ananthakrishnan

പൊൻകുന്നം: ചെറുവള്ളി ഡി വി ജി എൽ പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥി എസ് എസ് അനന്ത കൃഷ്ണന്റെ സംയുക്ത ഡയറിയിലെ വിവരണം ഫേസ്ബുക്ക് പേജിലൂടെ പങ്ക് വച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വീട്ടിലെത്തിയ തേളിനെപ്പറ്റിയാണ് കുട്ടിസംയുക്ത ഡയറിയിൽ വിവരിച്ചത്. ഈ മോനാണ് തേളിനെ വർണിച്ച ആ മോൻ... എന്ന ക്യാപ്‌ഷനോടെയാണ് മന്ത്രി സ്വന്തം ഫേസ് ബുക്ക് പേജിൽ അനന്തകൃഷ്‌ണന്റെ ചിത്രം പങ്കുവച്ചത്.


വ്യാഴാഴ്ച രാത്രിയാണ് കുട്ടിയുടെ വീട്ടിൽ തേൾ എത്തിയത്. ഇതിന്റെ വിവരണം കുട്ടി തയ്യാറാക്കി. ക്ലാസ് ടീച്ചറായ ടി.സി.രശ്മിയെ ഇത് കാണിച്ചു. ടീച്ചർ കുട്ടികളുടെ ഡയറിക്കുറിപ്പുകൾ പങ്കുവെയ്ക്കുന്ന കുഞ്ഞു ഉലകം എന്ന ഗ്രൂപ്പിൽ ഇത്പങ്കുവെച്ചു.ഇതാണ് മന്ത്രിയുടെശ്രദ്ധയിൽപ്പെട്ടത്.

അനന്തകൃഷ്ണന്റെ കുറിപ്പ് ഇത്രയും വൈറലാകുമെന്ന് കരുതിയില്ലെന്ന് സ്‌കൂൾ പ്രഥാനാദ്ധ്യാപകൻ ആർ. രാജേഷ് പറഞ്ഞു. തങ്ങളുടെ ഡയറി കുറിപ്പുകൾ വിദ്യാർത്ഥികൾ മാതാപിതാക്കളോടൊപ്പം ചേർന്ന് തയ്യാറാക്കുന്നതാണ് സംയുക്ത ഡയറി. ചേർത്തല കടക്കരപ്പള്ളി ഷിജാലയം വീട്ടിൽ എസ്. എസ്. ഷിജു,ചെറുവള്ളി തയ്യിൽ വീട്ടിൽ ടി. ടി. അശ്വതിയുടെയും മകനാണ് അനന്ത കൃഷ്ണൻ.

'ഇന്നലെ രാത്രി വീട്ടിൽ ഒരു വലിയ തേൾ വന്നു. കറുത്ത നിറമായിരുന്നു. തേളിന് രണ്ട് ഇറുക്കുന്ന കൈ ഉണ്ട്. വാലിന്റെ അറ്റത്ത് സൂചി പോലെ ഇരിക്കുന്നു.'- എന്നാണ് കുട്ടിയുടെ കത്തിലുള്ളത്.