arrest

മലപ്പുറം: പ്രായപൂർത്തിയാകാത്ത കുട്ടികളെ ലഹരികടത്താൻ തട്ടിക്കൊണ്ടുപോയ മൂന്ന് യുവാക്കൾ പിടിയിൽ. സംഘത്തിലെ പ്രധാനിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. മലപ്പുറം പെരിന്തൽമണ്ണയിലാണ് സംഭവം. ഒഡീഷയിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്താനാണ് കുട്ടികളെ കടത്തിക്കൊണ്ടുപോയതെന്നാണ് പൊലീസ് പറയുന്നത്. വാഴേങ്കട ബിടാത്തി ചോരമ്പറ്റ മുഹമ്മദ് റാഷിദ് (22), ചെർപ്പുളശേരി സ്വദേശികളായ കാളിയത്ത്പടി വിഷ്ണു (22), കാറൽമണ്ണ പുതുപഴനി അശ്വിൻ (20) എന്നിവരാണ് പിടിയിലായത്. മുഖ്യപ്രതി ഷാനിദിനുവേണ്ടി തിരച്ചിൽ തുടരുകയാണ്. പ്രതികൾക്കെതിരെ വിവിധസ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുണ്ട്.

പണം നൽകാം, ഒഡീഷയിലെ വിവിധ സ്ഥലങ്ങൾ കാണിച്ചുതരാം, സ്വന്തം ഉപയോഗത്തിന് കഞ്ചാവ് നൽകാം തുടങ്ങിയവയായിരുന്നു ലഹരികടത്തുകാരുടെ വാഗ്ദാനം. സെപ്തംബർ 13നും 23നും ഇടയിലാണ് ഇവർ കുട്ടികളെ കൊണ്ടുപോയത്. ഇവരുടെ പിടിയിലകപ്പെട്ട ഒരു പതിനാറുകാരനാണ് സംഘത്തെക്കുറിച്ച് പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേർ പിടിയായത്. ഇവരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ ചില വസ്തുക്കളും രേഖകളും കണ്ടെത്തിയെന്ന് റിപ്പോർട്ടുണ്ട്.

കടത്തിക്കൊണ്ടുപോയ വിദ്യാർത്ഥികൾക്ക് പട്ടാമ്പിയിലെ വീട്ടിലും ഒഡീഷയിലുംവച്ച് കഞ്ചാവ് നൽകിയതായും പൊലീസ് അറിയിച്ചു. സംഘം കൂടുതൽപേരെ തട്ടിക്കൊണ്ടുപോയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. വൻ ലഹരിമാഫിയയാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് നൽകുന്ന സൂചന. വൻ തോക്കുകൾ പിടിയിലാകാതിരിക്കാനാണ് കുട്ടികളെ സംഘം ഉപയോഗിച്ചതെന്ന് കരുതുന്നതായും പൊലീസ് പറയുന്നു.