ശുഭ്മാൻ ഗിൽ ഇന്ത്യയുടെ ഏകദിന ടീമിൻ്റെയും നായകൻ
രോഹിതും കൊഹ്‌ലിയും ടീമിൽ
ശ്രേയസ് അയ്യർ വൈസ് ക്യാപ്ടൻ
മുംബയ്: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൻ്റെ ക്യാപ്ടനായി ശുഭ്മാൻ ഗില്ലിനെ നിയമിച്ചു. രോഹിത് ശർമ്മയ്ക്ക് പകരക്കാരനായി ടെസ്റ്റിന് പിന്നാലെ ഏകദിനത്തിലും ശുഭ്മാൻ ഗില്ലിന് ബി.സി സി.ഐ നായകസ്ഥാനം കൈമാറിയതോടെ ഇന്ത്യൻ ക്രിക്കൽ ഇനി ഗിൽ യുഗമായിരിക്കുമെന്നാണ് വിലയിരുത്തൽ. 2027 ലെ ഏകദിന ലോകകപ്പ് മുന്നിൽക്കണ്ടാണ് ടീം പ്രഖ്യാപനമെന്നാണ് സെലക്‌ടർമാരുടെ പക്ഷം.
ക്യാപ്‌ടൻ സ്ഥാനം മാറുന്നത് സംബന്ധിച്ച് രോഹിതുമായി ചർച്ച നടത്തിയതിന് ശേഷമാണ് തീരുമാനമെടുത്തതെന്ന് ചീഫ് സെലക്ടർ അജിത് അഗാർക്കർ അറിയിച്ചു. അതേസമയം രോഹിതിനേയും കൊഹ്‌ലിയേയും 15അംഗ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ട്വന്റി-20യിൽ നിന്നും ഏകദിനങ്ങളിൽ നിന്നും നേരത്തേ തന്നെ വിരമിച്ച ഇരുവരും നിലവിൽ ഏകദിനത്തിൽ മാത്രമാണ് കളിക്കുന്നത്. ഇന്ത്യചാമ്പ്യൻമാരായ ചാമ്പ്യൻസ് ട്രോഫിയിലാണ് ഇരുവരും അവസാനമായി ദേശീയ ജേഴ്‌സി അണിഞ്ഞത്. ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യനത്തിലെ 19ന് തുടങ്ങുന്ന ഏകദിന പരമ്പരയോടെ ഇരുവരും രാജ്യാന്തര ക്രിക്കറ്റിൽ നിന്നും പൂർണമായി വിരമിക്കുമോയെന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. ശ്രേയസ് അയ്യരാണ് ഏകദിന ടീമിന്റെ വൈസ് ക്യാപ്ടൻ. മലയാളിതാരം സഞ്ജു സാംസൺ ഏകദിന ടീമിൽ ഇടം നേടിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും പരിഗണിച്ചില്ല. എന്നാൽ ട്വന്റി-20 ടീമിൽ സഞ്ജുവുണ്ട്. കെ.എൽ രാഹുലും ധ്രുവ് ജുറേലുമാണ് വിക്കറ്റ് കീപ്പർമാർ.ബുംറയ്ക്ക് ഏകദിനത്തിൽ വിശ്രമം അനുവദിച്ചു. ട്വന്റി-20യിൽ കളിക്കും. പേസർ മുഹമ്മദ് സിറാജ് ഏകദിന ടീമിൽ തിരിച്ചെത്തി.
ഇന്ത്യയുടെ ഓസീസ് പര്യടനത്തിൽ 3 ഏകദിനങ്ങളും 5 ട്വന്റി-20 മത്സരങ്ങളു
മാണുള്ളത്. ഈമാസം 19,23,25 തീയതികളിലാണ് ഏകദിനം.
ട്വന്റി-20യിൽ സൂര്യ തന്നെ
സൂര്യകുമാർ യാദവ് നയിക്കുന്ന ട്വന്റി-20 ടീമിൽ നിതീഷ് കുമാർ റെഡ്ഡി തിരിച്ചെത്തി.
ഓസ്ട്രേലിയൻ പര്യടനത്തിനുള്ല ഇന്ത്യൻ ടീം
ഏകദിനം: ഗിൽ (ക്യാപ്‌ടൻ), രോഹിത്, വിരാട്, ശ്രേയസ് (വൈസ് ക്യാപ്‌ടൻ), അക്ഷർ , കെ.എൽ. രാഹുൽ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർമാർ), നിതീഷ് , സുന്ദർ, കുൽദീപ്, ഹർഷിത് റാണ, സിറാജ്, അർഷ്ദീപ്, പ്രസിദ്ധ് യശസ്വി.
ട്വന്റി-20– സൂര്യകുമാർ (ക്യാപ്ടൻ), അഭിഷേക് ശർമ, ശുഭ്മൻ ഗിൽ (വൈസ് ക്യാപ്ടൻ), തിലക് , നിതീഷ്, ശിവം ദുബെ, അക്ഷർ പട്ടേൽ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), വരുൺ, ബുംറ, അർഷ്ദീപ്, കുൽദീപ്, ഹർഷിത്, സഞ്ജു (വിക്കറ്റ് കീപ്പർ), റിങ്കു, സുന്ദർ.