rohit-and-kohli

ന്യൂഡൽഹി: ക്രിക്കറ്റ് ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഏകദിന സ്ക്വാഡിനെ ഇന്ന് പ്രഖ്യാപിക്കാൻ സാദ്ധ്യത. ഒക്ടോബർ 19ന് പെർത്തിൽ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ രോഹിത് ശർമ്മയുടെയും വിരാട് കൊഹ്‌ലിയുടെയും സാന്നിദ്ധ്യം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുതാരങ്ങളുടെയും ഏകദിന ഭാവി സംബന്ധിച്ച ചർച്ചകൾ ക്രിക്കറ്റ് ലോകത്ത് സജീവമായി തുടരുകയാണ്.

ടെസ്റ്റിൽ നിന്നും ട്വന്റി 20യിൽ നിന്നും വിരമിച്ച ശേഷം ഏകദിനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന രോഹിത്തും കൊഹ്‌ലിയും ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്താൻ ഒരുങ്ങുന്നത്. 2027-ലെ ഏകദിന ലോകകപ്പ് മുന്നിൽ നിൽക്കെ ഇവരുടെ മടങ്ങിവരവ് ഏറെ പ്രധാനമാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരെ 48 ഏകദിന മത്സരങ്ങളിൽ നിന്ന് 54.46 എന്ന ശരാശരിയിൽ 2451 റൺസ് കൊഹ്‌ലി നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന അഞ്ച് ഏകദിന മത്സരങ്ങളിൽ 84, 54, 85, 56, 54 എന്നിങ്ങനെയാണ് സ്കോ‌ർ. കഴിഞ്ഞ 18 വർഷത്തിനിടെ, രോഹിത് ശർമ്മ ഇന്ത്യയ്ക്കായി 273 ഏകദിന മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. അതിൽ നിന്ന് ആകെ 11,168 റൺസും 32 സെഞ്ച്വറികളും 58 അർദ്ധസെഞ്ച്വറികളും അദ്ദേഹം നേടിയിട്ടുണ്ട്.

പരിക്കേറ്റ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ, വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് എന്നിവർ ഓസ്ട്രേലിയൻ പര്യടനത്തിന് ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ. ഏഷ്യാ കപ്പിലും രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലും കളിച്ച ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് ജോലിഭാരം കണക്കിലെടുത്ത് ഏകദിനത്തിൽ വിശ്രമം അനുവദിച്ചേക്കുമെന്നാണ് വിവരം.

ജസ്പ്രീത് ബുംറയ്ക്കും വിശ്രമം നൽകിയേക്കും. ബുംറയ്ക്ക് വിശ്രമം അനുവദിച്ചാൽ മുഹമ്മദ് സിറാജും മറ്റ് പേസർമാരുമാകും പെർത്തിൽ ബൗളിംഗ് ആക്രമണം നയിക്കുക. ഗില്ലിന് വിശ്രമം നൽകിയാൽ, രോഹിത് ശർമ്മയുടെ ഓപ്പണിംഗ് പങ്കാളികളായി അഭിഷേക് ശർമ്മയെയോ യശസ്വി ജയ്സ്വാളിനെയോ പരിഗണിക്കാൻ സാദ്ധ്യതയുണ്ട്. പരിക്കിൽ നിന്ന് മോചിതനാവുകയാണെങ്കിൽ നിതീഷ് കുമാർ റെഡ്ഡി ഹാർദിക് പാണ്ഡ്യക്ക് പകരം ടീമിലെത്തിയേക്കാം.

ധ്രുവ് ജുറേലോ സഞ്ജു സാംസണൊ വിക്കറ്റ് കീപ്പർ സ്ഥാനം ഉറപ്പിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ട്വന്റി 20 ലോകകപ്പിനും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഹോം ടെസ്റ്റ് പരമ്പരയ്ക്കും മുൻഗണന നൽകി ഈ വർഷം ആകെ ആറ് ഏകദിന മത്സരങ്ങൾ മാത്രമാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. അതിനാൽ സെലക്ടർമാർ അതീവ ശ്രദ്ധയോടെയായിരിക്കും ടീമിനെ തിരഞ്ഞെടുക്കുക.