ramesh-chennithala

പത്തനംതിട്ട: കേരളചരിത്രത്തിലെ ഏറ്റവും വലിയ തീവെട്ടിക്കൊള്ളയാണ് കഴിഞ്ഞ ഒമ്പതര വ‌ർഷത്തിനിടയിൽ ശബരിമലയിലുണ്ടായതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ക്ഷേത്രവിശ്വാസമില്ലാത്ത ഒരു കൂട്ടം ആളുകൾ കാണിക്ക പോലും അടിച്ചുമാറ്റി അയ്യപ്പഭക്തന്മാരെ ചതിച്ച കഥകളാണ് ഇപ്പോള്‍ പുറത്തു വരുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിൽ കഴിഞ്ഞ ഒമ്പതര വ‌ർഷമായി ദേവസ്വം പ്രസിഡന്റുമാരും ദേവസ്വം മന്ത്രിമാരും ഭക്തി തൊട്ടുതീണ്ടിയിട്ടില്ലാത്തവരോ കപടഭക്തന്മാരോ ആയതുകൊണ്ടാണ് ശബരിമലയിൽ പോലും കാണിക്ക അടിച്ചുമാറ്റുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്. ആചാരലംഘനത്തിന് നേതൃത്വം നൽകിയ ഇവർ വിശ്വാസ സമൂഹത്തെ കബളിപ്പിക്കുകയാണ്. മുച്ചൂടും മോഷ്ടിച്ചു നശിപ്പിക്കുകയാണ് ചെയ്യുന്നത്. പത്രവാർത്തകളിൽ 1999 ല്‍ വിജയ് മല്യ സ്വര്‍ണം പൂശി നല്‍കിയ ദ്വാരപാലക ശില്‍പങ്ങളാണ് ദേവസ്വം രേഖകളില്‍ ചെമ്പാക്കി വീണ്ടും ഉണ്ണികൃഷ്ണന്‍ പോറ്റി എന്ന ബിനാമിക്കു നല്‍കിയത് എന്നാണ്. എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റിക്കു വേണ്ടി സ്വർണം പൂശിയ കമ്പനി പറയുന്നത് ദേവസ്വം ബോര്‍ഡ് ഇളക്കിക്കൊടുത്ത സ്വര്‍ണം പൂശിയ പാളികളല്ല തങ്ങളുടെ അരികില്‍ വന്നതെന്നും വേറെ ചെമ്പുപാളികളിലാണ് സ്വര്‍ണം പൂശിയതെന്നുമാണ്. അങ്ങനെയെങ്കിൽ വിജയ് മല്യ സ്വര്‍ണം പൂശി നല്‍കിയ ദ്വാരപാലക ശില്‍പങ്ങള്‍ ദേവസ്വം രേഖകളില്‍ എങ്ങനെ ചെമ്പായെന്നും ഈ തിരുത്തലിന് പിന്നില്‍ ആരാണെന്നും ചെന്നിത്തല ചോദിച്ചു.

വിജയ് മല്യയുമായുള്ള കരാര്‍ രേഖകള്‍ ദേവസ്വം പുറത്തു വിടാമോ? ഉണ്ണികൃഷ്ണന്‍ പോറ്റി എന്നയാള്‍ വ്യാപകമായി പണം പിരിച്ചതായി അറിയാമോ? ചെന്നിത്തല ചോദിച്ചു. സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പേരില്‍ എന്തുകൊണ്ട് കേസെടുക്കുന്നില്ല, ദേവസ്വം മാനുവലും ഹൈക്കോടതി ഉത്തരവും അനുസരിച്ച് ശബരിമലയില്‍ നിന്ന് സ്വര്‍ണം പൂശാന്‍ ഇവയൊന്നും പുറത്തു കൊണ്ടു പോകാന്‍ പാടില്ലാത്തതാണ്. എന്നിട്ടും ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് എങ്ങനെ അനുമതി ലഭിച്ചു? ആരാണ് അനുമതി നല്‍കിയത്? തുടങ്ങിയ ചോദ്യങ്ങളും ചെന്നിത്തല ഉന്നയിച്ചു.

ശബരിമലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പാണ് ഈ സ‌ർക്കാരിന്റെ സമയത്ത് സംഭവിച്ചത്. ദേവസ്വം മന്ത്രിക്ക് സ്ഥാനത്ത് തുടരാൻ യാതൊരു യോഗ്യതയുമില്ല. അടിയന്തരമായി മന്ത്രി വാസവൻ സ്ഥാനമൊഴിയണം.ദേവസ്വംബോര്‍ഡ് പ്രസിഡന്റ്, മെമ്പര്‍മാര്‍, ഉദ്യോഗസ്ഥന്മാര്‍ എന്നിവരെല്ലാം കുറ്റക്കാരാണ്. അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. സാമ്പത്തിക തട്ടിപ്പ്, മോഷണം തുടങ്ങിയ കുറ്റങ്ങള്‍ ചേര്‍ത്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ഇപ്പോള്‍ നടന്നിട്ടുള്ള കുറ്റകൃത്യങ്ങള്‍ അന്വേഷിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.