vijay-deverakonda

മലയാളികളടക്കമുള്ളവരുടെ പ്രിയപ്പെട്ട താരങ്ങളാണ് രശ്മിക മന്ദാനയും വിജയ് ദേവരക്കൊണ്ടയും. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നും വിവാഹിതരാകാൻ പോകുകയാണെന്നുമൊക്കെ നിരവധി തവണ വാർത്തകൾ പരന്നിരുന്നു. വർഷങ്ങൾ നീണ്ട സസ്‌പെൻസിനൊടുവിൽ താരങ്ങളുടെ എൻഗേജ്‌മെന്റ് കഴിഞ്ഞതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.


റിപ്പോർട്ടുകൾ പ്രകാരം ഇന്നലെയായിരുന്നു എൻഗേജ്‌മെന്റ് നടന്നത്. വിജയ് ദേവരക്കൊണ്ടയോ രശ്മികയോ എൻഗേജ്‌മെന്റ് ചിത്രങ്ങൾ പങ്കുവയ്ക്കുകയോ, വിവാഹിതരാകാൻ പോകുന്ന വിവരം പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല. എന്നിരുന്നാലും നടനോട് അടുത്ത വൃത്തങ്ങൾ റിപ്പോർട്ടുകൾ ശരിവച്ചിട്ടുണ്ടെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അടുത്ത വർഷം ഫെബ്രുവരിയിലായിരിക്കും വിവാഹം നടക്കുക. പല തവണ എൻഗേജ്മെന്റ് വാർത്തകൾ വന്നതിനാൽത്തന്നെ ഇതൊക്കെ സത്യമാണോയെന്നാണ് ആരാധക‌ർ ചോദിക്കുന്നത്.

ഇരുവരുടെയും എൻഗേജ്‌മെന്റിന്റെ എന്ന രീതിയിൽ നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതൊക്കെ ഒറിജിനലാണോ എന്നും വ്യക്തമല്ല. 2018ൽ ഹിറ്റ് ചിത്രമാണ് 'ഗീതാ ഗോവിന്ദത്തിൽ അഭിനയിച്ചതോടെയാണ് ഇരുവരും ഡേറ്റിംഗിലാണെന്ന കിംവദന്തികൾ ഉയർന്നത്. തൊട്ടടുത്ത വർഷം "ഡിയർ ഡിയർ കോമ്രേഡിലും" ഇരുവരും ഒന്നിച്ചെത്തി. ഇത് ഗോസിപ്പുകൾക്ക് ആക്കംകൂട്ടി.

ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവച്ചില്ലെങ്കിലും, ഒരേ സ്ഥലത്തുനിന്നുള്ള ചിത്രങ്ങൾ ഇരുവരും പല തവണ പങ്കുവച്ചിട്ടുണ്ട്. അതെല്ലാം ആരാധകർ കണ്ടുപിടിക്കുകയും ചെയ്തു. കഴിഞ്ഞ ഓഗസ്റ്റിൽ ന്യൂയോർക്കിൽ നടന്ന ഒരു പരിപാടിയിൽ ഇരുവരും ഒന്നിച്ച് പങ്കെടുത്തിരുന്നു. സിംഗിൾ അല്ലെന്ന് കഴിഞ്ഞ വർഷം ഇരുവരും സ്ഥിരീകരിച്ചിരുന്നു. എന്നാൽ പങ്കാളിയുടെ പേര് വെളിപ്പെടുത്തിയിരുന്നില്ല. 'കുബേര'യാണ് രശ്മികയുടെ ഒടുവിൽ റിലീസ് ചെയ്ത ചിത്രം. 'കിംഗ്ഡം' ആണ് വിജയ് ദേവരക്കൊണ്ടയുടെ പുതിയ ചിത്രം.