുറയ്ക്കാനും ഇത് സഹായിക്കുന്നു.

ശരിക്കും സ്വർണം പൂശൽ ഇനിയാണ് നടക്കുന്നത്. വളരെ സങ്കീർണമായ പ്രക്രിയയാണിത്. സ്വർണത്തിന്റെ ചെറിയ കണങ്ങളടങ്ങിയ ഒരു ഇലക്ട്രോലൈറ്റ് ലായനിയിൽ സ്വർണംപൂശേണ്ട ലോഹം പൂർണമായി മുക്കിവയ്ക്കുന്നു. അതിനുശേഷം ഈ ലായനിയിലൂടെ നിയന്ത്രിതമായ രീതിയിൽ വൈദ്യുതി കടത്തിവിടുന്നു. തുടർന്നുണ്ടാകുന്ന രാസപ്രവർത്തനത്തിലൂടെ സ്വർണം ലോഹ ഉപരിതലത്തിൽ ഇളകിവരാത്ത രീതിയിൽ ഒരുപോലെ നിക്ഷേപിക്കപ്പെടുന്നു. ഇതോടെ തൊണ്ണൂറ്റഞ്ചുശതമാനം ജോലിയും കഴിഞ്ഞു എന്നുതന്നെ പറയാം.

ഇനിയും വൃത്തിയാക്കലുണ്ട്. സ്വർണത്തിന്റെ പാളി എല്ലായിടത്തും ഒരുപോലെ വന്നുവെന്ന് ഉറപ്പിക്കാനും അധിക രാസവസ്തുക്കൾ നീക്കംചെയ്യാനുമാണ് ഈ വൃത്തിയാക്കൽ. ഇതുകൂടി കഴിയുന്നതോടെ മികച്ച ഫിനിഷിംഗും തിളക്കവും ലഭിക്കും. ഈ സ്വർണപാളിയെ വിഗ്രഹങ്ങളിൽ പൊതിയുന്നതോടെ എല്ലാം ശുഭമാകും. വിഗ്രഹങ്ങളിൽ മാത്രമല്ല ആഭരണങ്ങൾ, ഇലക്ട്രോണിക്സ്, ഓട്ടോമോട്ടീവ് ഭാഗങ്ങളിൽ സ്വർണം പൂശുന്നതും ഇങ്ങനെതന്നെയാണ്. വായുവിൽ എത്രകാലം തുറന്നിരുന്നാലും സ്വർണത്തിന്റെ തിളക്കം കുറയില്ല. എന്നാൽ സ്വർണം പൂശിയാൽ കുറച്ചുകാലം കഴിഞ്ഞാൽ മങ്ങൽ ഉണ്ടാവാൻ സാദ്ധ്യതയുണ്ട്.

ഒന്നിലും അലിയില്ല, പക്ഷേ..

സാധാരണഗതിയിൽ ഒരു ആസിഡിലും സ്വർണം അലിയില്ല. എന്നാൽ ഹൈഡ്രോക്ലോറിക് ആസിഡും നൈട്രിക് ആസിഡും പ്രത്യേക അനുപാതത്തിൽ ചേർത്ത മിശ്രിതത്തിൽ സ്വർണം അലിയും. അക്വാറീജിയ എന്ന് അറിയപ്പെടുന്ന ഈ മിശ്രിതത്തിന് രാജകീയ ദ്രാവകം എന്ന് മലയാളത്തിലും പേരുണ്ട്. ആഭരണമോ മറ്റോ ഈ ദ്രാവത്തിൽ മുക്കിയെടുത്താൽ രൂപം മാറാതെതന്നെ അതിലെ സ്വർണം ലയിക്കുന്നു. ലായനിൽ നിന്ന് പുറത്തെടുക്കുന്ന ആഭരണത്തിന് പ്രത്യേക തിളക്കവും ലഭിക്കുന്നു. പക്ഷേ ഇതിനിടയിൽ സ്വർണത്തിന്റെ കുറച്ചുഭാഗം ലായനിയിൽ ലയിച്ചിട്ടുണ്ടാവും. സ്വർണം പൂശിയ ലോഹമാണ് ഈ ദ്രാവകത്തിൽ മുക്കുന്നതെങ്കിൽ അതിലെ സ്വർണം ലായനിയിൽ ലയിക്കും എന്നാണ് വിദഗ്ദ്ധർ പറയുന്നത്. ആർക്കും എളുപ്പത്തിൽ തിരിച്ചറിയാനും കഴിയില്ല. പിന്നീട് ഈ ലായനിയിൽ നിന്ന് സ്വർണം എളുപ്പത്തിൽ വേർതിരിച്ചെടുക്കാനും കഴിയും.